SignIn
Kerala Kaumudi Online
Tuesday, 15 September 2026 2.17 PM IST

കിഴക്കൻ മലയോരത്തെ വന്യജീവി ശല്യം രൂക്ഷം,​ വലഞ്ഞ് കർഷകർ

1

പേരാമ്പ്ര: 'ഒരു കൃഷിയും ഇറക്കാൻ കഴിയുന്നില്ല. വിത്തുമുളച്ച് വേര് പിടിച്ച് ഇലകൾ വരുമ്പോഴേക്കും കാട്ടു ജീവികൾ വന്ന് അവ മാന്തി പുറത്തിടും. കാട്ടുപന്നികൾ കൂട്ടത്തോടെ എത്തി റബർ മരത്തിന്റെ ഉൾപ്പടെ വേരുകൾ കാർന്നുതിന്നും. കുരങ്ങ് ശല്യവും രൂക്ഷമാണ്. ഉപജീവനമായിട്ടുപോലും പുതിയ വിത്ത് ഇറക്കണോ എന്നു വീണ്ടും ആലോചിക്കണം"
വർഷങ്ങളായി കൃഷിയിലൂടെ ഉപജീവനം നടത്തുന്ന കിഴക്കൻ മലയോരത്തെ കർഷകന്റെ പരാതിയാണ് ഇത്. അന്നൊക്കെ കൃഷി ഉപജീവനം ആയിരുന്നെങ്കിൽ ഇന്ന് നഷ്ടമാണ്.

കാട്ടു ജീവി ശല്യം കാരണം മലയോര കർഷകരുടെ ഏക്കർ കണക്കിന് കൃഷിയിടങ്ങൾ വിത്തിറക്കാൻ മനസുവരാതെ കാടു പിടിച്ച് കിടക്കുകയാണ്. പേരാമ്പ്ര മണ്ഡലത്തിലെ പെരുവണ്ണാമൂഴി റിസർവ് വനത്തോട് ചേർന്നു കിടക്കുന്ന മുതുകാട്, ചെങ്കോട്ടക്കൊല്ലി, ചെമ്പനോട, ആലംപറ, കൂത്താളി, ചങ്ങരോത്ത്, നൊച്ചാട്, കോട്ടൂര് തുടങ്ങിയ മേഖലകളിൽ വിത്തിറക്കിയ കർഷകർക്ക് ധൈര്യമായി ഉറങ്ങാനാവില്ല. ഒരു രാത്രികൊണ്ട് അത്രയും നാളത്തെ അധ്വാനം മണ്ണോടുചേർന്ന കാഴ്ചയായിരിക്കും ഉണരുമോൾ കാണുക.

ഒറ്റക്കും കൂട്ടായും കൃഷി ചെയ്യുന്ന വാഴ,കപ്പ, ചേന, ചേമ്പ്, മറ്റു കിഴങ്ങ് വർഗങ്ങൾ എന്നിവ വ്യാപകമായി നശിപ്പിക്കപ്പെടും. കമുക്, കുരുമുളക്, തെങ്ങ്, റബർ തുടങ്ങിയ വിളകൾ കൃഷിചെയ്താലും രക്ഷയില്ല. ലക്ഷങ്ങളുടെ കൃഷിനാശമാണ് ഓരോ വർഷവും ഈ മേഖലകളിൽ ഉണ്ടാവുന്നത്. ഓഫീസുകൾ കയറിയിറങ്ങിയാലും അർഹമായ നഷ്ട പരിഹാരവും കിട്ടുന്നില്ല. നേരത്തെ വനമേഖലയോട് മാത്രം നിലനിന്ന വന്യ ജീവി ഭീഷണി അടുത്ത കാലത്താണ് നാട്ടിലേക്കും വ്യാപിച്ചത്.

വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ കിടങ്ങുകൾ തീർത്തും വൈദ്യുതി വേലികൾ നിർമ്മിച്ചുമാണ് വന്യ ജീവി
ഭീഷണി തടഞ്ഞിരുന്നത്. ഇവ കാര്യക്ഷമമാക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. കിഴക്കൻ മലയോരത്തെ കൃഷിയിടങ്ങളിലെ വന്യ ജീവി ശല്യം തടയാൻ ശസ്ത്രീയമാർഗങ്ങൾ അവലംബിക്കണമെന്നും കൃഷി നശിച്ച കർഷകർക്ക് അർഹമായ നഷ്ട പരിഹാരം നൽകണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് മേഖലയിൽ ഉണ്ടാവുന്നത്. കർഷകർക്ക് മതിയായ സഹായധനം നൽകണം. വനമേഖലയും കൃഷിഭൂമിയും വേർതിരിച്ച് സംരക്ഷിക്കാൻ നടപടി വേണം

എം.പി പ്രകാശൻ (സാമൂഹ്യ പ്രവർത്തകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL