സ്കൂൾ സൊസെെറ്റികളിലേക്ക് വിതരണം തുടങ്ങി
കോഴിക്കോട്: അടുത്ത അദ്ധ്യയനവർഷം ആരംഭിക്കും മുമ്പെ പാഠ പുസ്തകങ്ങൾ കുട്ടികളുടെ കെെകളിലെത്തും. ജില്ലയിലെ സ്കൂളുകളിൽ വിതരണം ചെയ്യാനുള്ള പാഠപുസ്‌തകങ്ങൾ ജില്ലാ ഡിപ്പോയിൽ എത്തിത്തുടങ്ങി. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതൽ 10 വരെ ക്ലാസുകളിലേക്കുള്ള പാഠപുസ്തക വിതരണമാണ് നടക്കുക. ക്ലാസുകൾ തുടങ്ങും മുമ്പ് സ്‌കൂളുകളിൽ പുസ്തകവിതരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യാനായി കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി അച്ചടിച്ച പത്തേ കാൽ ലക്ഷം പുസ്തകങ്ങളാണ് ജില്ലാ കേന്ദ്രമായ വെള്ളിമാട് കുന്ന് എൻ.ജി.ഒ ക്വാട്ടേഴ്സ് സ്കൂളിൽ എത്തിയത്. ഇവിടെ നിന്ന് ജില്ലയിലെ 333 സൊസൈറ്റികളിലേക്ക് പാഠപുസ്തകങ്ങൾ എത്തിക്കുന്ന നടപടി പുരോഗമിക്കുകയാണ്. കുടുംബശ്രീ പ്രവർത്തകർ മുഖേനയാണ് പുസ്തകങ്ങൾ എത്തിക്കുന്നത്. പുസ്തകങ്ങൾ തരം തിരിക്കാനും കയറ്റി അയക്കാനുമായി 24 കുടുംബശ്രീ പ്രവർത്തകരാണുള്ളത്. ഡിപ്പോയിൽ എത്തിയ പുസ്‌തകങ്ങൾ തരംതിരിച്ച് കെട്ടാക്കി ഓരോ സ്‌കൂളിന്റെയും പേരെഴുതിയ ലേബൽ പതിച്ചാണ് കയറ്റി അയക്കുന്നത്. ജില്ലയിൽ ആകെ 6494380 ലക്ഷം പുസ്തകങ്ങളാണ് രണ്ട് ഘട്ടങ്ങളിലായി വിതരണം ചെയ്യുക.
വിതരണം പൂർത്തിയായത്
നാലര ലക്ഷം പുസ്തകങ്ങൾ
സിലബസിൽ മാറ്റം വരാത്ത ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ നാലര ലക്ഷം പാഠപുസ്തകങ്ങൾ 180 സൊസെറ്റികളിലെത്തിച്ചു കഴിഞ്ഞു. ആദ്യഘട്ട വിതരണം മാർച്ച് അവസാന വാരത്തോടെ പൂർത്തിയാക്കും. സിലബസ് മാറി പുതിയ പുസ്തകങ്ങളായി പരിഷ്‌കരിച്ച രണ്ട്, നാല്,ആറ്, എട്ട്,പത്ത് ക്ലാസുകളിലെ പുസ്‌തകങ്ങളുടെ അച്ചടി അവസാനഘട്ടത്തിലാണ്. ഇവ അടുത്ത ആഴ്ചക്കുള്ളിൽ എത്തുന്നതോടെ വിതരണം ആരംഭിക്കും. രണ്ടാം ഘട്ട വിതരണം ഓണപരീക്ഷ സമയത്ത് നടക്കും. മാർച്ച്, ഏപ്രിൽ മാസങ്ങളിലായി എല്ലാ പുസ്‌തകവും ജില്ലാ ഡിപ്പോയിലെത്തും.
ആകെ വിതരണം ചെയ്യുന്ന പുസ്തകങ്ങൾ - 6494380 ലക്ഷം
ഡിപ്പോയിൽ എത്തിയത്- 1025000
വിതരണം ചെയ്തത്- 4 ലക്ഷം
ആദ്യഘട്ടത്തിൽ -4168803 ലക്ഷം
രണ്ടാം ഘട്ടത്തിൽ- 2325577 ലക്ഷം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |