കോഴിക്കോട്: ജില്ലയിലെ അനധികൃത ട്യൂഷൻ സെന്ററുകൾ അടച്ചുപൂട്ടാനൊരുങ്ങി ജില്ലാ ശിശു സംരക്ഷണ സമിതി. ജില്ലാ കളക്ടർ അദ്ധ്യക്ഷനായ ജില്ലാ ശിശു സംരക്ഷണ സമിതി യോഗത്തിലാണ് തീരുമാനം. പഞ്ചായത്ത് രാജ് ചട്ടമനുസരിച്ച് ട്യൂഷൻ കേന്ദ്രങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. എന്നാൽ ജില്ലയിൽ പല ട്യൂഷൻ കേന്ദ്രങ്ങളും രജിസ്‌ട്രേഷൻ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ടെറസിന് മുകളിൽ ആസ്ബസ്റ്റോസ് മേൽക്കൂര കെട്ടി അനുമതിയുമില്ലാതെയാണ് പല ട്യൂഷൻ കേന്ദ്രങ്ങളുടെയും പ്രവർത്തനം. ഇത്തരം സ്ഥാപനങ്ങൾ ഉടൻ അടച്ചുപൂട്ടണമെന്നും അല്ലെങ്കിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കുമെന്നും യോഗം നിർദ്ദേശിച്ചു. ട്യൂഷൻ കേന്ദ്രങ്ങളിൽ ഡിജെ പാർട്ടി പോലെ വലിയ ആഘോഷ പരിപാടി നടത്തുകയാണെങ്കിൽ അക്കാര്യം അതത് പോലീസ് സ്റ്റേഷനിലോ ഗ്രാമപഞ്ചായത്തിലോ അറിയിക്കണം. വാർഡ് തല ശിശുസംരക്ഷണ കമ്മിറ്റികൾ സജീവമാക്കാനും കുട്ടികളുടെ ദൗർബല്യം പഠിക്കാനും യോഗം തീരുമാനിച്ചു. സ്‌കൂൾ ജാഗ്രത സമിതികൾ യോഗം വിളിച്ച് കുട്ടികൾ ഉൾപ്പെടുന്ന ലഹരി, അക്രമ വിഷയങ്ങൾ ചർച്ച ചെയ്യണം. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, സ്വകാര്യ ഭേദമന്യേ എല്ലാ സ്‌കൂളുകളിലും കൗൺസിലർമാരെ നിർബന്ധമായും നിയമിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
ചെെൽഡ് ഹെൽപ് ലെെൻ നമ്പർ പ്രദർശിപ്പിക്കണം
കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ 1098 എന്ന ചൈൽഡ് ലൈൻ നമ്പർ വഴി അധികൃതരെ അറിയിക്കാം. ഇതിനായി ചൈൽഡ്‌ലൈൻ നമ്പറും ഏതൊക്കെ വിഷയങ്ങളിൽ ചൈൽഡ്‌ലൈനിൽ വിളിക്കാമെന്നും അറിയിച്ചുള്ള വലിയ ബോർഡ് ജില്ലയിലെ എല്ലാ സർക്കാർ, എയിഡഡ്, അൺ എയിഡഡ്, സ്വകാര്യ സ്‌കൂളുകളിലും അംഗീകൃത ട്യൂഷൻ കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കണം. 1098 ചൈൽഡ് ലൈൻ ബോർഡ് പ്രദർശിപ്പിക്കാത്ത സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകരുടെ പേരിൽ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ യോഗത്തിൽ വ്യക്തമാക്കി. കെ ഷൈനി, പി അബ്ദുൾനാസർ, സബീന ബീഗം, സി.മനോജ് കുമാർ, ഡോ. സച്ചിൻ ബാബു, അബ്ദുൽ നാസർ യു കെ, എ.കെ അബ്ദുൽ ഹക്കീം, ഡിവൈ.എസ്.പി കെ. സുഷീർ, എക്‌സൈസ് തദ്ദേശ സ്വയംഭരണ, തൊഴിൽ വകുപ്പ് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |