SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.47 AM IST

വയനാടൻ 'ആകാശ ദ്വീപിൽ'കൂടുകൂട്ടി ഹിമാലയൻ ബസാർഡ് !

bird
പക്ഷി സർവെയിൽ കണ്ടെത്തിയ ഏതാനും ചില ഇനങ്ങൾ

സർവേയിൽ കണ്ടെത്തിയത് 156 ഇനം പക്ഷികൾ

കൽപ്പറ്റ: വയനാടൻ ആകാശ ദ്വീപിൽ കൂടുകൂട്ടിയിട്ടുണ്ട് ഹിമാലയൻ ബസാർഡും ബാണാസുര ചിലപ്പനും !. കേരളം ബേർഡ് അറ്റ്ലസിന്റെ ഭാഗമായി വയനാട് സ്‌കൈ ഐലൻഡ് പക്ഷി സർവേയിൽ കണ്ടെത്തിയ 156 ഇനം പക്ഷികളിലാണ് വടക്കേ ഇന്ത്യയിലെ ഹിമാലയ പർവതനിരകളിൽ കാണുന്ന ഹിമാലയൻ ബസാർഡുമുള്ളത്. കേരളത്തിൽ ഇതു രണ്ടാം തവണയാണ് പരുന്ത് വർഗത്തിൽ വരുന്ന ഈ പക്ഷിയുടെ സാന്നിദ്ധ്യം. ലോകത്ത് വയനാട്ടിലെ ആകാശ ദ്വീപുകളിൽ മാത്രം കാണുന്ന ബാണാസുര ചിലപ്പന്റെ സന്തുലിത സാന്നിദ്ധ്യമാണ് ശ്രദ്ധേയം. ഐ.യു.സി.എന്നിന്റെ റെഡ് ഡാറ്റ ബുക്കിൽ അതീവ വംശനാശ ഭീഷണി നേരിടുന്ന പക്ഷിയാണ് ബാണാസുര ചിലപ്പൻ. കാട്ടുകൊക്ക് , മാക്കാച്ചിക്കാട, പുൽക്കുരുവി, കിന്നരി പ്രാപ്പരുന്ത്, മലമുഴക്കി വേഴാമ്പൽ,​ പശ്ചിമഘട്ട മലനിരകളിൽ മാത്രം കാണുന്ന ചെമ്പുവയറൻ ചോലക്കിളി, കരിഞ്ചെമ്പൻ പാറ്റപിടിയൻ , നീലക്കിളി പാറ്റപിടിയൻ, പതുങ്ങൻ ചിലപ്പൻ, മരപ്രാവ് എന്നിവയും കണ്ടെത്താനായി. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ ഡി.എഫ് .ഒ അജിത് കെ രാമൻ, നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ ഡി.എഫ്.ഒ ആർ.സന്തോഷ് കുമാർ, ഹ്യൂംസ് സെന്റർ ഡയറക്ടർ വിഷ്ണുദാസ് സി.കെ., സൗത്ത് വയനാട് ഡിവിഷൻ ബയോളജിസ്റ്റ് സായൂജ് രവി, പക്ഷിനിരീക്ഷകരായ ഡോ. രതീഷ് ആർ.എൽ, അഹ്മദ് സഈദ്, അഹ്മദ് ഒമർ എന്നിവരാണ് സർവേയ്ക്ക് നേതൃത്വം നൽകിയത്.

ആകാശദ്വീപുകൾ

ഒരു പ്രദേശത്തെ തനത് കാലാവസ്ഥയിൽ നിന്ന് വ്യത്യസ്തവും ഭൂമിശാസ്ത്ര പരമായി വേറിട്ട് നിൽക്കുന്നതുമായ ഉയർന്ന പ്രദേശങ്ങളാണ് ആകാശദ്വീപുകൾ എന്നറിയപ്പെടുന്നത്. ക്യാമൽ ഹമ്പ് മലനിരകൾ, ബാണാസുര മലനിരകൾ, കുറിച്യാർ മലനിരകൾ, ബ്രഹ്മഗിരി മലനിരകൾ എന്നിവിടങ്ങളിലാണ് വയനാട്ടിൽ ആകാശ ദ്വീപുകൾ കാണപ്പെടുന്നത്.

വംശനാശ ഭീഷണി

നേരിടുന്നവ- എട്ട്

പശ്ചിമഘട്ടത്തിൽ

മാത്രമുള്ളവ - 20

മുൻ സർവേകളിൽ

വരാത്തവ- 12

സർവേയ്ക്ക് തുടക്കം 2018ൽ

വയനാട് നോർത്ത് ഫോറസ്റ്റ് ഡിവിഷൻ, സൗത്ത് ഫോറസ്റ്റ് ഡിവിഷനും ഹ്യൂംസ് സെന്റർ ഫോർ ഇക്കോളജിയും സംയുക്തമായി കേരളം ബേർഡ് അറ്റ്ലസിന്റെ ഭാഗമായി 2018 മുതലാണ് സർവേ തുടങ്ങിയത്. സമുദ്രനിരപ്പിൽ നിന്ന് 1200 മീറ്ററിനു മുകളിൽ കാണപ്പെടുന്ന ആകാശദ്വീപുകളിലെ വനങ്ങൾ, പുൽമേടുകൾ, ചോലക്കാടുകൾ തുടങ്ങിയ വ്യത്യസ്ത ആവാസ വ്യവസ്ഥകളിലായി 11 ബേസ് ക്യാമ്പുകളിലായാണ് പക്ഷി നിരീക്ഷകരെ വിന്യസിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL