കോഴിക്കോട്: തലശ്ശേരിക്കടുത്ത് ന്യൂമാഹിയിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന കരിമ്പിൽ കൃഷ്ണന്റെയും ദമയന്തിയുടെയും നാലാമത്തെ മകളായാണ് അഹല്യ ജനിച്ചത്. കോഴിക്കോട്ടെ പ്രമുഖ ക്രിമിനൽ അഭിഭാഷകനായിരുന്ന രത്‌നസിംഗിന്റെ ക്ലർക്കായിരുന്ന വെള്ളയിൽ നാലുകുടിപറമ്പ് ശങ്കരന്റെ ഭാര്യയായി കോഴിക്കോട്ടെത്തിയതോടെയാണ് ജീവിതം മാറി മറിഞ്ഞത്. ജനസംഘ യോഗങ്ങളിൽ പങ്കെടുത്തും മറ്റു സ്ത്രീകളെ സംഘടിപ്പിക്കുകയും ചെയ്താണ് അഹല്ല്യാശങ്കർ രാഷ്‌ട്രീയജീവിതത്തിന് ഹരിശ്രീ കുറിച്ചത്. 1973ൽ കോഴിക്കോട് കോർപ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജനസംഘം സ്ഥാനാർത്ഥിയായി. 1975 ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന ഉപദേശവുമായി പലരുമെത്തി. എന്നാൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് കുരുക്ഷേത്ര ലഘുലേഖകൾ വിതരണം ചെയ്യുന്ന ജോലിയും അവർ സന്തോഷപൂർവം ഏറ്റെടുത്തു.
1980ൽ മുംബൈയിൽ നടന്ന ബി.ജെ.പി രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള പ്രതിനിധികളിൽ ഒരാൾ അഹല്ല്യാ ശങ്കറായിരുന്നു. ബി.ജെ.പി സംസ്ഥാന കമ്മിറ്റിയിൽ എത്തിയ രണ്ടാമത്തെ വനിതയും അഹല്യാ ശങ്കറാണ്. മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം, ദേശീയ നിർവാഹക സമിതി അംഗം എന്നീ ചുമതലകളും വഹിച്ചു. 1982, 1987 ലെയും നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ നിന്ന് മത്സരിച്ചു.
പ്രചരണത്തിനായി ദേശീയ നേതാക്കളുടെ നീണ്ടനിര തന്നെ കോഴിക്കോട്ടെത്തി. ഫറോക്കിൽ വാജ്‌പേയിയും കടലുണ്ടിയിൽ അദ്വാനിയും വെങ്കയ്യനായിഡുവും പൊതുയോഗത്തിൽ പങ്കെടുത്തു. 1989, 1991 വർഷങ്ങളിൽ മഞ്ചേരിയിൽ നിന്നും 1997ൽ പൊന്നാനിയിൽ നിന്നും പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചു. 1996 ൽ കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ചു. 2000 ത്തിൽ കോഴിക്കോട് കോർപ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പോടെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ നിന്നും പിൻവാങ്ങിയെങ്കിലും സംഘടനാപ്രവർത്തനത്തിൽ സജീവമായിരുന്നു.
1991ൽ തിരുവനന്തപുരം മുതൽ കാസർഗോഡുവരെ മഹിളാമോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ യാത്ര അഹല്യ ശങ്കറുടെ രാഷ്‌ട്രീയ ജീവിതത്തിൽ മറക്കാനാവാത്ത ഏടാണ്. ശാരീരികമായ ബുദ്ധിമുട്ടുകൾ കാരണം സജീവരാഷ്‌ട്രീയ പ്രവർത്തനത്തില്ലായിരുന്നെങ്കിലും ബി.ജെ.പിയുടെ കോഴിക്കോട്ടെയും പരിസരപ്രദേശങ്ങളിലെയും രാഷ്‌ട്രീയവേദികളിൽ അവസാന കാലം വരെ അഹല്ല്യാശങ്കറുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |