കോഴിക്കോട്:ആശുപത്രികളിലെ രക്തബാങ്കുകളിൽ ആവശ്യത്തിന് രക്തമില്ലാതായതോടെ രോഗികൾ നെട്ടോട്ടത്തിൽ. രക്തദാനം ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞതോടെയാണ് ആശുപത്രികളും രോഗികളും കടുത്ത പ്രതിസന്ധിയിലായത്. ചികിത്സ മുടങ്ങാതിരിക്കാൻ നാട്ടിൽ നിന്നടക്കം രക്ത ദാതാക്കളെ കണ്ടെത്തിയ ശേഷം ചികിത്സ തുടങ്ങേണ്ട സ്ഥിതിയാണ്. രക്തദാനത്തിന് പുതുതലമുറയടക്കം വിമുഖത കാണിക്കുന്നതാണ് പ്രതിസന്ധിയ്ക്ക് പ്രധാന കാരണം. ബോധവത്കരണം ഉൾപ്പെടെ കാര്യക്ഷമമാക്കി രക്തദാനം കൂട്ടാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്നുമില്ല. യുവജന സംഘടനകൾ രക്തദാന പരിപാടികളിൽ നിന്ന് പിന്നോട്ടടിച്ചതും പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടി. ഒ നെഗറ്റീവ് രക്തത്തിനാണ് കടുത്ത ക്ഷാമം നേരിടുന്നത്. നേരത്തേ ഓരോ ഗ്രൂപ്പിലും 100 യൂണിറ്റ് വരെ സ്ഥിരമായി രക്തം സ്റ്റോക്കുണ്ടായിരുന്ന മെഡിക്കൽ കോളേജിലും ഓരോ ഗ്രൂപ്പും 50 യൂണിറ്റ് മാത്രമാണ് സ്റ്റോക്കുള്ളത്. ദിവസവും 100ലധികം ദാതാക്കളെത്തിയിരുന്ന ഇവിടെ അമ്പതിൽ താഴെ ആളുകൾ മാത്രമാണ് ഇപ്പോഴെത്തുന്നത്. സന്നദ്ധ സംഘടനകളുടെ ക്യാമ്പുകളിലൂടെയാണ് ആശുപത്രികൾ പ്രധാനമായും രക്തം ശേഖരിക്കുന്നത്. നേരിട്ടെത്തി രക്തം ദാനം ചെയ്യുന്നവരുമുണ്ട്.
ഒരു മാസം 4500 യൂണിറ്റ് രക്തമാണ് മെഡി.കോളേജിൽ ആവശ്യമായി വരുന്നത്. ബാങ്കിൽ സ്റ്റോക്കുണ്ടെങ്കിൽ അത് രോഗിക്ക് ചികിത്സാഘട്ടത്തിൽ നൽകുകയാണ് പതിവ്. തുടർന്ന് രോഗിയുടെ ബന്ധുക്കൾ പകരം ആളെ രക്തം നൽകാനായി ഏർപ്പാടാക്കും. സ്റ്റോക്ക് കുറഞ്ഞതോടെ രക്തദാതാവെത്തിയാൽ മാത്രമേ ചികിത്സ നടക്കൂവെന്ന സ്ഥിതിയാണ്.
'ജീവിതശെെലീ രോഗങ്ങൾക്ക് അടിമപ്പെട്ടവരുടെ എണ്ണം കൂടുന്നതിനാൽ പലർക്കും രക്തം ദാനം ചെയ്യാൻ സാധിക്കുന്നില്ല. മാത്രമല്ല പുതു തല രക്തദാന മേഖലയിലേക്ക് കടന്നു വരുന്നില്ല. നേരത്തേ രക്തം ദാനം ചെയ്യുന്നവർ മാത്രമാണ് ഇപ്പോഴും രക്തം നൽകുന്നത് ''-മനോജ് കുമാർ, ജില്ലാ സെക്രട്ടറി, റെഡ് ഈസ് ബ്ലഡ് കേരള ചാരിറ്റബിൾ
'പുതുതലമുറ മാറിക്കൊണ്ടിരിക്കുകയാണ്. നിരന്തര ലഹരി ഉപയോഗവും മറ്റും കാരണം അവർക്ക്സാമൂഹ്യ പ്രതിബന്ധത ഇല്ലാതായി. രക്തം ദാനം ചെയ്ത് മറ്റുള്ളവരെ രക്ഷിക്കണമെന്ന മനോഭാവമൊന്നുമില്ല. ലഹരി ഉപയോഗിക്കാൻ പണം ലഭിക്കുമെങ്കിൽ അവർ രക്തം ദാനം ചെയ്യാൻ തയ്യാറാകുന്ന അവസ്ഥയിലേക്കാണ് പോകുന്നത്''- ഡോ. പി.എൻ സുരേഷ് കുമാർ, ഡയറക്ടർ ചേതന സെന്റർ ഫോർ ന്യൂറോ സെെക്യാട്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |