
മരണമണി മുഴക്കി എം.ഡി.എം.എ
കോഴിക്കോട്: എം.ഡി.എം.എ ഉൾപ്പെടെ രാസലഹരിയിൽ രമിക്കുന്ന യുവാക്കളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതായി എക്സെെസ് ഉദ്യോഗസ്ഥർ. ലഹരിയടിമകളായ യുവാക്കളുടെ ഹരമായി മാറിയ എം.ഡി.എം.എ അതീവ അപകടകാരിയാണ്. ശരീരത്തിൽ പ്രവേശിച്ചാൽ അര മണിക്കൂറിനകം പ്രവർത്തിച്ചു തുടങ്ങും. ലഹരി മണിക്കൂറുകൾ നീണ്ടുനിൽക്കും. ഏതാനും വർഷം കഴിയുമ്പോൾ മരണമണി മുഴങ്ങും.
മാരക ലഹരിമരുന്നായ കൊക്കെയിന്റെ വകഭേദമാണിതെന്ന് എക്സെെസ് ഉദ്യോഗസ്ഥർ പറയുന്നു. രക്തത്തിൽ നേരിട്ട് കലരുകയാണെങ്കിൽ അതിവേഗം മരിക്കും. മസ്തിഷ്കത്തിലെ സെറാടോണിനെയാണ് എം.ഡി.എം.എ ബാധിക്കുന്നത്. ഇതുമൂലമാണ് പ്രധാനമായും മരണമുണ്ടാകുന്നതും. സോഡിയത്തിന്റെ അളവും വളരെയധികം കുറയും. തുടർച്ചയായി ഉപയോഗിക്കുന്നവരിൽ ഹൃദയാഘാത മരണവും ആത്മഹത്യയും കൂടുതലെന്നാണ് പഠനങ്ങൾ പറയുന്നത്. സ്ട്രോക്കിനും സാദ്ധ്യതയുണ്ട്. ബി.പിയും കൂടും. ലഹരിമരുന്ന് ഉപയോഗം നിറുത്തിയാലും പ്രശ്നം തീരില്ല. ഡിപ്രഷനും മാനസികാവസ്ഥ പരസ്പര വിരുദ്ധമാകുന്ന ബെെ പോളാർ ഡിസോർഡറുമുണ്ടാകുന്നു. ശരീരത്തിലെ താപനിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിൽ നിർജ്ജലീകരണവുമുണ്ടാകും. മണമില്ലാത്തതിനാൽ വീട്ടുകാർ പോലും വെെകിയാണ് അറിയുക.
ലഹരിക്കെതിരെ പദ്ധതി
മയക്കുമരുന്ന് ഉപയോഗിക്കുന്ന സുഹൃത്തുക്കളിലൂടെയാണ് വിദ്യാർത്ഥികൾ ഉൾപ്പെടെ ഇതിന് അടിമയാകുന്നത്. സ്കൂൾ പരിസരങ്ങളിലും ലഹരിമാഫിയ വല വിരിക്കുകയാണ്. വിദേശരാജ്യങ്ങളിലേക്കും നീളുന്ന വൻ റാക്കറ്റാണ് പിന്നിൽ. ആദ്യം സൗജന്യമായി ഉപയോഗിക്കാൻ കൊടുത്താണ് കുട്ടികളെ കുരുക്കിലകപ്പെടുത്തുന്നത്. പിന്നീട് പണം ചോദിക്കും. വീട്ടിൽ ഇതേച്ചൊല്ലിയുണ്ടാകുന്ന പ്രശ്നങ്ങൾ കൊലപാതകത്തിൽ വരെ കലാശിക്കാറുണ്ട്. സ്കൂൾ പരിസരത്തെ ലഹരി വ്യാപനത്തിനെതിരെ അടുത്ത അദ്ധ്യയന വർഷം വ്യാപക പ്രചാരണ പരിപാടികൾ നടത്താനുള്ള നീക്കത്തിലാണ് സർക്കാർ. തദ്ദേശസ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും അദ്ധ്യാപകരുടെയും നേതൃത്വം വഹിക്കും.
" എം.ഡി.എം.എയുടെ എത്ര അളവ് ഒരാളുടെ മരണകാരണമാകുമെന്ന് പറയാനാകില്ല. ഉപയോഗിക്കുന്നയാളിൻ്റെ ശാരീരികാവസ്ഥയ്ക്ക് അനുസരിച്ചിരിക്കുമിത് "
ഡോ. എൽ.ആർ. മധുജൻ, സെെക്യാട്രിസ്റ്റ്
" ലഹരി ഉപയോഗവും കടത്തും തടയാൻ നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ഓപ്പറേഷൻ ഡീ ഹണ്ടും ശക്തമാണ്."
ബോസ് ജേക്കബ്, നാർക്കോട്ടിക് എ.സി.പി, കോഴിക്കോട് സിറ്റി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |