കോഴിക്കോട്: കല്ലായിപ്പുഴയിലെ ചെളിനീക്കം മഴയ്ക്ക് മുന്നെ തീർക്കാൻ ഇറിഗേഷൻ വകുപ്പിന്റെ ശ്രമം. അൽപ്പം മന്ദഗതിയിലുള്ള പ്രവൃത്തി കൂടുതൽ ഡ്രഡ്ജറുകളെത്തിച്ച് വേഗത്തിലാക്കാനാണ് നീക്കം. രണ്ട് ബാർജുകൾ എത്തിച്ചിട്ടുണ്ടെങ്കിലും ഡ്രഡ്ജർ ഒന്നേയുള്ളൂ. കൂടുതൽ ഡ്രഡ്ജറുകളുണ്ടെങ്കിലേ ചെളിനീക്കം വേഗത്തിലാകൂ. ഇല്ലെങ്കിൽ മാസങ്ങളെടുത്തേക്കും. മഴയ്ക്കു മുന്നെ മുഴുവനും നീക്കാനാകുമെന്നാണ് ഇറിഗേഷൻ അധികൃതർ പറയുന്നത്.
പ്രവൃത്തി ഒരാഴ്ച പിന്നിട്ടപ്പോൾ ആറ് ലോഡ് ചെളി കടലിൽ തള്ളി. 3.29 ലക്ഷം ക്യൂബിക് മീറ്റർ ചെളി മാറ്റാനാണ് കരാർ. 2.2 മീറ്റർ ആഴത്തിലാണ് ചെളി നീക്കുന്നത്.
അഴിമുഖത്തായതിനാൽ കനത്ത തിര ചെളിയെടുക്കലിന് ബുദ്ധിമുട്ടാകുന്നുണ്ട്. തിരയിൽ ഡ്രഡ്ജറും ബാർജും കൂട്ടിയിടിച്ച് ദ്വാരമുണ്ടായതിനാൽ രണ്ട് ദിവസം ചെളിനീക്കൽ നിറുത്തേണ്ടിവന്നിരുന്നു. അഴിമുഖത്ത് തിരയുടെ ശക്തി കൂടുതലാണ്. അഴിമുഖം കഴിഞ്ഞ് പുഴയിലേക്ക് നീങ്ങുമ്പോൾ തിരയില്ലാത്തതിനാൽ പെട്ടെന്ന് തീർക്കാനാവും. കോഴിക്കോട് കോർപ്പറേഷന്റെ 12.98 കോടി രൂപ ഉപയോഗിച്ചാണ് പ്രവൃത്തി. കോതി അഴിമുഖത്താണ് ചെളിയെടുക്കൽ തുടങ്ങിയത്. ഡ്രഡ്ജറിൽ ഹിറ്റാച്ചി ഉപയോഗിച്ച് കോരിയെടുക്കുന്ന ചെളിയും മാലിന്യങ്ങളും ബാർജറിൽ കയറ്റി കടലിൽ അഞ്ച് കിലോമീറ്റർ ദൂരത്തിലാണ് തള്ളുന്നത്.
ബാർജറിന്റെ സുഗമമായ യാത്രയ്ക്ക് വേലിയേറ്റമാണ് നല്ലത്. അതിനാൽ വേലിയേറ്റ സമയം പരിഗണിച്ചാണ് ചെളിനീക്കം. നിലവിൽ വലിയ ബാർജ്, എസ്കവേറ്റർ, മണ്ണുമാന്തി യന്ത്രം തുടങ്ങിയവ ഉപയോഗിച്ചാണ് പ്രവൃത്തി. കോതി അഴിമുഖത്തുനിന്ന് മാങ്കാവ് കടുപ്പിനിവരെ നാലര കിലോമീറ്റർ ദൂരത്തിലെ ചെളിയും മാലിന്യങ്ങളും നീക്കിയാൽ കോഴിക്കോട് നഗരത്തിലെയും താഴ്ന്ന പ്രദേശങ്ങളിലെയും മഴക്കാല വെള്ളപ്പൊക്കത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |