മാള: അഞ്ചാം വയസ്സിൽ പാണി കൊട്ടിത്തുടങ്ങി... ആറര പതിറ്റാണ്ടോളം താളവും മേളവുമായി തട്ടകത്തിന്റെ ഹൃദയമിടിപ്പായി. കലാനിലയം കുഴൂർ സുധാകര മാരാർ ഇനി ഓർമ. കുഴൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പാണി കൊട്ടിത്തുടങ്ങിയ ബാലൻ പിന്നീട് തിമിലയിലും പഞ്ചവാദ്യത്തിലും വാദ്യവിസ്മയം തീർത്ത കലാകാരനായി മാറുകയായിരുന്നു. പ്രസിദ്ധരായ കുഴൂർ ത്രയത്തിലെ ഇളമുറക്കാരനാണ് സുധാകരൻ. മുത്തച്ഛൻ വടുക്കിനി മാരാത്ത് കൊച്ചുകേശവ കുറുപ്പിന്റെ മരണത്തോടെയായിരുന്നു കലാരംഗത്തേക്കുള്ള കാൽവയ്പ്പ്. വിയ്യൂർ കല്ലാറ്റ് ശങ്കരക്കുറുപ്പന്റേയും കുഴൂർ നെടുംപറമ്പത്ത് മാരാത്ത് സൗദാമിനി അമ്മയുടേയും മകനായി 1956 ലാണ് ജനനം. തട്ടകമായ കുഴൂർ ക്ഷേത്രത്തിൽ നിത്യ അടിയന്തരം മുടങ്ങാതിരിക്കാൻ സ്‌കൂൾ പഠനം അവസാനിപ്പിച്ചാണ് കലാരംഗത്തേക്ക് വന്നത്. തുടർന്ന് പുത്തൻവേലിക്കര പത്മനാഭ മാരാരുടെ കീഴിൽ തായമ്പക, മരപ്പാണി, ഇടയ്ക്ക, സോപാന സംഗീതം എന്നിവ അഭ്യസിച്ചു. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉൾപ്പെടെ നാൽപതിൽപരം ക്ഷേത്രങ്ങളിലെ അടിയന്തരക്കാരനാണ് സുധാകരൻ. 17 ാം വയസിൽ ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ ചേർന്ന് കഥകളി, ചെണ്ട എന്നിവ പരിശീലിച്ചു. നാരായണപുരം അപ്പു മാരാർ, കുഞ്ചുണ്ണി ആശാൻ എന്നിവരാണ് ഗുരുക്കൻമാർ. മുടിയേറ്റ് കലയും മാരാർ സ്വായക്തമാക്കി. കലയെ മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിലും അതുല്യനായ ഗുരുനാഥനായി മാറാൻ സുധാകരന് സാധിച്ചു. മക്കളായ ശിവപ്രസാദും ശിവപ്രഭയും അച്ഛന്റെ കൈപിടിച്ചാണ് കലാരംഗത്തേക്ക് എത്തിയത്. ശിവപ്രഭയുടെ മകൻ ഗൗരീഷ് ലാലും മുത്തച്ഛന്റെ ശിഷ്യനായിരുന്നു.
പുരസ്‌കാര നിറവിൽ
കുഴൂർ ക്ഷേത്രം തത്വസോപാനം വാദ്യകലാ കേന്ദ്രം പുരസ്‌കാരം, തൻകുളം മഹാദേവ ക്ഷേത്രം വാദ്യകലാനിധി പുരസ്‌കാരവും സ്വർണ പതക്കവും പാമ്പുംമേയ്ക്കാട്ട് മന സുവർണ ഹാരം, വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള പുരസ്‌കാരം, അഖിലകേരള മാരാർ ക്ഷേമസഭ കലാചാര്യ പുരസ്‌കാരം, പരമേശ്വരസ്മൃതി പരമേശ്വരീയം പുരസ്‌കാരം, കേരള ക്ഷേത്രവാദ്യകലാ അക്കാഡമി വാദ്യപ്രതിഭ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |