കൽപ്പറ്റ: ഓണവിപണി ലക്ഷ്യമിട്ട് വൈത്തിരി സി.ഡി.എസ് ജെ.എൽ.ജി ഗ്രൂപ്പ് ഇറക്കിയ ചെണ്ടുമല്ലി കൃഷി പ്രതിസന്ധിയിൽ. അനയ ജെ.എൽ.ജിയുടെ നേതൃത്വത്തിൽ ഷജ്ന, ആമിന, ഹാജറ, ധന്യ എന്നിവർ ചേർന്ന് പൊഴുതന പഞ്ചായത്തിലെ ശ്രീപുരത്താണ് 90,000 രൂപ മുടക്കി ചെണ്ടുമല്ലി കൃഷിയിറക്കിയത്. നൂറുമേനി വിളവ് ലഭിച്ചെങ്കിലും പൂ വിരിയാൻ വൈകിയത് തിരിച്ചടിയായി. തൈ നട്ടതിന് പിന്നാലെ പെയ്ത തുടർച്ചയായ മഴ വളർച്ചയെ ബാധിച്ചു. ഓണം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടശേഷമാണ് നിറയെ പൂക്കൾ വിരിഞ്ഞത്. വിപണി കഴിഞ്ഞതോടെ മഞ്ഞയും ഓറഞ്ചും നിറത്തിൽ വിരിഞ്ഞുനിൽക്കുന്ന പൂക്കൾക്ക് ആവശ്യക്കാരില്ലാതായി.
കർഷകരുടെ നഷ്ടംനേരിൽ കാണാൻ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി രാജൻ, പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് നാസർ ഖാദിരി എന്നിവരുടെ നേതൃത്വത്തിൽ ഇരു പഞ്ചായത്തുകളിലെയും ഭരണസമിതിയംഗങ്ങൾ കൃഷിയിടം സന്ദർശിച്ചു. വിളവെടുപ്പ് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |