SignIn
Kerala Kaumudi Online
Thursday, 22 October 2026 3.30 PM IST

കോഴിക്കോടിന് അതിമധുരം, കലോത്സവത്തിന് ഇന്ന് കൊടിയിറക്കം

kalolsavam-

കോഴിക്കോട്: കോഴിക്കോടിന് കലയുടെ വേറിട്ട രാപ്പകലുകൾ സമ്മാനിച്ച് ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ രണ്ടാമത് സംസ്ഥാന കലോത്സവത്തിന് ഇന്ന് തിരശ്ശീല താഴും. കേരളത്തിന്റെ സ്വന്തം കഥകളിയിലൂടെയാണ് കലോത്സവത്തിന്റെ മത്സര വേദികളുണർന്നത്. ലാസ്യ നർത്തകിമാർ ആടിത്തിമിർത്തപ്പോൾ മറ്റുചിലർ ശ്രുതിമധുരമായി പാടി. സ്കിറ്റുകളും മൂകാഭിനയവുമൊക്കെ പുതിയ വിഷയങ്ങൾ സദസിന് മുന്നിലേക്കിട്ടുകൊടുത്തു. ആനുകാലിക വിഷയങ്ങളിൽ ഭാഷനോക്കാതെ പ്രാസംഗികർ കത്തിക്കയറി. പ്രായത്തിന്റെ അന്തരമില്ലാതെയുള്ള പങ്കാളിത്തംകൊണ്ടും കലോത്സവം ശ്രദ്ധേയമായി. കൊച്ചുമക്കൾക്കൊപ്പം മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയ മുത്തശ്ശൻമാരും മുത്തശ്ശിമാരുമൊക്കെ കലാനഗരിയിലെ വേറിട്ട കാഴ്ചകളായി. ജീവിത സായന്തനത്തിൽ ആദ്യമായി കലാവേദികളിലേക്ക് അവസരം കിട്ടിയവരുടെ മുഖത്തും ചുണ്ടിലും സന്തോഷങ്ങൾ പ്രകടമായിരുന്നു.

കോഴിക്കോടിന്റെ മധുരത്തിനൊപ്പം കലയുടെ അതിമധുരം ചേർത്തുവച്ച കലോത്സവം ഇന്ന് മൂന്നാം നാളിലേക്ക് കടക്കുകയാണ്. രാവിലെ 9 ന് വേദികൾ വീണ്ടുമുണരും. വൈകിട്ട് 4ന് സമാപന സമ്മേളനം നടനും സംവിധായകനുമായ മധുപാൽ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ ഡോ.വി.പി.ജഗതീരാജ് അദ്ധ്യക്ഷത വഹിക്കും. ജനറൽ കൺവീനറും സിൻഡിക്കേറ്റ് മെമ്പറുമായ ഡോ.സി.ഉദയകല, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഡോ.പി.കെ.ദിനേശ്, ഓപ്പൺ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.ആർ.ഐ.ബിജു, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.പി.പി.അജയകുമാർ, ജി.സുഗുണൻ, ഡോ.റെനി സെബാസ്റ്റ്യൻ, ഫിനാൻസ് ഓഫീസർ ടി.ബിജുമോൻ, വി.പി.രാജീവ്, പി.അമൻ എന്നിവർ പ്രസംഗിക്കും. 18 മുതൽ 83 വയസുവരെയുള്ള കലാപ്രതിഭകൾ പങ്കെടുത്ത കലോത്സവം അതിജീവിതത്തിന് മുതൽക്കൂട്ടാണെന്ന് ഉറപ്പിച്ചുകൊണ്ടാണ് തിരശ്ശീല താഴ്ത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL