കോഴിക്കോട്: റെയിൽവേ സ്റ്റേഷനിലെ നൂറ്റാണ്ടിലധികം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണതിനെ തുടർന്ന് ട്രെയിനുകൾ വൈകിയോടിയതിൽ വലഞ്ഞ് യാത്രക്കാർ. രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിനോട് ചേർന്നുള്ള ക്ലോക്ക് ടവറിന്റെ മേൽക്കൂര ഉൾപ്പെടുന്ന വലിയ ഭാഗമാണ് പ്ലാറ്റ്ഫോമിനും ട്രാക്കിനുമിടയിൽ ഇന്നലെ രാവിലെ 11.15ഓടെ നിലംപൊത്തിയത്. സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം. ക്ലോക്ക് ടവർ നെടുകെ പിളർന്ന് താഴേക്ക് വീഴുകയായിരുന്നു. രണ്ടാം പ്ലാറ്റ്ഫോമിൽ ഈ സമയം ഉച്ചയ്ക്ക് 2.05ന് പുറപ്പെടേണ്ട കോഴിക്കോട് - കണ്ണൂർ പാസഞ്ചർ നിറുത്തിയിട്ടിരുന്നെങ്കിലും യാത്രക്കാരില്ലാതിരുന്നത് ആശ്വാസമായി. ട്രെയിനിൻ്റെ വശങ്ങളിലേക്കാണ് കെട്ടിടഭാഗങ്ങൾ പതിച്ചത്. അപകടത്തെ തുടർന്ന് ഒന്ന്, രണ്ട്, മൂന്ന് പ്ളാറ്റ്‌ഫോമികളിലെ വൈദ്യുതി ഓഫ് ചെയ്തതിനാൽ ട്രെയിൻ ഗതാഗതം നാലാമത്തെ പ്ളാറ്റ്‌ഫോമിലൂടെ മാത്രമാക്കി. കോഴിക്കോട് നിന്ന് ഇന്നലെ ഉച്ചയ്ക്ക് 1.45ന് പുറപ്പെടേണ്ട തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് 1.50ന് കല്ലായി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പുറപ്പെട്ടത്. ബംഗളൂരു-യശ്വന്ത്പൂർ എക്സ്പ്രസ് വെസ്റ്റ്ഹില്ലിൽ യാത്ര അവസാനിപ്പിച്ച്, അവിടെ നിന്നുതന്നെ പുറപ്പെട്ടു.
അപകടമറിയാതെത്തി, കുടുങ്ങി
ക്ലോക്ക് ടവർ വീണ് അപകടമുണ്ടായത് പലരും സ്റ്റേഷനിലെത്തിയപ്പോഴാണ് അറിഞ്ഞത്. ട്രെയിൻ ഗതാഗതം തടസപ്പെട്ടതോടെ നൂറുകണക്കിന് യാത്രക്കാരാണ് സ്റ്റേഷനിലും സമീപ സ്റ്റേഷനുകളിലും മണിക്കൂറുകളോളം കുടുങ്ങിയത്. ദീർഘദൂര യാത്രക്കാർ ഉൾപ്പെടെയുള്ളവർ ആശയക്കുഴപ്പത്തിലായി. പ്രായമായവരും സ്ത്രീകളും ചെറിയ കുട്ടികളുമായി എത്തിയവരും രോഗികളുമാണ് ഏറെ ദുരിതത്തിലായത്. കല്ലായി, വെസ്റ്റ്ഹിൽ തുടങ്ങിയ സമീപ സ്റ്റേഷനുകളിലേക്ക് യാത്ര തുടരേണ്ടി വന്നത് പലർക്കും വിനയായി. കെ.എസ്.ആർ.ടി.സി പ്രത്യേക ബസ് സർവീസ് ഏർപ്പെടുത്തിയെങ്കിലും നല്ല തിരക്കായിരുന്നു. ക്ലോക്ക് ടവറിന് വിള്ളലുണ്ടെന്നും തകർന്നുവീഴാനിടയുണ്ടെന്നുമുള്ള മുന്നറിയിപ്പ് നേരത്തെ ലഭിച്ചിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. 130 വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിൻ്റെ ബലക്ഷയം മുൻകൂട്ടി കണ്ട് ആവശ്യമായ മുൻകരുതലുകൾ എടുക്കാതെയാണ് ഇത്തരം ജോലികൾ ചെയ്‌തതെന്ന വിമർശനവുമുയർന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ബി.ജെ.പി നിവേദനം നൽകി. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് കല്ലായി റെയിൽവെ സ്റ്റേഷനിൽ ഹെൽപ്പ് ഡസ്ക് തുടങ്ങി.
"സംഭവം അതീവ ഗൗരവമുള്ളതാണ്. സുരക്ഷാ വീഴ്ച അന്വേഷിക്കണം. സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ അടിയന്തര സുരക്ഷാ ഓഡിറ്റ് നടത്തണം." പി.എ. മുഹമ്മദ് റിയാസ്.എം.എൽ.എ
"ഗുരുതര സുരക്ഷ വീഴ്ചയാണിത്. പൈലിംഗ് തുടങ്ങുന്നതിന് മുൻപ് പഴയ കെട്ടിടങ്ങൾ സുരക്ഷിതമാക്കുകയോ പൊളിച്ചുനീക്കുകയോ ചെയ്യേണ്ടതായിരുന്നു." കെ.ജയന്ത് എം.എൽ.എ
"ആളപായമില്ലാത്തത് ആശ്വാസം ,ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മുഴുവൻ സസ്പെൻഡ് ചെയ്യണം" അഡ്വ. ഫൈസൽ ബാബു എം.എൽ.എ
'അടിയന്തരമായി ഉന്നതതല അന്വേഷണം വേണം' എം.കെ. രാഘവൻ എം.പി
റെയിൽവെ സ്റ്റേഷൻ നവീകരണം
വേഗത്തിലാക്കണമെന്ന് വ്യാപാരികൾ
കോഴിക്കോട്: റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവർത്തനം ദ്രൂതഗതിയിലാക്കാൻ റെയിൽവെ സമഗ്രമായ ഇടപെടൽ നടത്തണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി എന്നോ പൊളിച്ചു മാറ്റേണ്ട ക്ലോക്ക് ടവറാണ് ഇപ്പോൾ തകർന്നു വീണത്. അധികൃതർ മുൻകരുതലെടുത്തതു കൊണ്ടു മാത്രമാണ് ആളപായം ഒഴിവായതെന്ന് ജില്ല പ്രസിഡന്റ് സൂര്യ ഗഫൂർ, സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ എന്നിവർ പറഞ്ഞു. 2024 ജൂണിൽ മൂന്നു വർഷത്തെ കാലാവധി നിശ്ചയിച്ച് ആരംഭിച്ച പ്രവൃത്തി ഇപ്പോഴും കാൽ ഭാഗം പോലും പൂർത്തിയായിട്ടില്ല. കരാർ കമ്പനി നാമമാത്രമായ തൊഴിലാളികളെ വച്ചാണ് പ്രവർത്തിക്കുന്നത്. അറ്റകുറ്റപ്പണികൾക്കായി പൊളിച്ചിട്ടതിനാൽ റെയിൽവെ സ്റ്റേഷനിൽ വാഹനങ്ങൾക്ക് മതിയായ പാർക്കിംഗ് ഇല്ല. മുൻവശത്തെ റോഡാവട്ടെ ഗതാഗത കുരുക്കിലുമാണ്. മഴ പെയ്തതോടെ വെള്ളക്കെട്ടും രൂക്ഷമാണെന്നും പറഞ്ഞു.
ക്ളോക്ക് ടവർ തകർന്നതിൽ സുരക്ഷ വീഴ്ചയെന്ന്
കോഴിക്കോട്: റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ ഇടിഞ്ഞു വീണ സംഭവത്തിൽ ഗുരുതരമായ സുരക്ഷ വീഴ്ചയുണ്ടെന്ന് കാലിക്കറ്റ് ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു. സ്റ്റേഷനിലെ പഴക്കമേറിയ കെട്ടിടങ്ങളുടെയും മറ്റ് നിർമ്മിതികളുടെയും സുരക്ഷയെക്കുറിച്ച് സമഗ്രമായ പരിശോധനയും അടിയന്തര നടപടിയും വേണം. പതിനായിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇത്തരം അപകട സാദ്ധ്യതകളെ അവഗണിക്കാനാവില്ല. സ്റ്റേഷനിലെ അപകടാവസ്ഥയിലുള്ള പഴയ കെട്ടിടങ്ങളും നിർമ്മിതികളും അടിയന്തരമായി പൊളിച്ചുമാറ്റി, ആധുനിക സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുള്ള പുതിയ നിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |