കൽപ്പറ്റ: അഞ്ച് പതിറ്റാണ്ടുകാലമായി നീതിക്കുവേണ്ടി പോരാട്ടത്തിലുള്ള കാഞ്ഞിരത്തിനാൽ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിർണായക ചർച്ച ഇന്ന് നടക്കും. വയനാട് ജില്ലയിലെത്തുന്ന വനം മന്ത്രി ഷിബു ബേബി ജോൺ കുടുംബവുമായി ഇന്ന് ചർച്ച നടത്തും. രാവിലെ 10 മണിക്ക് കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ ജില്ലാകളക്ടർ വി.ചെൽസ സിനി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. പ്രശ്നപരിഹാരത്തിനായി സംസ്ഥാനതലത്തിൽ ഉന്നതതല ഉദ്യോഗസ്ഥ സമിതി രൂപീകരിക്കാനാണ് സർക്കാർ ആലോചനയെന്ന് കൃഷി മന്ത്രിയും കൽപ്പറ്റ എംഎൽഎയുമായ ടി.സിദ്ദിഖ് അറിയിച്ചു.
തൊണ്ടർനാട് പഞ്ചായത്തിൽ കാഞ്ഞിരങ്ങാട് വില്ലേജിൽ വിലകൊടുത്ത് വാങ്ങിയ 12 ഏക്കർ ഭൂമി വനംവകുപ്പ് അന്യായമായി പിടിച്ചെടുത്തതിനെതിരെ അഞ്ച് പതിറ്റാണ്ടായി കുടുംബം പോരാട്ടം നടത്തുകയാണ്. കാഞ്ഞിരത്തിനാൽ ജോർജും സഹോദരനുമായിരുന്നു ഭൂമിയുടെ അവകാശികൾ.
നിയമപോരാട്ടങ്ങൾക്കും സമരങ്ങൾക്കുമിടെ ജോർജും ഭാര്യയും മരിച്ചു. തുടർന്ന് കുടുംബം വീണ്ടും സമരം ആരംഭിച്ചു. 2015 ഓഗസ്റ്റ് 15 മുതൽ വയനാട് കളക്ടറേറ്റിന് മുന്നിൽ കാഞ്ഞിരത്തിനാൽ ജോർജിന്റെ മരുമകൻ ജെയിംസിന്റെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം നടത്തിവരികയാണ്. സമരം ഇന്നത്തേക്ക് 4055 ദിവസം പിന്നിട്ടു. മുൻ കളക്ടർ ഡി.ആർ. മേഘശ്രീ രണ്ടുതവണ കുടുംബത്തിന് അനുകൂലമായി സംസ്ഥാന സർക്കാരിലേക്ക് റിപ്പോർട്ട് നൽകിയിരുന്നു. കഴിഞ്ഞ മാസം മന്ത്രി ടി.സിദ്ദിഖ് സമരപ്പന്തൽ സന്ദർശിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വനം മന്ത്രിയുടെ ഇടപെടൽ.
വർഷങ്ങൾക്കുശേഷം ആദ്യമായാണ് ഒരു വനം മന്ത്രി നേരിട്ട് കുടുംബവുമായി ചർച്ച നടത്തുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഒന്നാം സർക്കാരിന്റെ അവസാനകാലത്ത് പ്രശ്നപരിഹാരത്തിന് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാലത്തും പ്രത്യേക പാക്കേജ് അവതരിപ്പിച്ചെങ്കിലും പ്രശ്നപരിഹാരമായിരുന്നില്ല. തെറ്റായ വിജ്ഞാപനം റദ്ദ് ചെയ്ത തങ്ങളുടെ ഭൂമി തിരികെ ലഭിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം . വനംമന്ത്രി നേരിട്ട് ചർച്ചയ്ക്ക് എത്തുന്നത് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് കാഞ്ഞിരത്തിനാൽ കുടുംബം പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |