SignIn
Kerala Kaumudi Online
Saturday, 13 June 2026 3.13 AM IST

കൃഷി ഭൂമി ഉപേക്ഷിച്ച് കർഷകർ

കാളികാവ്: കാട്ടാനശല്യം രൂക്ഷമായതോടെ കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയിലാണ് മലയോര മേഖലയിലെ പല കർഷകരും. കാളികാവ്, കരുവാരക്കുണ്ട്,ചോക്കാട് മേഖലകളിൽ കൃഷി ഉപേക്ഷിച്ചവർ അനവധിയാണ്.
വൻതോതിൽ കൃഷിനാശവും ആളപായവും സംഭവിക്കാൻ തുടങ്ങിയതോടെയാണ് പലരും വനത്തോട്‌ ചേർന്ന തോട്ടങ്ങളിൽ ചെല്ലാതായത്. പരമ്പരാഗത കർഷക കുടുംബങ്ങളടക്കം കൃഷി ഉപേക്ഷിക്കാൻ നിർബ്ബന്ധിതരായി. ജീവിക്കാൻ മറ്റു മാർഗ്ഗങ്ങൾതേടി അലയുകയാണ് പലരും.
അടയ്ക്കാക്കുണ്ട് ഉമ്മച്ചൻകാട്ടിൽ ഭഗവതി വളപ്പിൽ ഹംസയുടെ പിതാവിന്റെ പേരിൽ അഞ്ചേക്കർ കൃഷി ഭൂമിയാണുള്ളത്. കൃഷിയിലെ ആദായം കൊണ്ടാണ് 50 വർഷം മുഹമ്മദും മക്കളും ജീവിച്ചത്. പിതാവിനൊപ്പം കാർഷികവൃത്തിയിൽ ഏർപ്പെട്ട ഹംസയും കൃഷിയിടത്തിൽ പൊന്ന് വിളയിച്ചു.

കുരുമുളകായിരുന്നു പ്രധാന കൃഷി. വർഷത്തിൽ 10 ക്വിന്റൽ കുരുമുളക് വരെ വിളവെടുത്തിരുന്നു. ആനകളിറങ്ങി കുരുമുളക് വള്ളികൾ ചവിട്ടി നിരത്തിയതോടെ എല്ലാം തകിടം മറിഞ്ഞു. 12 അംഗ കുടുംബത്തിന്റെ നിലനില്പിനായി ഹംസ കുരുമുളക്ക് മാറ്റി കവുങ്ങ് വച്ചു. വളർന്ന് തളിർത്ത് തുടങ്ങിയതോടെ ആനകളിറങ്ങി നശിപ്പിച്ചു.

പകൽ പോലും വന്യജീവികളുടെ സാന്നിദ്ധ്യമുണ്ട്. രണ്ടു വർഷമായിട്ട് കൃഷിയിടത്തിൽ ഒന്നെത്തി നോക്കാൻ പോലും കഴിഞ്ഞിട്ടില്ലെന്ന് ഹംസ പറഞ്ഞു.

കാടു വെട്ട് യന്ത്രത്തിന്റെ റിപ്പയറിംഗ് ചെയ്താണ് ഹംസ ഇപ്പോൾ കുടുംബം പോറ്റുന്നത്. ഈ വർഷം കൃഷിയിടം തിരിച്ചു പിടിക്കാൻ ശ്രമം നടത്തുമ്പോഴാണ് സമീപത്തുള്ള റാവുത്തൻകാട്ടിൽ ടാപ്പിങ് തൊഴിലാളിയെ കടുവ പിടിച്ചത്.ഇതോടെ കൃഷിജോലിക്ക് ആളെ കിട്ടാതായത് വീണ്ടും തിരിച്ചടിയായി.

ഭൂമി ചുളുവിലയ്ക്ക് നൽകിയാൽപോലും വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണ്.കാട് മൂടി കിടക്കുന്ന കൃഷിയിടങ്ങൾ റീ സർവേകളിൽ വനഭൂമിയോട്‌ ചേർക്കുന്ന രീതിയുള്ളതിനാൽ വർഷങ്ങളായി കൈവശം വച്ച് പോന്ന ഭൂമി നഷ്ടപ്പെടുമോയെ എന്ന ആശങ്കയുമുണ്ട് .

വന്യമൃഗങ്ങളുടെ ശല്യം കാരണം കൃഷി ഭൂമി ഉപേക്ഷിക്കേണ്ടി വന്നവർ മേഖലയിൽ ഏറെയുണ്ട്.
വന്യ മൃഗങ്ങളെ തടയുന്നതിന് നടപടികളുണ്ടാവുന്നില്ല. കർഷകരെ സഹായിക്കാൻ സർക്കാർ തയ്യാറാകണം.

ബങ്കാളത്ത് ഹംസ,കർഷകൻ

ജീവഹാനിയും സ്വത്തു നഷ്ടവും നേരിടുന്നവരാണ് കർഷകർ. അർഹമായ നഷ്ട പരിഹാരം ലഭിക്കണം.കൃഷി ഭൂമി ഉപേക്ഷിച്ചവർക്ക് ബദൽ സംവിധാനം ഏർപ്പെടുത്തണം.

വാടയിൽ സക്കീർ, കിഫ പഞ്ചായത്ത് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL