
സർവ്വേയിൽ 69 ഇനം പക്ഷികളെ കണ്ടെത്തി
തിരൂരങ്ങാടി : ദേശീയ പക്ഷി ദിനത്തോടനുബന്ധിച്ച് ചെറുമുക്ക് വെഞ്ചാലി തണ്ണീർ തടങ്ങളിൽ നടത്തിയ ഏഷ്യൻ വാട്ടർബേർഡ് സെൻസസിൽ 69 ഇനം പക്ഷികളെ കണ്ടെത്തി. മുൻ വർഷങ്ങളിൽ നടത്തിയ സർവ്വേകളിൽ 80 ലേറെ ഇനം പക്ഷികളെ ഇവിടെ കണ്ടെത്തിയിരുന്നു.
പ്രശസ്ത പക്ഷി നിരീക്ഷകരായ നബീൽ പരപ്പനങ്ങാടി, സ്വരൂപ്, ഷമീം, അഫ്നിദ, ഫൈസൽ, മനോജ്, റഹ്മാൻ വണ്ടൂർ, രാജേഷ്, റസീൻ, സിനാൻ തുടങ്ങിയവർ പക്ഷി സർവേയ്ക്ക് നേതൃത്വം നൽകി. തുടർച്ചയായി മൂന്നാം വർഷമാണ് പക്ഷി സർവ്വേ നടത്തുന്നത്.
മുൻ വർഷങ്ങളിലെ സർവ്വേകളെ അപേക്ഷിച്ച് പക്ഷികളുടെ വൈവിദ്ധ്യത്തിൽ കുറവുളളതായി കണ്ടെത്തി. 2023ൽ നടത്തിയ സർവ്വേയിൽ കണ്ടെത്തിയ, കേരളത്തിൽ അപൂർവമായി മാത്രം കാണപ്പെടുന്ന ചാരത്തലയൻ തിത്തിരിയുടെ 12 പേരടങ്ങുന്ന ഒരു കൂട്ടത്തെ ഇപ്രാവശ്യവും ഇവിടെ കണ്ടെത്തി.
മുൻ വർഷങ്ങളിൽ സ്ഥിരമായി കണ്ടിരുന്ന വർണ്ണകൊക്ക്, കന്യാസ്ത്രീ കൊക്ക് തുടങ്ങിയ പക്ഷികളെ കണ്ടെത്താനായില്ല. സോഷ്യൽ മീഡിയ മാദ്ധ്യമങ്ങൾ വഴി വലിയ പ്രചാരം ലഭിച്ച ചെറുമുക്കിലെ ആമ്പൽ പാടം കാണാൻ സന്ദർശകരുടെ തിരക്ക് വർദ്ധിച്ചതും അനിയന്ത്രിതമായ മാനുഷിക ഇടപെടലുകളും കാലാവസ്ഥ വ്യതിയാനവും ഇവിടുത്തെ പക്ഷി വൈവിദ്ധ്യത്തിൽ കുറവ് വരാൻ കാരണമായിട്ടുണ്ടാകാമെന്ന് സർവ്വേ കോ
ഓർഡിനേറ്റർ പി. കബീറലി അഭിപ്രായപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |