SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

നേട്ടം പറഞ്ഞ് എൽ.ഡി.എഫ്: തിരിച്ചുപിടിക്കാൻ യു.ഡി.എഫ്

thirumbadi
thirumbadi

കോഴിക്കോട്: യു.ഡി.എഫിന് വളക്കൂറുള്ള മണ്ണാണ് തിരുവമ്പാടിയിലേത്. എന്നാൽ 2011ലൊഴികെ രണ്ട് പതിറ്റാണ്ടായി എൽ.ഡി.എഫിനാണ് ജയം. 2006ലാണ് എൽ.ഡി.എഫിന്റെ ആദ്യജയം. നാട്ടുകാരൻ കൂടിയായ മത്തായി ചാക്കോയിലൂടെയാണ് ഇടത് അട്ടിമറി ജയം. മത്തായി ചാക്കോയുടെ മരണത്തെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലും എൽ.ഡി.എഫിലെ ജോർജ്ജ് എം. തോമസ് ജയിച്ചു. എന്നാൽ 2011ൽ ലീഗിലെ സി.മോയിൻകുട്ടി 3,833 വോട്ടിന്റെ ഭൂരിപക്ഷത്തിന് മണ്ഡലം തിരിച്ചുപിടിച്ചു. കഴിഞ്ഞ തവണ സി.പി.എമ്മിലെ ലിന്റോ ജോസഫ് 4,643 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഇടതുമുന്നണി സ്ഥാനാർത്ഥിയായി ലിന്റോ ജോസഫാണ് വീണ്ടും മത്സരിക്കുന്നത്. മുൻ ജില്ലാ പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതിയംഗവുമായ സി.കെ കാസിമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. എൻ.ഡി.എ സ്ഥാനാർത്ഥിയായി ട്വന്റി ട്വന്റിയുടെ സണ്ണി തോമസ് മത്സരിക്കുന്നു. കോഴിക്കോ‌ട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ കള്ളാടി- മേപ്പാടി തുരങ്കപാത നിർമ്മാണമടക്കമുള്ള വികസന പ്രവർത്തനങ്ങൾ തങ്ങൾക്ക് നേട്ടമാകുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ. മണ്ഡലത്തിൽ സജീവമായിരുന്നു ലിന്റോ. ജനങ്ങൾക്കിടയിൽ തനിക്കുള്ള വ്യക്തിബന്ധം ഗുണമാകുമെന്ന് കാസിം കരുതുന്നു. ഭരണവിരുദ്ധവികാരം വോട്ടാക്കി മാറ്റാനുള്ള ശ്രമവും തങ്ങൾ നടത്തുന്നുണ്ടെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നു. എൻ.ഡി.എയുടെ വികസന പ്രവർത്തനങ്ങളിലൂടെ കേരളത്തിനുണ്ടായ നേട്ടവും പുതിയ പദ്ധതികളും ചൂണ്ടിക്കാട്ടിയാണ് സണ്ണി തോമസിന്റെ പ്രചാരണം.

  • മണ്ഡല ചരിത്രം

1977ലാണ് മണ്ഡലം നിലവിൽ വന്നത്. കോൺഗ്രസിലെ പി. സിറിയക് ജോണാണ് ആദ്യ നിയമസഭാംഗം. ഇദ്ദേഹത്തെ തുടർച്ചയായി മൂന്നു തവണ വിജയിപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കുടിയേറ്റ കർഷകരുടെ മണ്ണാണ് തിരുവമ്പാടി. വയനാട്, മലപ്പുറം ജില്ലകളുമായി അതിർത്തി പങ്കിടുന്ന മണ്ഡലമാണ്. മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂർ, കൂടരഞ്ഞി, കോടഞ്ചേരി, പുതുപ്പാടി, തിരുവമ്പാടി പഞ്ചായത്തുകൾ എന്നിവ ഉൾപ്പെടുന്നതാണ് മണ്ഡലം. ജില്ലയിൽ വയനാട് ലോക്സഭ മണ്ഡലത്തിലുൾപ്പെട്ട ഏക മണ്ഡലമാണ് തിരുവമ്പാടിയെന്ന സവിശേഷതയുമുണ്ട്.

ആകെ വോട്ട്....191695

പുരുഷന്മാർ....94809

സ്ത്രീകൾ.....96883

ട്രാൻസ്ജെൻഡർ....3

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL