കോഴിക്കോട്: ട്രാക്കിലെ ആവേശത്തിനൊപ്പം വിവാദങ്ങൾ ഒഴിയാത്ത ഏഴ് ദിനങ്ങൾ. 68-ാമത് സംസ്ഥാന സ്കൂൾ കായികമേള അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ സ്വർണക്കപ്പ് ആര് കൊണ്ടുപോകുമെന്ന ആകാംക്ഷയിലാണ് കായികകേരളം. ഭക്ഷണത്തിൽ പുഴുവിനെ കണ്ടെന്ന പരാതി ഉൾപ്പെടെയുള്ള വിവാദങ്ങൾ മേളയുടെ നിറം കെടുത്തിയെങ്കിലും മത്സരവേദികളിൽ പോരാട്ട വീര്യത്തിന് കുറവുണ്ടായില്ല. ഇനി ഒരു ദിനം മാത്രം ശേഷിക്കെ പോയിന്റ് പട്ടികയിൽ തിരുവനന്തപുരമാണ് മുന്നിൽ. തൃശൂർ രണ്ടാമതും കണ്ണൂർ മൂന്നാമതും. സ്വന്തം മണ്ണിൽ കോഴിക്കോട് അഞ്ചാം സ്ഥാനത്താണ്. അവസാന ദിനത്തിലെ മത്സരങ്ങൾക്കുശേഷം കിരീട ജേതാക്കളെ അറിയാം. എൻ.ഐ.ടിയിലെ മേജർ ധ്യാൻചന്ദ് സ്പോർട്സ് കോംപ്ലക്സിൽ ഇന്ന് വിവിധ വിഭാഗങ്ങളിലായി അത്‌ലറ്റിക്സ് മത്സരങ്ങൾ നടന്നു. ഓട്ടം, ചാട്ടം, ത്രോ ഇനങ്ങളിൽ താരങ്ങൾ മാറ്റുരച്ചു. റേസ് വാക്ക്, 800 മീറ്റർ ഓട്ടം, 200 മീറ്ററിന്റെ ആദ്യ റൗണ്ടുകൾ, ഷോട്ട്പുട്ട്, ജാവലിൻ ത്രോ, ട്രിപ്പിൾ ജമ്പ്, ഹൈജമ്പ്, ഹാമർ ത്രോ തുടങ്ങിയ ഇനങ്ങളാണ് മൈതാനത്ത് അരങ്ങേറിയത്. മറ്റ് വേദികളിലായി കരാട്ടെ, ബോൾ ബാഡ്മിന്റൻ, ബാഡ്മിന്റൻ മത്സരങ്ങളും നടന്നു. ഇന്ന് ആവേശകരമായ മത്സരങ്ങളാണ് എൻ.ഐ.ടി മൈതാനത്ത് നടക്കുക.
@കിരീടപ്പോരിൽ അവസാനവട്ടം
പോയിന്റ് പട്ടികയിൽ മുന്നിലുള്ള തിരുവനന്തപുരം കിരീടത്തിലേക്ക് കുതിക്കുമ്പോൾ തൃശൂരും കണ്ണൂരും അവസാന ദിനത്തിൽ മുന്നേറ്റം ലക്ഷ്യമിടുന്നു. അഞ്ചാം സ്ഥാനത്തുള്ള കോഴിക്കോടിന് സ്വന്തം മണ്ണിൽ നടക്കുന്ന മേളയിൽ നില മെച്ചപ്പെടുത്താനുള്ള അവസാന അവസരമാണ് ഇന്ന്. ഓരോ മത്സരത്തിലെയും പ്രകടനവും പോയിന്റും നിർണായകമാകുന്നതിനാൽ ജില്ലകൾ അവസാനവട്ട പോരാട്ടത്തിനൊരുങ്ങുകയാണ്. ട്രാക്കിലെയും ഫീൽഡിലെയും അവസാന മത്സരങ്ങൾ പൂർത്തിയാകുന്നതോടെ ഏഴ് ദിനത്തെ കായികമാമാങ്കത്തിന് കൊടിയിറങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |