SignIn
Kerala Kaumudi Online
Saturday, 24 October 2026 6.02 AM IST

അറവ് മാലിന്യ സംസ്‌കരണത്തിൽ പ്രതിസന്ധി ; സംസ്കരണ പ്ലാന്റുകൾ അടച്ചു

hytgfr

കോഴിക്കോട്: ജില്ലയിലെ അറവ് മാലിന്യ സംസ്കരണത്തിൽ പ്രതിസന്ധി സൃഷ്ടിച്ച് മാലിന്യ പ്ലാന്റുകളുടെ പണിമുടക്ക്. നിരന്തരമായ കുറ്റപ്പെടുത്തലുകൾക്ക് പുറമെ സ്ഥാപനത്തിലെ ജീവനക്കാരെ കയ്യേറ്റം ചെയ്യുന്ന സമീപനത്തിൽ പ്രതിഷേധിച്ചാണ് പ്ലാന്റുകൾ അടച്ചിടുന്നത്. ജില്ലയിലെ വലിയൊരളവ് ഇറച്ചിക്കടകളും അറവ് മാലിന്യസംസ്കരണത്തിനായി ഡി.എൽ.എഫ്.എം.സി അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സംസ്കരണ പ്ലാന്റുകളെയാണ് ആശ്രയിക്കുന്നത്. കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള 38 പ്ലാന്റുകളാണ് സമരത്തിന്റെ ഭാഗമാണ് അടച്ചിടുന്നത്. അറവ് മാലിന്യസംസ്കരണ പ്ലാന്റുകളുടെ സംഘടനയായ റെൻഡറിംങ് ഓണേഴ്സ് അസോസിയേഷൻ ഓഫ് കേരളയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാലിന്യ സംസ്‌കരണത്തിലെ 45 ശതമാനം ചെയ്യുന്ന തങ്ങളെ സാമൂഹ്യ ദ്രോഹികളായി ചിത്രീകരിക്കുന്ന പ്രവണതയാണ് സമൂഹത്തിൽ നിലനിൽക്കുന്നത്. കേരള സർക്കാരിന്റെ മാലിന്യമുക്തകേരളം എന്ന പദ്ധതിയുടെ ഭാഗമാകാൻ ഇറങ്ങിപുറപ്പെട്ട തങ്ങളിന്ന് കടുത്ത മാനസിക, സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അസോസിയേഷൻ പറഞ്ഞു.

മാർച്ച് 21 ന് അസോസിയേഷനിൽ ഉൾപ്പെട്ട നിലമ്പൂരിലെ ബിറ്റോൺ ആഗ്രോ ഫുഡ് സ്ഥാപനത്തിലെ ഏഴോളം വാഹനങ്ങൾ ബലമായി തടഞ്ഞു വെച്ച് തൊഴിലാളികളെ മർദ്ദിച്ചിരുന്നു. ഇതിൽ പൊലീസിൽ പരാതി നൽകിയെങ്കിലും തത്ക്കാലം സ്ഥാപനം പൂട്ടിയിടുക എന്ന മറുപടിയാണ് ലഭിച്ചതെന്നും മറ്റ് മാർഗങ്ങൾ ഇല്ലാത്തിനാലാണ് ഇന്നലെ മുതൽ പ്ലാന്റുകൾ അടച്ചിടുന്നതെന്നും അസോസിയേഷൻ പറഞ്ഞു. കോഴിക്കോടും അരീക്കോടും സമാന സംഭവങ്ങളുണ്ടായി.

ജില്ലയിൽ ഒരു ദിവസത്തെ അറവുമാലിന്യം - 40 ടൺ

കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ദിനംപ്രതി ശരാശരി 250 ടൺ അറവു മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ മാത്രം ദിനം പ്രതി 40 മുതൽ 50 ടൺ വരെയാണ് ഇതിന്റെ അളവ്. പൊലീസിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകുന്നവരെ സമരം തുടരുമെന്നാണ് സ്ഥാപനഉടമകൾ പറയുന്നത്. ഇത്രയും നാൾ അറവുമാലിന്യങ്ങൾ എന്ത് ചെയ്യുമെന്നറിയാതെ ബുദ്ധിമുട്ടിലായിരുക്കുകയാണ് കച്ചവടക്കാരും.

പരിരക്ഷ ഇല്ല

അറവുമാലിന്യങ്ങളുമായി പോകുന്ന വാഹനങ്ങൾ തടയരുതെന്ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിലുള്ള ഡി.എൽ.എഫ്.എം.സി നിർദേശമുണ്ട്. എങ്കിലും ഒരു ഘട്ടത്തിലും പൊലീസോ, ബന്ധപ്പെട്ടവരോ ഇക്കാര്യത്തിൽ വേണ്ടപോലെ ഇടപെടുന്നില്ലെന്നാണ് സ്ഥാപന ഉടമകൾ പറയുന്നത്. കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രം അധികൃതർ ഇതുവരെ എട്ട് പരാതികൾ നൽകിയിട്ടും ഒന്നിൽ മാത്രമാണ് കേസെടുത്തതെന്ന് ഉടമ സുജീഷ് കെ. വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാർത്താസമ്മേളത്തിൽ അസോസിയേഷൻ ഭാരവാഹികളായ കെ.സുജീഷ്, യൂജിൻ ജോൺസൺ, അമർ ഷാറൂഖ്, ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL