SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.23 AM IST

യാത്രമുടക്കി മരച്ചില്ലകളും കേബിളും കൂടുതൽ സ‌ർവീസുകൾ തുടങ്ങാനാകാതെ ഡബിൾ ഡക്കർ

bus
bus

കോഴിക്കോട്: യാത്രകൾ ഹിറ്റടിച്ച് മുന്നേറുമ്പോഴും കൂടുതൽ സ‌ർവീസുകളും യാത്രാപ്ലാനുകളും തുടങ്ങാനാകാതെ കോഴിക്കോട് ജില്ലയിലെ ആദ്യത്തെ കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ഡബിൾ ഡക്കർ ബസ്. രണ്ടു കോടി രൂപയോളം ചെലവിട്ട ഇലക്ട്രിക്ക് ഡബിൾ ഡക്കർ മാർച്ച് 27 നാണ് സർവീസ് ആരംഭിച്ചത്. എന്നാൽ യാത്ര തുടങ്ങിയ അന്ന് മുതൽ മരച്ചില്ലകൾ യാത്രകൾക്ക് വിലങ്ങുതടിയാണ്. പോകുന്ന വഴിയിലെല്ലാം ഉയരത്തിലുള്ള വൈദ്യുത കേബിൾ, സ്വകാര്യ ഇന്റർനെറ്റ് കേബിളുകൾ, മരച്ചില്ലകൾ എന്നിവ ബസിൽ തട്ടി യാത്രക്കാ‌ർക്ക് അപകടമുണ്ടാക്കുന്നു. ബീച്ച് റോഡ്, വലിയങ്ങാടി, കുറ്റിച്ചിറ, ഭട്ട് റോഡ്, ഗാന്ധി റോഡ് എന്നിവിടങ്ങളിലെല്ലാം ഇവ ഭീഷണിയാണ്. ബസിന്റെ തുറന്നുകിടക്കുന്ന മുകൾഭാഗത്ത് യാത്രക്കാർ എഴുന്നേറ്റ് നിൽക്കുകയോ സെൽഫിയെടുക്കാനും മറ്റും കൈ ഉയർത്തുകയോ ചെയ്യുമ്പോൾ ലൈനിൽ തട്ടി അപകടം ഉണ്ടാകുന്ന സാഹചര്യമുണ്ട്. ഇതുമൂലം മുകളിലത്തെ നിലയിലുള്ളവർക്ക് കുനിഞ്ഞിരുന്ന് യാത്ര ചെയ്യണ്ട സ്ഥിതിയാണ്. മാത്രമല്ല തടസ്സങ്ങൾ നിലനിൽക്കുന്നതിനാൽ പലയിടങ്ങളിലേക്കും യാത്രകൾ പ്ലാൻ ചെയ്യാനും സാധിക്കുന്നില്ല. നിലവിൽ ബസ് പോകുന്ന റൂട്ടുകളിലുള്ള തടസ്സങ്ങൾ ബസ് ജീവനക്കാർ വടികൊണ്ട് ഉയർത്തിയാണ് പരിഹരിക്കുന്നത്.

സർവീസ് ആരംഭിക്കുന്നതിന് മുൻപ് വൈദ്യുത ലൈനുകളും സ്വകാര്യ ഇന്റർനെറ്റ് ലൈനുകളും കൂടുതൽ ഉയരത്തിലേക്ക് (ഏഴ് മീറ്ററിലധികം) മാറ്റി സ്ഥാപിക്കണമെന്ന് ട്രാൻസ്‌പോർട്ട് വകുപ്പ് വൈദ്യുതിവകുപ്പിനും വിവിധ ഫോൺ കമ്പനികൾക്കും കത്ത് നൽകിയിട്ടുണ്ടെങ്കിലും നടപടികളുണ്ടായില്ല. മാത്രമല്ല കെ.എസ്.ഇ.ബി പുതിയ സ‌ർവീസ് ലെെനുകൾ വലിക്കുന്നതും വളരെ താഴ്ന്നിട്ടാണ്. വഴിയോരത്തെ മരച്ചില്ലകൾ വെട്ടാനായി കോർപ്പറേഷൻ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. നേരത്തെ എരഞ്ഞിപ്പാലം ബെെപ്പാസിലെ മരച്ചില്ലകൾ വെട്ടിമാറ്റിയെന്നല്ലാതെ മറ്റിടങ്ങളിൽ അതുപോലെയുണ്ട്.

18 ദിവസം, വരുമാനം 3 ലക്ഷം

18 ദിവസത്തിനുള്ളിൽ 3,60000 രൂപയുടെ കളക്ഷൻ നേടിയിട്ടുണ്ട്, ഡബിൾഡെക്കർ ബസ്. ഒരു ദിവസം ശരാശരി 20000 രൂപ. കെ.എസ്.ആർ.ടി.സി.സി. ബസ് ടെർമിനലിൽനിന്ന് യാത്രയാരംഭിച്ച് അരയിടത്തുപാലം, സരോവരം, എരഞ്ഞിപ്പാലം, നടക്കാവ്, മാനാഞ്ചിറ സ്‌ക്വയർ, പാളയം, ഫ്രാൻസിസ് റോഡ്, സൗത്ത് ബീച്ച് വഴി ഭട്ട് റോഡ് ബീച്ച് വരെ സഞ്ചരിക്കും. അവിടെനിന്ന് ഗാന്ധിറോഡ് മേൽപ്പാലംവഴി ക്രിസ്ത്യൻ കോളേജ് ടെർമിനലിൽ വഴി യാത്ര പുറുപ്പെട്ട സ്ഥലത്ത് തിരിച്ചെത്തും.

''മരച്ചില്ലകളും മറ്ര് കേബിളുകളും കാരണം കൂടുതൽ ഇടങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്യാൻ സാധിക്കുന്നില്ല. മരച്ചില്ലകളെല്ലാം മാറ്റിക്കഴിഞ്ഞാൽ രാവിലേയും സ‌വീസുകൾ ആരംഭിക്കും. മാത്രമല്ല പുതിയ റൂട്ടുകളിലും സ‌വീസ് നടത്തും''

-മനോജ്

ഡബിൾ ഡക്കർ കോർഡിനേറ്റർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL