പെരുവയൽ: ആശാ പ്രവര്‍ത്തകര്‍ക്ക് മാസത്തില്‍ 2000 രൂപ അധിക വേതനം നല്‍കുന്നതിന് പദ്ധതി പ്രഖ്യാപിച്ച് പെരുവയല്‍ ഗ്രാമപഞ്ചായത്ത് ബഡ്‌ജറ്റ്. പഞ്ചായത്തിലെ 25 ആശ വര്‍ക്കര്‍മാര്‍ക്ക് വേണ്ടി പദ്ധതി തയ്യാറാക്കുന്നതിന് സര്‍ക്കാറിന്‍റെ പ്രത്യേക അനുമതി തേടും. അനുമതി ലഭിച്ചാല്‍ ഉടന്‍ നടപ്പാക്കുമെന്നും വൈസ് പ്രസിഡന്റ് ബഡ്‌ജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. സര്‍ക്കാറാണ് വേതനം വര്‍ദ്ധിപ്പിക്കേണ്ടത്. പഞ്ചായത്തിന് ഫണ്ടിന്‍റെ പരിമിതിയുണ്ട്. എങ്കിലും ആശ പ്രവര്‍ത്തകരുടെ ന്യായമായ ആവശ്യം സര്‍ക്കാറുകള്‍ പരിഗണിക്കുന്നത് വരെ ആശ്വാസ പദ്ധതിയായി നടപ്പാക്കുന്നതിനുള്ള അനുമതിയാണ് തേടുകയെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് സുബിത തോട്ടാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.
ലഹരിക്കെതിരെ ബദല്‍ ലഹരി എന്ന ആശയമാണ് ബഡ്‌ജറ്റ് മുന്നോട്ട് വെക്കുന്നത്. ഇതിനായി അവധിക്കാലത്ത് എല്ലാ വാര്‍ഡിലും ഉല്ലാസക്കൂട്ടങ്ങള്‍, വിദ്യാലയങ്ങളില്‍ തിയറ്റര്‍ ക്യാമ്പ്, അയല്‍ സഭകളില്‍ സ്ഥിരം കളിമുറ്റങ്ങള്‍, സാംസ്കാരിക സദസ്സുകള്‍ എന്നിവ ഒരുക്കും. ലഹരിക്കും മാലിന്യത്തിനുമെതിരെ സ്വകാര്യ- പൊതു സിസിടിവി ക്യാമറകളെ ഏകോപിപ്പിച്ച് പൊലീസുമായി ചേര്‍ന്ന് മൂന്നാം കണ്ണ് പദ്ധതി നടപ്പാക്കും. പ്രവാസികള്‍ക്ക് സംരംഭം ആരംഭിക്കുന്നതിന് ധനസഹായം,ഗ്രൂപ്പ് സംരംഭകര്‍ക്ക് വര്‍ക്ക് ഷെഡ്,പട്ടികജാതി വിഭാഗത്തിന് വിദേശ തൊഴിലിന് ധനസഹായം, നഗറുകളില്‍ പഠന വീടുകള്‍, മുഴുവന്‍ നഗറുകള്‍ക്കും പുതിയ പേര്, വനിതകള്‍ക്ക് സംരംഭത്തിന് ഇരുചക്ര വാഹനം, ഓട്ടോറിക്ഷ, സ്റ്റിച്ചിംഗ് യൂണിറ്റ്, ഫിറ്റ്നസ് സെന്‍റര്‍,കളരിപ്പയറ്റ് പരിശീലനം, കുറ്റിക്കാട്ടൂര്‍ ഹെല്‍ത്ത് സബ് സെന്‍ററിന് കെട്ടിടം,രണ്ടാം പാലിയേറ്റീവ് യൂണിറ്റിന് സ്ഥിരം വാഹനം എന്നിവ നടപ്പാക്കും. ലൈഫ് ലിസ്റ്റിലെ മുഴുവന്‍ പേര്‍ക്കും ഭൂമിയും വീടും എന്നിങ്ങനെ നിരവധി പദ്ധതികളാണ് ബഡ്‌ജറ്റിലുള്ളത്. 48,44,54,046 രൂപ വരവും 46,91,33,459 ചെലവും 1,53,20,587 ബാക്കിയുമുള്ള ബഡ്‌ജറ്റാണ് അവതരിപ്പിച്ചത്. അംഗങ്ങളായ പി.സുഹറ, അനീഷ് പാലാട്ട്, ഷാഹിന സലാം, എ.പി.റീന, പി.എം. ബാബു, എം.പ്രസീത് കുമാര്‍, ഉനൈസ് അരീക്കല്‍, വിനോദ് എളവന, കെ.ടി മിനി, എം.കെ സുഹറാബി , രാജേഷ് കണ്ടങ്ങൂർ, എം.പി സലീം,സുസ്മിതാ വിത്താരത്തെ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |