SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

കൊയിലാണ്ടി നിലനിർത്താൽ എൽ.ഡി.എഫ് മുൻ എം.എൽ.എ കെ ദാസന് സാദ്ധ്യത

dasa
കെ ദാസന്

കൊയിലാണ്ടി: നിയമസഭ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടി മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മുൻ എം.എൽ.എ കെ.ദാസൻ വീണ്ടും മത്സരിക്കാൻ സാദ്ധ്യത.
സി.പി.എം സ്ഥാനാർത്ഥിപട്ടികയിൽ കെ.ദാസന്റെ പേരിനാണ് മുൻതൂക്കം വന്നിരിക്കുന്നത്. ജയസാദ്ധ്യത പരിഗണിച്ചാണ് ദാസനെ വീണ്ടും രംഗത്തിറക്കാൻ സി.പി.എം ആലോചിക്കുന്നത്. രണ്ടു തവണ കൊയിലാണ്ടി എം.എൽ. എയും രണ്ടു തവണ കൊയിലാണ്ടി മുനിസിപ്പൽ ചെയർമാനും ആയിരുന്നു.
മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) സംസ്ഥാന ഭാരവാഹി കൂടിയാണ് കെ.ദാസൻ. കഴിഞ്ഞ തവണ മണ്ഡലത്തിന് പുറത്തുനിന്നുള്ള കാനത്തിൽ ജമീലയെയാണ് സി.പി.എം സ്ഥാനാർത്ഥിയാക്കിയത്. ഇത്തവണയും പുറത്ത് നിന്നുളളവർ സ്ഥാനാർത്ഥിയാകുമെന്നായിരുന്നു തുടക്കത്തിലെ പ്രചാരം. ഡി. വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, സി .പി. എം ജില്ലാ കമ്മിറ്റി അംഗം കെ.കെ.മുഹമ്മദ് എന്നീ പേരുകളായിരുന്നു ഉയർന്നിരുന്നത്. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എൽ.ജി ലിജീഷ്, മുൻ മുനിസിപ്പൽ ചെയർമാൻ കെ.സത്യൻ എന്നിവരുടെ പേരുകളും ചർച്ചയിൽ ഇടംപിടിച്ചിരുന്നു.
എന്നാൽ ഇത്തവണ കടുത്ത മത്സരം പ്രതീക്ഷിക്കുന്ന കൊയിലാണ്ടിയിൽ കെ.ദാസൻ സ്ഥാനാർത്ഥിയാകണമെന്ന ആവശ്യത്തിന് മുൻതൂക്കം ലഭിക്കുകയായിരുന്നു. യു. ഡി .എഫിനും എൽ .ഡി .എഫിനും ഒരു പോലെ സ്വാധീനമുളള മണ്ഡലമാണ് കൊയിലാണ്ടി. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എൻ.സുബ്രഹ്മണ്യനെ 8472 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കാനത്തിൽ ജമീല പരാജയപ്പെടുത്തിയത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യു .ഡി .എഫിന് മേധാവിത്വം നൽകിയ മണ്ഡലമാണ്.
കൊയിലാണ്ടി മണ്ഡലത്തിൽ ഉൾപ്പെടുന്ന ചേമഞ്ചേരി,ചെങ്ങോട്ടുകാവ്,തിക്കോടി പഞ്ചായത്തുകളിൽ ഭരണം നേടാനായതും, മൂടാടിയിൽ ഒപ്പത്തിനൊപ്പമെത്തിയതും കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ മുന്നേറ്റം നടത്താനായതും യു .ഡി .എഫിന് വലിയ തോതിൽ ആത്മ വിശ്വാസം നൽകുന്നു. പയ്യോളി മുനിസിപ്പാലിറ്റി ഭരണവും യു.ഡി.എഫിനാണ്. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ യു .ഡി .എഫ് സ്ഥാനാർത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL