കോഴിക്കോട്: കളിക്കളത്തിൽ കായികതാരങ്ങൾ കരുത്തുകാട്ടുമ്പോൾ അവർക്ക് ഊർജ്ജംപകരാൻ കലവറയിൽ വിശ്രമമില്ലാത്ത ഓട്ടത്തിലാണ് പഴയിടം മോഹനൻ നമ്പൂതിരി. 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണക്രമം കുറ്റമറ്റതാക്കാൻ പാചകം മുതൽ ഭക്ഷണവിതരണം വരെയുള്ള കാര്യങ്ങൾ നേരിട്ടെത്തി പരിശോധിച്ച് ഏകോപിപ്പിക്കുകയാണ് അദ്ദേഹം. ഒരിടത്ത് ഒതുങ്ങിനിൽക്കാതെ അടുക്കളയിലും ഭക്ഷണവിതരണ കേന്ദ്രങ്ങളിലും ഓടിനടന്ന് ഓരോ കാര്യവും ശ്രദ്ധിക്കുന്ന പഴയിടത്തിന്റെ സാന്നിധ്യം കലവറയുടെ പ്രവർത്തനങ്ങൾക്ക് ഊർജമാണ്. ആയിരക്കണക്കിന് കായികതാരങ്ങൾക്കും സംഘാടകർക്കും രുചിയിലും പോഷകത്തിലും മികവുള്ള ഭക്ഷണം ഉറപ്പാക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്. ഉദ്ഘാടനദിവസം വിഭവസമൃദ്ധമായ ഭക്ഷണത്തിനൊപ്പം പായസവും ഒരുക്കിയിരുന്നു. കായികതാരങ്ങളുടെ ശാരീരിക അധ്വാനം കണക്കിലെടുത്ത് പോഷകസമൃദ്ധമായ മെനുവാണ് തയ്യാറാക്കിയിരിക്കുന്നത്. ചിക്കൻ, ബീഫ്, മുട്ട, പാൽ, പഴങ്ങൾ എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഭക്ഷണത്തോടൊപ്പം മുട്ടയും പാലും നൽകുന്നു. ദിവസവും ഒരു നേരത്തെ ഭക്ഷണത്തിൽ ചിക്കൻ കറിയോ ബീഫ് വിഭവമോ ഉണ്ടാകും. രാത്രി ഭക്ഷണത്തോടൊപ്പം മുറിച്ച പഴങ്ങളും വിളമ്പും. രണ്ട് ടൺ ബീഫും പതിനായിരം കിലോ ചിക്കനുമാണ് മേളയ്ക്കായി കണക്കാക്കിയിട്ടുള്ളത്. ഭക്ഷണത്തിനായി ഒന്നരക്കോടി രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ദിവസവും 1,100 ചാക്ക് അരി വേണ്ടിവരുമെന്നാണ് കണക്ക്. പത്ത് വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് ഭക്ഷണം എത്തിക്കാനായി രണ്ട് അടുക്കളകളിലായാണ് പാചകം. ഓരോ നേരവും ശരാശരി 15,000 പേർക്ക് ഭക്ഷണം ഒരുക്കുന്നുണ്ട്. ദിവസവും ആയിരത്തിലധികം പേർ ഭക്ഷണം കഴിച്ച് മടങ്ങുന്നു. കായികതാരങ്ങൾക്കു പുറമേ പരിശീലകർ, റഫറിമാർ, സംഘാടകർ, മറ്റ് ജീവനക്കാർ എന്നിവർക്കും ഭക്ഷണവും ചായയും ലഘുഭക്ഷണവും ഒരുക്കുന്നു. മത്സരങ്ങൾ നടക്കുന്ന ദൂരെയുള്ള വേദികളിലേക്കും കൃത്യസമയത്ത് ഭക്ഷണം എത്തിക്കുകയും ചെയ്യുന്നു. ഭക്ഷണകമ്മിറ്റി പി.കെ. അരവിന്ദന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |