SignIn
Kerala Kaumudi Online
Friday, 11 September 2026 4.42 AM IST

നിർധന വൃക്കരോഗികൾക്ക് സാന്ത്വനമായി 'ജീവജ്യോതി"

sneha

 തദ്ദേശസ്ഥാപനത്തിന്റേതായി ഇങ്ങനെയൊരു പദ്ധതി ഇതാദ്യം

കോഴിക്കോട്: വൃക്കരോഗം വന്നാൽ ജീവിതം കഴിഞ്ഞുവെന്ന് കരുതി ദിവസങ്ങൾ തള്ളിനീക്കുന്ന പാവപ്പെട്ടവർക്ക് സമാശ്വാസമേകാൻ 'ജീവജ്യോതി" പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. 2012-ൽ ആവിഷ്‌കരിച്ച 'സ്‌നേഹസ്പർശ"ത്തിന്റെ ഭാഗമായി വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയുടെ ചെലവ് പൂർണമായി ഏറ്റെടുത്താണ് 'ജീവജ്യോതി" നടപ്പാക്കുന്നത്. അവയവമാറ്റ ശസ്ത്രക്രിയാരംഗത്തെ ചൂഷണം തടയുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ഇതിനായുള്ള അപേക്ഷ ഇന്നു മുതൽ സ്വീകരിക്കും.

താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് 3.05 ലക്ഷം രൂപയും തുറന്ന ശസ്ത്രക്രിയയ്ക്ക് 2.75 ലക്ഷവുമാണ് അനുവദിക്കുക. സ്വീകർത്താവിന്റെയെന്ന പോലെ വൃക്കദാതാവിന്റെയും ചെലവുകൾ വഹിക്കും. ഈ പദ്ധതിയ്ക്ക് ആസ്റ്റർ മിംസ്, ഇഖ്റ, ബേബി മെമ്മോറിയൽ, മെട്രോമെഡ് ആശുപത്രികളാണ് ജില്ല പഞ്ചായത്തുമായി സഹകരിക്കുന്നത്. ജില്ലാ പഞ്ചായത്ത് സെലക്‌ഷൻ കമ്മിറ്റിയുടെ ശുപാർശയിൽ എക്‌സിക്യൂട്ടിവ് കമ്മിറ്റി പാസാക്കുന്ന അപേക്ഷകളാണ് പരിഗണിക്കുക.

കോഴിക്കോട് ജില്ലയിലെ വൃക്കരോഗികൾക്കാണ് സഹായം നൽകുന്നത്. മരുന്ന് എല്ലാ മാസവും സൗജന്യമായി നൽകും. ശസ്ത്രക്രിയാതീയതി മുതൽ ദാതാവിന് അഞ്ചും സ്വീകർത്താവിന് പത്തും ദിവസത്തേക്കുള്ള മുറിവാടക,

ഡോകടർ - നഴ്‌സ് ചാർജ്ജ്, ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ, സർജ്ജിക്കൽ ഉപകരണങ്ങൾ ഉൾപ്പെട്ട ചെലവുകൾ വഹിക്കും.

 കുടുംബാംഗമാവണം

വൃക്കദാതാവ്

ജീവജ്യോതിയ്ക്കു വേണ്ടി സ്‌നേഹസ്പർശവുമായി സഹകരിക്കുന്ന ആശുപത്രികളിൽ ഏതെങ്കിലുമൊന്നിലായിരിക്കണം ശസ്‌ത്രക്രിയ. വൃക്ക മാറ്റിവെക്കലിന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയവർക്ക് അപേക്ഷിക്കാം. വൃക്കദാതാവ് രോഗിയുടെ ഭാര്യയോ, ഭർത്താവോ, മക്കളോ, മാതാപിതാക്കളോ, സഹാദരങ്ങളോ ആയിരിക്കണം. അപേക്ഷാ ഫോറം ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്നും മൂന്നു ആശുപത്രികളിൽ നിന്നും ലഭിക്കും.

 ഉദ്ഘാടനം മാസാവസാനം
ജീവജ്യോതിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് ഈ മാസം അവസാനവാരം നിർവഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇൻഷൂറൻസ് പരിരക്ഷയോ കേന്ദ്ര - സംസ്ഥാന സർക്കാർ പദ്ധതികളിൽ നിന്നുള്ള സഹായമോ റീഇംബേഴ്‌സ്‌മെന്റ് സൗകര്യമോ ഇല്ലാത്ത, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് അപേക്ഷിക്കാം.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.പി. ജമീല, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൻ .എം വിമല ,പൊതുമരാമത്ത് ചെയർപേഴ്‌സൺ കെ.വി.റീന, സെക്രട്ടറി ടി.അഹമ്മദ് കബീർ, സ്‌നേഹസ്‌പർശം ട്രഷറർ ജെഹഫർ ബറാമി, എക്‌സിക്യൂട്ടിവ് അംഗങ്ങളായ ടി.എം അബൂബക്കർ, സുബൈർ മണലൊടി എന്നിവരും സംബന്ധിച്ചു.

"ഓരോ വർഷവും ജില്ലയിൽ ശരാശരി 600 പുതിയ രോഗികളാണ് ഡയാലിസിസിനായി എത്തുന്നത്. യുവാക്കൾ ഉൾപ്പെടെ നാലായിരത്തിൽപരം രോഗികളുണ്ട് ഇപ്പോൾ. ശസ്‌ത്രക്രിയയ്ക്ക് ആരോഗ്യമുള്ള രോഗിയ്ക്ക് വൃക്ക നൽകാൻ സന്നദ്ധതയുള്ളവർ കുടുംബത്തിലുണ്ടായിട്ടും പണമില്ലാത്തതുകൊണ്ടു മാത്രം ജീവിതം വഴിമുട്ടി പോവുന്നുണ്ട്. ഇത്തരക്കാരെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റുകയാണ് ജില്ലാ പഞ്ചായത്ത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശസ്ഥാപനം ഇങ്ങനെയൊരു പദ്ധതി ഏറ്റെടുക്കുന്നത്.

ഷീജ ശശി,

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക്

3.05 ലക്ഷം

തുറന്ന ശസ്ത്രക്രിയയ്ക്ക്

2.75 ലക്ഷം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL