SignIn
Kerala Kaumudi Online
Saturday, 13 June 2026 3.13 AM IST

തീരം കീഴടക്കാൻ പരമ്പരാഗത വള്ളങ്ങൾ

മലപ്പുറം: ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ ഇനിയുള്ള ഒരുമാസക്കാലം ഏറെ പ്രതീക്ഷയോടെയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നോക്കിക്കാണുന്നത്. കടലിൽ വലിയ ബോട്ടുകളുടെ സാന്നിദ്ധ്യമില്ലാത്ത ഈ നാളുകളിൽ വള്ളങ്ങളും ഇൻബോർഡ് ബോട്ടുകളും ഉപയോഗിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് വിലക്കില്ല. അടിവല, വലയോട്ട തുടങ്ങിയ പല രീതികളും ഉപയോഗിച്ചുള്ള മത്സ്യബന്ധനമാകും നടക്കുക. 12 നോട്ടിക്കൽ മൈൽ (22 കിലോമീറ്റർ) പരിധിക്കുള്ളിൽ മീൻപിടിക്കാൻ അനുമതിയുള്ളതിനാൽ ഈ സീസണിൽ ലഭിക്കുന്ന മത്സ്യങ്ങൾക്ക് മികച്ച വില ഉറപ്പാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണിവർ. യന്ത്രവത്കൃത ബോട്ടുകളുടെ കടന്നുകയറ്റം ഇല്ലാത്തതിനാൽ പരമ്പരാഗത വള്ളക്കാർക്ക് കടലിൽ സുരക്ഷിതമായി തൊഴിൽ ചെയ്യാനും സാധിക്കും. വലിയ ബോട്ടുകൾ ഇല്ലാത്തതിനാൽ തീരത്തിനടുത്തേക്ക് നല്ലയിനം മത്സ്യങ്ങൾ കൂട്ടത്തോടെ വരാനുള്ള സാദ്ധ്യതയുണ്ട്. ട്രോളിംഗ് നിരോധനം ജൂലായ് 31 വരെ നീളും. ട്രോളിംഗ് നിരോധനത്തിന് ദിവസങ്ങൾക്ക് മുമ്പേ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ബോട്ടുകൾ തീരം വിട്ടിട്ടുണ്ട്. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്. ജില്ലയിലെ പരപ്പനങ്ങാടി, തിരൂർ മേഖലകളിലും നിരവധി പേർ മത്സ്യത്തൊഴിലാളികളാണ്. ട്രോളിംഗിന് മുന്നേ തന്നെ ഡീസൽ വില വർദ്ധനവ് കാരണം മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലായിരുന്നു. കാര്യമായ വരുമാനമില്ലാത്തതോടെ പല ബോട്ടുകളും വള്ളങ്ങളും തീരത്ത് കെട്ടിയിട്ടിരിക്കുകയാണ്. സുരക്ഷ ഉറപ്പാക്കണം നിരോധന പരിധി ലംഘിച്ച് വരുന്ന വലിയ ബോട്ടുകളെ നിരീക്ഷിക്കാനും പരമ്പരാഗത തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുമായി ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്‌മെന്റും കടലിൽ പ്രത്യേക പട്രോളിംഗ് ശക്തമാക്കും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും ബയോമെട്രിക് കാർഡുകൾ കൈവശം വച്ചും മാത്രമേ തൊഴിലാളികൾ കടലിൽ പോകാവൂ എന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലം കടൽ കൂടുതൽ പ്രക്ഷുബ്ധമാകുമ്പോൾ വള്ളങ്ങൾ ഇറക്കാൻ പോലും കഴിയാത്ത സാഹചര്യം ഉണ്ടായേക്കാം. കൂടാതെ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ബോട്ടുകൾ അതിർത്തി ലംഘിച്ച് മീൻ പിടിക്കുന്നതും പ്രതിസന്ധിയാണ്. പി.രാജൻ, പരമ്പരാഗത മത്സ്യത്തൊഴിലാളി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL