SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.14 AM IST

വയനാട്ടിൽ പ്രവചനാതീതം

siddique
ടി. സിദ്ധിഖ് യു.ഡി.എഫ്

കൽപ്പറ്റ: വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വയനാട് ജില്ലയിലെ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി മണ്ഡലങ്ങൾ പ്രവചനാതീതം. ദിവസം കഴിയുന്തോറും മത്സരം മുറുകുകയാണ്. മീനച്ചൂടിനെപ്പോലും വകവെക്കാതെ സ്ഥാനാർത്ഥികൾ ഓടുകയാണ്. എണ്ണയിട്ട യന്ത്രം പോലെയാണ് മുന്നണികളുടെ പ്രവർത്തനം. ഇന്നുമുതൽ സംസ്ഥാന ദേശീയ നേതാക്കൾ ചുരംകയറുന്നതോടെ പ്രചാരണം ടോപ്പ് ഗിയറിലാകും. സ്ഥാനാർത്ഥികൾ എത്താത്ത ഇടമില്ല. കാണാത്ത ആളുകളില്ല. പക്ഷേ, ജനമനസ് മാത്രം ആർക്കും പ്രവചിക്കാൻ കഴിയുന്നില്ല. ചരിത്രം നോക്കിയാൽ വയനാട് ജില്ല എന്നും യു.ഡി.എഫിന് വളക്കൂറുളള മണ്ണാണ്. സുൽത്താൻ ബത്തേരി മണ്ഡലത്തിൽ യു.ഡി.എഫിലെ ഐ.സി ബാലകൃഷ്ണൻ തനിക്കെതിരെ ഉയർന്ന ആരാേപണങ്ങളെ ഒട്ടും കൂസാതെ നാലാം അങ്കത്തിന് ഇറങ്ങിയിരിക്കുന്നു. കഴിഞ്ഞ തവണ നേരിട്ട ഇടത് മുന്നണിയിലെ എം.എസ്. വിശ്വനാഥൻ തന്നെയാണ് ഇത്തവയും മുഖ്യ എതിരാളി. എൻ.ഡി.എയ്ക്ക് ബത്തേരി എ ക്ളാസ് മണ്ഡലമാണ്. എ.എസ്. കവിതയാണ് മത്സര രംഗത്ത്.

മുൻ മന്ത്രി പി.കെ.ജയലക്ഷ്മിയെ പരാജയപ്പെടുത്തി രണ്ട് തവണ മാനന്തവാടി സംവരണ മണ്ഡലത്തിൽ വിജയക്കൊടി പാറിച്ച മന്ത്രി ഒ. ആർ.കേളുവിന് വിജയം എളുപ്പമാകുന്നതല്ല കാര്യങ്ങളുടെ പോക്ക്. അത് മനസിലാക്കിയ ഇടതുമുന്നണി കേളുവിന് ഹാട്രിക് വിജയത്തിനായി ഊണും ഉറക്കവും മാറ്റിവെച്ചിരിക്കുകയാണ്. മാനന്തവാടി മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉഷാ വിജയന്റെ വിജയത്തിനായി കോൺഗ്രസുകാരെക്കാൾ സജീവമായി രംഗത്തുളളത് മുസ്ലിംലീഗാണ്. സീറ്റ് നിഷേധിച്ചതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ കാലുവാരിയെന്ന പി.കെ ജയലക്ഷ്മിയുടെ തുറന്ന് പറച്ചിൽ യു.ഡി.എഫ് വലിയ തലവേദന ഉണ്ടാക്കിയിട്ടുണ്ട്. ഉഷാവിജയന് വേണ്ടി സജീവമായി പി.കെ.ജയലക്ഷ്മി പ്രചാരണ രംഗത്തുണ്ട്.

കൽപ്പറ്റ മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ യു.ഡി.എഫിലെ അഡ്വ. ടി.സിദ്ദീഖും എൽ.ഡി.എഫിലെ പി.കെ. അനിൽകുമാറും എൻ.ഡി.എയിലെ പ്രശാന്ത് മലവയലും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. മുണ്ടക്കൈ, ചൂരൽമല ഉരുൾ ദുരിതബാധിതരുടെ പുനരധിവാസം മണ്ഡലത്തിൽ കത്തുകയാണ്. ‌ടൗൺഷിപ്പ് ഉദ്ഘാടനം ചെയ്തിട്ടും കയറിക്കൂടാൻ സൗകര്യം ഒരുക്കാത്തത് യു.ഡി.എഫ് വിഷയമാക്കുന്നു. എന്നാൽ ജനങ്ങളിൽ നിന്ന് കാശ് പിരിച്ചിട്ടും വീട് പണിത് കൊടുക്കാത്ത കോൺഗ്രസിനെ വിമർശിച്ചാണ് എൽ.ഡി.എപ് പ്രചാരണം. കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ കോൺഗ്രസ് വിലക്ക് വാങ്ങിയ ഭൂമിക്കരികെയെത്തി പ്രതീകാത്മകമായി കുടിൽ കെട്ടൽ സമരവും നടത്തി. ഇരു മുന്നണികളെയും വിമർശിച്ച് കൊണ്ടാണ് എൻ.ഡി.എയിലെ പ്രശാന്ത് മലവയലിന്റെ പടയോട്ടം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL