SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.09 AM IST

പ്രതീക്ഷയായി നവ കിരണം പദ്ധതി

കാളികാവ് : വന്യമൃഗശല്യം കാരണം എല്ലാം ഉപേക്ഷിച്ചു പോകുന്ന കർഷകർക്ക് താൽക്കാലികാശ്വാസമായി നവകിരണം പദ്ധതി. വനത്തിനകത്തും വനത്തിനോട് ചേർന്നുമുള്ള ഭൂമി വനംവകുപ്പിന് കൈമാറി ഫണ്ട് കൈപ്പറ്റുന്ന പദ്ധതിയാണിത്. ജീവിതവും നിലനിൽപ്പും അപകടത്തിലാണെന്നതിനാൽ കിട്ടുന്നത് ലാഭമെന്ന നിലയ്ക്കാണ് കർഷകർ പദ്ധതിയെ കാണുന്നത്.

ഒരു യൂണിറ്റിന് 15 ലക്ഷമെന്ന രീതിയിലാണ് തുക നൽകുന്നത്. പദ്ധതിയിൽ ജില്ലയിൽ ഒട്ടേറെ അപേക്ഷകൾ തീർപ്പാക്കാനുണ്ട്. ജില്ലയിൽ നിലമ്പൂർ ഡിവിഷന് കീഴിലാണ് കൂടുതൽ അപേക്ഷകരുള്ളത്. 370 പേർ. 75 പേർക്ക് മുഴുവൻ തുകയും നൽകി.ഫണ്ട് ക്ഷാമം കാരണം പദ്ധതി ഇഴയുകയാണ്. നിലവിലെ അപേക്ഷകൾ തീർപ്പാക്കാൻ തന്നെ ഇനിയും 100 കോടി രൂപ വേണം. നിലമ്പൂർ സൗത്തിൽ മാത്രം24 കുടുംബങ്ങളിലെ 37 പേർക്കായി 15 ലക്ഷം വീതം നൽകണം.
ഭൂമി കൈമാറ്റ ധാരണയിൽ ഒപ്പു വയ്ക്കുന്നത് വരെ അപേക്ഷകന് ഭൂമി കൈമാറുന്നതിൽ നിന്ന് പിന്മാറാം.

നിലമ്പൂർ നോർത്തിൽ മാത്രം പദ്ധതി പ്രകാരം അമ്പതോളം ഏക്കർ ഭൂമി വനത്തോട് ചേർക്കും.
ബാക്കിയുള്ള അപേക്ഷകൾ തീർപ്പാക്കാൻ കിഫ്ബി പദ്ധതിയിൽ ഫണ്ട് വകയിരുത്താൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

നേട്ടവും കോട്ടവും ഒരു പോലെ

നവകിരണം പദ്ധതി പലർക്കും ആശ്വാസമാണെങ്കിലും ചിലർക്ക് നഷ്ടമാണ്. അഞ്ച് സെന്റ് മുതൽ രണ്ടര ഏക്കർ വരെ ഭൂമി കൈമാറിയാലും ഒരു യൂണിറ്റിന് 15 ലക്ഷമേ ലഭിക്കൂ.

കുടുംബത്തിലെ 18 കഴിഞ്ഞ ആൺകുട്ടികളെ ഓരോ യൂണിറ്റായി കണക്കാക്കിയാണ് ഫണ്ട് അനുവദിക്കുന്നത്. നൽകിയവർക്ക് 15 ലക്ഷവും ഒൻപത് സെന്റ് നൽകിയയാൾക്ക് 60 ലക്ഷവും ലഭിച്ചിട്ടുണ്ട്. പിതാവും മാതാവും വിവാഹപ്രായമായ മൂന്ന് ആൺമക്കളുമുള്ള കുടുംബത്തിനാണ് നാല് യൂണിറ്റ് നിശ്ചയിച്ച് 60 ലക്ഷം നൽകിയത്.

വനത്തിനോട് ചേർന്നുള്ള സെന്റിന് 10,000 രൂപ പോലും ലഭിക്കാത്ത ഭൂമിക്ക് 15 ലക്ഷമെന്നത് ലാഭകരമാണെന്നാണ് അധികൃതർ വിലയിരുത്തുന്നത്.

നിലമ്പൂർ സൗത്തിൽ അകമ്പാടം ,കരുളായി വില്ലേജുകളിലായി മുഴുവൻ പേരുടെയും പുനരധിവാസം പൂർത്തിയാക്കി.

അഞ്ച് സെന്റ് സ്ഥലവും വീടും പദ്ധതിപ്രകാരം തിരിച്ചേൽപ്പിച്ച്
കിട്ടിയ 15 ലക്ഷം രൂപ സ്ഥലം വാങ്ങാനും വീട് നിർമ്മാണത്തിനുമായി തികഞ്ഞില്ലെങ്കിലും വന്യ ജീവികളെ പേടിക്കാതെ ജീവിക്കാനുള്ള അവസരം ലഭിച്ചു.

പാറക്കൽ ഷറഫുദ്ദീൻ,​ അകമ്പാടം

വനാതിർത്തിയിൽ കടുത്ത ദുരിതത്തിൽ കുടുംബങ്ങൾ ഇനിയും ഏറെയുണ്ട്. താൽപ്പര്യമുള്ളവർക്ക് നവകിരണത്തിൽ ഉൾപ്പെടുത്തി വേഗത്തിൽ ഫണ്ട് ലഭ്യമാക്കണം.

ഷാഹിന ഗഫൂർ.സാമൂഹ്യ പ്രവർത്തക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL