
മലപ്പുറം: വ്യക്തി വൈരാഗ്യത്തിന്റെയോ രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമായോ വ്യവസായ സ്ഥാപനങ്ങൾക്കെതിരെ നൽകുന്ന വ്യാജ പരാതികളിൽ പരാതിക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ നിയമം കൊണ്ടു വരണമെന്ന് കേരള സ്റ്റേറ്റ് ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മലീനീകരണ നിയന്ത്രണ ബോർഡിന്റെതുൾപ്പെയുള്ള പത്തോളം സർക്കാർ ഓഫീസുകളുടെ ലൈസൻസോടെ ആരംഭിക്കുന്ന സ്ഥാപനങ്ങൾ ചില വ്യക്തികൾ നൽകിയ വ്യാജ പരാതിയുടെ ഭാഗമായി സ്ഥാപനം അടച്ചുപൂട്ടേണ്ട സംഭവങ്ങൾ ജില്ലയിലുണ്ടായിട്ടുണ്ട്. ഇത്തരം പരാതികളിൽ സ്ഥാപനം തുടങ്ങിയ വ്യവസായി മാസങ്ങളോളം കോടതികൾ കയറിയിങ്ങേണ്ട അവസ്ഥയാണ്. ബാങ്ക് വായ്പയെടുത്തും മറ്റും വ്യവസായം തുടങ്ങാനിറങ്ങിയവർക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. വ്യവസായ സൗഹൃദ കേരളം എന്ന് കൊട്ടിഘോഷിപ്പിക്കുമ്പോൾ ഉണ്ടാവുന്ന ഇത്തരം സംഭവങ്ങൾ വ്യവസായികളെ പിന്തിരിപ്പിക്കാൻ കാരണമാവുന്നതായി യോഗം അഭിപ്രായപ്പെട്ടു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.പി.അബ്ദുൽകരീം യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.വി.അൻവർ, മുൻ പ്രസിഡന്റ് ജുനൈദ്, വൈസ് പ്രസിഡന്റ് അൻസാർ ബഷീർ, സെക്രട്ടറി മുജീബ് റഹിമാൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |