SignIn
Kerala Kaumudi Online
Thursday, 22 October 2026 2.32 PM IST

ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം ഭീതിയുടെ മണിക്കൂറുകൾ

hrtyf
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി സി ബ്ലോക്കിൽ തീപിടിച്ചത് അണക്കാനെത്തിയ ഫയർഫോഴ്‌സ്‌

കോഴിക്കോട്: 'ചായ കുടിക്കാനായി ഇറങ്ങാൻ തുടങ്ങുമ്പോഴാണ് വലിയ പെട്ടിത്തെറി ശബ്ദം കേട്ടത്. പെട്ടന്ന് പുറത്തേക്കിറങ്ങി നോക്കിയപ്പോൾ ആശുപത്രിയിലെ മുകൾനിലയിൽ നിന്ന് തീ ആളിക്കത്തുന്നു. കറുത്ത പുക പരിസരത്താകെ വ്യാപിച്ചു. ഒരു നിമിഷം സ്തംഭിച്ചു പോയി. ഓടിക്കൂടിയ ആളുകൾ തീ അണക്കാൻ തുടങ്ങി' രക്തം ദാനം ചെയ്യാനെത്തിയ ജുനെെദ് ആശ്വാസത്തോടെ പറഞ്ഞു നിർത്തി. ആശുപത്രിയിലെ ഒൻപതാം നിലയിൽ തീ പടർന്നത് പിടിക്കുന്നത് നേരിൽ കണ്ടയാളാണ് ജുനെെദ്. ആളിക്കത്തുന്ന തീക്കൊപ്പം കറുത്ത പുകയും പരിസരമാകെ മൂടിയത് ആശങ്കയിലാക്കി. ആശുപത്രിയിലെ ഫയർ സിസ്റ്റം ഉപയോഗിച്ചും അഗ്നിശമന സേനയുടെ സമയോചിത ഇടപെടൽമൂലം അര മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും കോടികളുടെ നഷ്ടമാണ് ഉണ്ടായത്. ഫയർഫോഴ്സിന് സുഗമമായി സ്ഥലത്തേക്ക് എത്തുന്നതിനുവേണ്ടി റോഡുകളിൽ ഗതാഗത നിയന്ത്രണം അടക്കം ഏർപ്പെടുത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നത്. തീ മറ്റുഭാഗങ്ങളിലേക്ക് പടരുന്നതു് തടയാൻ കഴിഞ്ഞതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി.

അപകടം രാവിലെ 9.30 തോടെ

രാവിലെ 9.30 തോടെയാണ് ആശുപത്രിയിലെ ഒൻപതാം നിലയിലെ ടെറസിൽ പുതിയ എസി ചില്ലർ പ്ലാന്റ് നിർമ്മിക്കുന്ന ഭാഗത്ത് തീപിടിത്തമുണ്ടായത്. എസി ചില്ലർ സ്ഥാപിക്കുന്നതിന്റെ വെൽഡിംഗ് ജോലിക്കിടെ തീപ്പൊരി തെർമോക്കോളിൽ വീണ് തീ പിടിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. തീയും പുകയും ഉയർന്ന ഉടനെ ആശുപത്രിയിലെ ഫയർ സിസ്റ്റം പ്രവർത്തനമാരംഭിച്ചു. ഉടനെ തന്നെ ബീച്ച്, വെള്ളിമാട് കുന്ന്, മീഞ്ചന്ത അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റുകൾ എത്തി മറ്റു ഭാഗങ്ങളിലേക്ക് തീ പടരുന്ന സാഹചര്യം ഒഴിവാക്കി. ഇതിനിടെ തൊട്ടുതാഴെയുള്ള നിലകളിൽ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്ത രോഗികളെ സുരക്ഷിത ഭാഗങ്ങളിലേക്ക് മാറ്റുകയും ചെയ്തു. സർജറി കഴിഞ്ഞവരടക്കം ഇവിടെയുണ്ടായിരുന്നു. അതേ സമയം അപകടമുണ്ടായ ഭാഗത്ത് രോഗികളുണ്ടാകാതിരുന്നതിനാൽ വൻ അത്യാഹിതം ഒഴിവായി. കെട്ടിടത്തിൽ നിന്നു പുറത്തേക്ക് വൻതോതിൽ പുകയും ഉയർന്നത് ജീവനക്കാർക്കും പുറത്തുനിന്നെത്തിയ ആളുകൾക്കും പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഓപ്പറേഷൻ തിയേറ്ററുകൾ ഇല്ലാത്ത ഭാഗത്താണ് തീപിടിത്തം ഉണ്ടായതെങ്കിലും ഒ.പി. കേന്ദ്രങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന സമയമായതിനാൽ ആശുപത്രിയിൽ തിരക്ക് കൂടുതലായിരുന്നു. ഏകദേശം ഒരു മണിക്കൂറിനുള്ളിൽ തന്നെ തീ നിയന്ത്രണവിധേയമാക്കി. എം.കെ. രാഘവൻ എം.പി, സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ, സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, അഹമ്മദ് ദേവർ കോവിൽ എം.എൽ. സി.പി.എം ജില്ലാ സെക്രട്ടറി എം മെഹബൂബ് തുടങ്ങിയവർ സ്ഥലത്തെത്തി. അപകട കാരണങ്ങളെക്കുറിച്ച് പൊലീസ്, അഗ്നിശമന സേന തുടങ്ങിയവർ അന്വേഷണം ആരംഭിച്ചു.

തീപിടിത്തം ഉടൻ നിയന്ത്രിക്കുവാൻ സാധിച്ചു

കോഴിക്കോട്: ആശുപത്രിയിലെ സി- ബ്ലോക് ടെറസിലെ ചില്ലർ പ്ളാന്റ് ഭാഗത്തുണ്ടായ തീപിടിത്തംനിലവിലുളള അഗ്‌നി സുരക്ഷാ സംവിധാനങ്ങളും അടിയന്തര സാഹചര്യങ്ങളിൽ പ്രതികരിക്കേണ്ട പ്രോട്ടോക്കോളും വഴി ഉടനടി നിയന്ത്രിക്കുവാൻ സാധിച്ചതായി ബേബി മെമ്മോറിയൽ ആശുപത്രി അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു. ആശുപത്രിയുടെ രോഗി പരിചരണത്തിനും ആശുപത്രിയിലെ മറ്റ് സേവനങ്ങൾക്കും ഒരു തടസവും ഉണ്ടായിട്ടില്ല. ആർക്കും ആളപായമോ, പരുക്കുകളോ ഉണ്ടായിട്ടില്ല. എല്ലാ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും സന്ദർശകരും സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL