
കോഴിക്കോട്: പെരുവണ്ണാമൂഴി മുതുകാട്ടിൽ വിഭാവനം ചെയ്ത കേരളത്തിലെ ആദ്യത്തെ കടുവ സഫാരി പാർക്ക് പദ്ധതി അനിശ്ചിതത്വത്തിൽ. 290 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി രണ്ടുഘട്ടങ്ങളിലായി നടപ്പാക്കാനാണ് സർക്കാരും വനംകുപ്പും ലക്ഷ്യമിട്ടത്. ഒന്നാംഘട്ടത്തിന് കഴിഞ്ഞ സർക്കാർ അഞ്ചുകോടി രൂപ അനുവദിച്ചിരുന്നെങ്കിലും പുതിയ സർക്കാർ ബഡ്ജറ്റിൽ 25 ലക്ഷമായി വെട്ടിക്കുറച്ചു. ഒന്നാംഘട്ടം പൂർത്തിയാക്കാൻ 13.64 കോടി രൂപ വേണ്ടിടത്താണ് ഫണ്ട് വെട്ടിക്കുറച്ചത്. ആവശ്യമായ ഫണ്ട് ലഭ്യമാകാത്തത് പദ്ധതി നടത്തിപ്പിനെ ബാധിക്കും. ഒന്നാംഘട്ട പ്രവർത്തനങ്ങൾക്കുള്ള ഡി.പി.ആർ തയ്യാറായെങ്കിലും നിർമാണം എപ്പോൾ ആരംഭിക്കാനാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായുളള ജയ്ൻ ആൻഡ് അസോസിയേറ്റ്സ് കൺസൾട്ടൻസിയാണ് പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ വിശദ പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചത്.
നാല് ഹെക്ടറിൽ ഒന്നാംഘട്ടം
പേരാമ്പ്ര പ്ലാന്റേഷൻ കോർപ്പറേഷനിൽനിന്ന് വനംവകുപ്പ് ഏറ്റെടുത്ത 120 ഹെക്ടർ എസ്റ്റേറ്റ് ഭൂമിയിലെ നാല് ഹെക്ടറിലാണ് ഒന്നാംഘട്ട നിർമാണം നടത്താൻ ഉദ്ദേശിച്ചത്. പ്രവേശന കവാടം, വാഹന പാർക്കിംഗ്, ടിക്കറ്റ് കൗണ്ടർ, ഇൻഫർമേഷൻ സെന്റർ, ഇന്റർപ്രട്ടേഷൻ സെന്റർ, ബയോ റിസോഴ്സ് പാർക്ക്, കഫ്റ്റീരിയ, ശുചിമുറി, ഓഫീസ്, താമസസൗകര്യങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ ഒരുക്കുന്നത്. കവാടത്തിൽ നിന്ന് 6 കിലോമീറ്റർ മാറിയിട്ടാണ് 120 ഹെക്ടറിൽ കടുവ സഫാരി പാർക്ക് സ്ഥാപിക്കുക. ഒന്നാംഘട്ട ഡി.പി.ആറിന് ഹൈപവർ കമ്മിറ്റി അംഗീകാരം നൽകുകയും തുടർന്ന് സർക്കാർ ഭരണാനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഫണ്ടില്ലാത്തതിനാൽ രണ്ടാംഘട്ടത്തിന്റെ ഡി.പി.ആർ തയ്യാറാക്കുന്ന നടപടികളും അനിശ്ചിതത്വത്തിലാണ്.
തുടക്കം 2023ൽ
2023ൽ പ്രഖ്യാപിച്ച ടൈഗർ സഫാരി പാർക്കാണ് ബയോളജിക്കൽ പാർക്കെന്ന പേരിൽ നടപ്പിലാക്കുന്നത്. 120 ഹെക്ടർ ഭൂമി വേലി കെട്ടിത്തിരിച്ച് കടുവകളെ തുറന്നുവിട്ട് കവചിത വാഹനത്തിൽ ടൂറിസ്റ്റുകൾക്ക് സഫാരി നടത്താനാണ് പദ്ധതി. 2024 ൽ ടൈഗർ സഫാരി പാർക്കിനായി സ്പെഷ്യൽ ഓഫീസറെ നിയോഗിക്കുകയും കരട് മാസ്റ്റർ പ്ലാൻ സ്പെഷ്യൽ ഓഫീസർ തയ്യാറാക്കി സമർപ്പിക്കുകയും ചെയ്തു. പദ്ധതിക്കായി കണ്ടെത്തിയ രണ്ട് സ്ഥലങ്ങളിൽ ആനകളും മറ്റു വന്യജീവികളും പെരുവണ്ണാമുഴി റിസർവോയറിലേക്കെത്താൻ ഉപയോഗിക്കുന്ന സഞ്ചാരപാതകളുണ്ട്. ഇവർക്ക് തടസം സൃഷ്ടിക്കാതെയാണ് പദ്ധതി നടപ്പിലാക്കുക.
''ഫണ്ടില്ലാത്തതിനാൽ പദ്ധതി ഇപ്പോൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്. കൂടുതൽ തുക അനുവദിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്''-
അഞ്ചൽ കുമാർ,
ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (നോർത്തേൺ സർക്കിൾ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |