SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

സു​ര​ക്ഷ​ ​അ​ക​ലെ​;​ ​ കൊലക്കയമായി ​പ​ത​ങ്ക​യം

mungi-marnm-
പതങ്കയം

കോഴിക്കോട്: പ്രകൃതി മനോഹരമായ പതങ്കയത്ത് അപകട മരണം തുടർക്കഥയാകുന്നു. ഇന്നലെ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഒളവണ്ണ കൊളത്തറ സ്വദേശി ഷബീലാണ് (17) ഒടുവിലത്തെ ഇര. പ്രദേശത്ത് വേണ്ടത്ര സുരക്ഷയില്ലെന്ന് ആക്ഷേപമുണ്ട്. ഇതുവരെ 27 ലധികം പേർ ഇവിടെ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. എട്ട് മാസം മുൻപ് പ്ളസ് വൺ വിദ്യാർത്ഥി മഞ്ചേരി വളശ്ശേരി മുഹമ്മദ്‌ അഷ്‌റഫിന്റെ മകൻ അലൻ അഷ്‌റഫ് (16) നീന്താനിറങ്ങിയതിനെ തുടർന്ന് ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു. സുഹൃത്തുക്കളായ അഞ്ച് വിദ്യാർത്ഥികളും ഒപ്പമുണ്ടായിരുന്നു. മറ്റൊരാളും ഒഴുക്കിൽ പെട്ടെങ്കിലും പാറയിൽ പിടികിട്ടിയതിനാൽ രക്ഷപ്പെട്ടു.

പതിഞ്ഞിരിക്കുന്ന കയം

പതിഞ്ഞിരിക്കുന്ന കയങ്ങളുള്ളതുകൊണ്ടാകാം പതങ്കയത്തിന് ആ പേരു വന്നത്. മലവെള്ളം കുത്തിയൊലിച്ചെത്തി പാറയിൽ തട്ടി വെൺനുര ചിതറുമ്പോഴുള്ള ഭംഗി ഒന്നു വേറെ തന്നെ. എന്നാൽ ഇരുവഞ്ഞിപ്പുഴയുടെ ഈ ഭാഗത്ത് ഒളിഞ്ഞിരിക്കുന്ന ചുഴി അധികമാരും അറിയാനിടയില്ല. ഇരുവശത്തെയും വലിയ പാറക്കല്ലുകളിൽ തട്ടിയാണ് ചുഴിക്കുത്തുണ്ടാകുന്നത്. അടിത്തട്ടിലും ഒഴുക്കുണ്ട്. പ്രത്യേകിച്ചും മഴക്കാലത്ത്. കണ്ടാൽ ആഴം തോന്നാത്തതിനാൽ ആരും ഇറങ്ങും. പാറയിലെ വഴുക്കലാണ് മറ്റൊരു കെണി. പാറയിടുക്കുകളുമുണ്ട്. ഇതിൽ കെെകാലുകൾ കുടുങ്ങിയാൽ നീന്തലറിയാവുന്നവർക്കും രക്ഷയുണ്ടാവില്ല. നീന്തൽ അറിയാവുന്നവരാണ് ഇവിടെ മരിച്ചവരിലധികവും. രണ്ടുവർഷം മുമ്പ് ഒഴുക്കിൽ പെട്ട ഓമശ്ശേരി മലയമ്മ സ്വദേശിയുടെ മൃതദേഹം കിട്ടിയത് പതിനെട്ടാം ദിവസമാണ്. പാറയുള്ളതിനാൽ സ്കൂബ ടീമിനു പോലും തെരച്ചിൽ ദുഷ്കരമാണ്. സ്ഥലപരിചയമുള്ള പ്രദേശവാസികളുടെ സഹായം ആവശ്യമാണ്.

പുഴയിലെത്താൻ ഊടുവഴികൾ

2025 മേയിൽ യോഗം ചേർന്ന് കോടഞ്ചേരി പഞ്ചായത്ത് സുരക്ഷയൊരുക്കാൻ തീരുമാനിച്ചിരുന്നു. നിലവിലുള്ള അപകട സൂചന ബോർഡ് പുറത്തു നിന്നെത്തുന്നവർ ഗൗനിക്കാറില്ല. പുഴയിലെത്താൻ ഊടുവഴിയുണ്ട്. കുളിർമയുള്ള കാലാവസ്ഥയും പുഴയുടെ സാന്നിദ്ധ്യവും പച്ചപ്പും ആസ്വദിക്കാനാണ് സാഹസികത ഇഷ്ടപ്പെടുന്ന യുവാക്കൾ ഉൾപ്പെടെ എത്തുന്നത്. പതങ്കയത്തെ അപകടത്തെ പറ്റി പ്രദേശവാസികൾക്കറിയാം. പുറത്തു നിന്നെത്തുന്നവർ ഇത് അറിയാറില്ല.

പതങ്കയം ടൂറിസം കേന്ദ്രം താത്കാലികമായി അടയ്ക്കും

കോടഞ്ചേരി: നെല്ലിപ്പൊയില്‍ നാരങ്ങാത്തോട് പതങ്കയം ടൂറിസം കേന്ദ്രം താത്കാലികമായി അടച്ചിടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ പറഞ്ഞു. പുഴയില്‍ കുളിക്കാനിറങ്ങിയ ഒളവണ്ണ കൊളത്തറ സ്വദേശി ഷെബീല്‍ നാസർ മരിച്ച സാഹചര്യത്തിലാണിത്. പ്രസിഡന്റടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു. പതങ്കയം ടൂറിസം കേന്ദ്രത്തില്‍ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുന്നതുവരെ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ജോബി ഇലന്തൂര്‍, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ വിന്‍സന്റ് വടക്കേമുറിയില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശിവദാസന്‍ താഴെ പാലാട്ട്, വിത്സണ്‍ തറപ്പേല്‍ പ്രദേശവാസികളായ ബിജു ഓത്തിക്കല്‍, റഫീഖ് ആനക്കാംപൊയില്‍, വിപിന്‍ പുതുപ്പറമ്പില്‍, സെബാസ്റ്റ്യന്‍ കണ്ടത്തില്‍, ഗീതാ ശിവദാസന്‍ തുടങ്ങിയവർ തെരച്ചിലിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL