SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.40 AM IST

പാളയം മാർക്കറ്റ് മാറ്റുന്നതിലെഅനിശ്ചിതത്വം: ചർച്ചയ്ക്ക് വിളിച്ച് കോർപ്പറേഷൻ

palayam
palayam

കോഴിക്കോട്: ഓണം കഴിഞ്ഞാൽ പാളയം പച്ചക്കറി മാർക്കറ്റിലെ കച്ചവടക്കാരെ കല്ലുത്താൻകടവിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് കോഴിക്കോട് കോർപ്പറേഷൻ. ഇതിനായി 29ന് തൊഴിലാളികളും കച്ചവടക്കാരുമായി ചർച്ച നടത്താൻ കോർപ്പറേഷൻ തീരുമാനിച്ചെങ്കിലും ഇന്നലെ രാവിലെ വരെ ഇക്കാര്യം വ്യാപാരികളെ അറിയിച്ചിട്ടില്ല. ഇതോടെ ചർച്ച നടക്കുമോ എന്നുപോലും ഉറപ്പില്ല. അതിനിടെ കല്ലുത്താൻകടവ് മാർക്കറ്റിലെ പ്രധാനപ്പെട്ട കടകൾ പാളയം മാർക്കറ്റിലേതല്ലാത്ത വ്യാപാരികൾക്ക് നേരത്തേ നൽകിയെന്നാണ് വിവരം. ഇതിന് കരാർ കമ്പനി വാടകയ്ക്ക് പുറമെ വൻതുക കെെപ്പറ്റിയതായും ആക്ഷേപമുണ്ട്. പാളയം മാർക്കറ്റിലെ മറ്റ് വ്യാപാരികളെ പുതിയ മാർക്കറ്റിലേക്ക് മാറ്റാൻ കോർപ്പറേഷനു മേൽ ഇവരുടെ സമ്മർദ്ദവുമുണ്ട്. പാളയത്തെ വ്യാപാരികൾ മാറാതിരിക്കാനുളള ഒരു കാരണം പ്രധാന കടമുറികളെല്ലാം പുറത്തുനിന്നുള്ള വ്യാപാരികൾക്ക് നൽകിയതാണ്. മുൻ കൗൺസിലിന്റെ കാലത്ത് പാളയം പച്ചക്കറി മാർക്കറ്റിലെ വ്യാപാരികൾ കല്ലുത്താൻ കടവിലേക്ക് മാറുമ്പോഴുള്ള തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന്മേൽ യാതൊരു നടപടിയുമുണ്ടായില്ല. നിർദ്ദേശങ്ങളൊന്നും വെളിച്ചം കണ്ടതുമില്ല.

പാളയത്തു നിന്ന് തങ്ങൾ മാറില്ലെന്നാണ് ഇവിടത്തെ വ്യാപാരികൾ പറയുന്നത്. മാറ്റാനുള്ള കോർപ്പറേഷൻ നീക്കത്തിനെതിരെ ഇവർ സമരത്തിലുമാണ്. അതോടെ നൂറുകോടി ചെലവിൽ കല്ലുത്താൻകടവിൽ നിർമ്മിച്ച പുതിയ മാർക്കറ്റ് നോക്കുകുത്തിയായി.

മാർക്കറ്റിലെ മുകളിലത്തെ നിലയിലുള്ള കടമുറികളെടുക്കാൻ വ്യാപാരികൾ തയ്യാറല്ല. ഇവിടേയ്ക്ക് ആളുകൾ കയറി വരില്ലെന്നാണ് അവർ പറയുന്നത്.

ആസൂത്രണത്തിലും പിഴവ്

വ്യാപാരികളുടെ ആവശ്യമറിഞ്ഞ് പുതിയ മാർക്കറ്റ് നിർമ്മിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ഇക്കാര്യത്തിൽ ആസൂത്രണത്തിലും പിഴവുണ്ടായത്രേ. മറ്റൊരു സ്ഥലത്ത് സൗകര്യമേർപ്പെടുത്താമെന്ന് കോർപ്പറേഷൻ പറഞ്ഞെങ്കിലും വ്യാപാരികൾ അത് സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ മാർച്ച് മുതൽ പാളയത്തെ വ്യാപാരികളിൽ നിന്ന് കോർപ്പറേഷൻ വാടക സ്വീകരിക്കുന്നുമില്ല. കോർപ്പറേഷനിലെത്തി വാടക അടക്കാറായിരുന്നു പതിവ്. സ്വീകരിക്കാതായപ്പോൾ സെക്രട്ടറിയുടെ പേരിൽ ചെക്ക് അയച്ചെങ്കിലും കൗൺസിൽ തീരുമാനിക്കാതെ സ്വീകരിക്കില്ലെന്ന് അറിയിച്ചു.

വ്യാപാരികളുടെ ആവശ്യം

  1. പാളയം മാർക്കറ്റ് നിലനിറുത്തുക
  2. ലെെസൻസ് പുതുക്കി നൽകുക
  3. കൃത്യമായി വാടക സ്വീകരിക്കുക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL