മലപ്പുറം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) ജില്ലയിലെ സർക്കാർ ആശുപത്രികൾക്ക് 10.28 കോടി രൂപ കുടിശ്ശിക. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും അനുബന്ധ സാധനങ്ങളും വിതരണം ചെയ്ത വകയിലാണ് ഈ തുക കരാറുകാർക്ക് ആരോഗ്യ വകുപ്പ് നൽകാനുള്ളത്. മൂന്ന് മാസം മുമ്പ് വരെ 15 കോടി രൂപ കുടിശ്ശികയുണ്ടായിരുന്നു. പല ഘട്ടങ്ങളിലായി കുടിശ്ശികയിലേക്ക് തുക അനുവദിച്ചത് അൽപ്പമെങ്കിലും ആശ്വാസമേകുന്നുണ്ട്. തിരൂർ, നിലമ്പൂർ, പെരിന്തൽമണ്ണ ജില്ലാ ആശുപത്രികൾക്കാണ് പ്രധാനമായും തുക കുടിശ്ശിക ആയിട്ടുള്ളത്. വലിയ തുക കുടിശ്ശികയാതോടെ ആശുപത്രികൾ വിവിധ സേവനങ്ങൾക്കായി കരാറിൽ ഏർപ്പെട്ട സ്ഥാപനങ്ങൾക്ക് തുടർസേവനങ്ങൾ നൽകാൻ കഴിയില്ലെന്ന് നിലപാട് എടുത്തിരുന്നു. കുടിശ്ശികയിൽ കുറച്ചു തുക അനുവദിച്ചതോടെ സേവനങ്ങൾ നൽകുന്നുണ്ട്. ശേഷിക്കുന്ന തുക വൈകാതെ അനുവദിച്ചില്ലെങ്കിൽ മുന്നോട്ടു പോവാനാവില്ലെന്ന നിലപാടിലാണ് കരാറുകാർ. വലിയ തുക കുടിശ്ശികയായതോടെ സ്വകാര്യ ആശുപത്രികൾ പദ്ധതിയോട് മുഖം തിരിച്ചിട്ടുണ്ട്. ജില്ലയിലെ പ്രമുഖ സ്വകാര്യ ആശുപത്രികൾ പദ്ധതിയിൽ ചികിത്സ നൽകാനാവില്ലെന്ന നിലപാടിലാണ്. പദ്ധതിയിൽ 104 ആശുപത്രികൾ ഉൾപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ 90ഓളം ആശുപത്രികളായി ചുരുങ്ങി. മൾട്ടി സ്പെഷ്യാലിറ്റി സേർവനങ്ങൾ നൽകുന്ന പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് പോലുള്ള ആശുപത്രികൾ പദ്ധതിയിൽ നിന്ന് പിന്മാറിയത് തിരിച്ചടിയായി. 14 കോടിയോളം രൂപ കുടിശ്ശിക ആയതോടെയാണ് എം.ഇ.എസിന്റെ പിന്മാറ്റം. 15 ദിവസത്തിനകം ആശുപത്രികൾക്ക് സർക്കാർ പണം നൽകണമെന്നാണ് കരാർ. കുടിശ്ശിക അനുവദിക്കുന്നത് നീണ്ടാൽ പാവപ്പെട്ട രോഗികൾക്ക് ലഭിക്കേണ്ട സൗജന്യ ചികിത്സ മുടങ്ങും. ഇഴയുന്നത് മികച്ച പദ്ധതി പദ്ധതി പ്രകാരം ഒരുവർഷം അഞ്ച് ലക്ഷം രൂപ വരെ ഒരു കുടുംബത്തിന് ചികിത്സയ്ക്കായി അനുവദിക്കും. കുടുംബാംഗങ്ങളുടെ പ്രായപരിധിയോ എണ്ണമോ ഈ പദ്ധതിയുടെ മാനദണ്ഡമല്ല. പദ്ധതിയിൽ അംഗമാകുന്ന ഏതൊരു വ്യക്തിക്കും മുൻഗണനാ മാനദണ്ഡങ്ങളില്ലാതെ ചികിത്സ സഹായം ലഭിക്കുമെന്നതാണ് കാരുണ്യ ചികിത്സാ പദ്ധതിയുടെ പ്രത്യേകത. 2019ലാണ് അവസാനമായി പദ്ധതിയിലേക്ക് പുതുതായി അംഗങ്ങളെ ചേർത്തത്. സാമ്പത്തിക ഭാരം മുൻനിറുത്തി സർക്കാർ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നില്ല. അഞ്ച് മാസത്തോളമായി കുടിശ്ശികയിലേക്ക് തുകയൊന്നും അനുവദിച്ചിട്ടില്ല.
തുടർനടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് സ്വകാര്യ ആശുപത്രികളുടെ യോഗം ചേരാനാണ് ആലോചന.
ഹുസൈൻ കോയ തങ്ങൾ, പ്രസിഡന്റ്
കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ്
അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |