SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.09 AM IST

ജില്ലയുടെ ആരോഗ്യം ഭീഷണിയിൽ; ഷിഗെല്ലയിൽ വീണ്ടും മരണം

മലപ്പുറം: ജില്ലയുടെ ആരോഗ്യ മേഖലയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തി ഷിഗെല്ല രോഗവ്യാപനം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കോഡൂർ സ്വദേശിയായ ഏഴ് വയസുകാരനാണ് ഇന്നലെ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത നാല് ഷിഗെല്ല മരണങ്ങളിൽ രണ്ടും മലപ്പുറം ജില്ലയിലാണ് സംഭവിച്ചത്. ഈമാസം ഒമ്പതിന് കീഴാറ്റൂർ 59കാരിയായ കീഴാറ്റൂർ സ്വദേശി മരണപ്പെട്ടിരുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കുപ്രകാരം ഒമ്പത് ഷിഗെല്ല രോഗബാധിതരുണ്ട്. താഴേക്കോട്, പുളിക്കൽ, എടവണ്ണ, തേഞ്ഞിപ്പലം, എടക്കര, മൊറയൂർ, കീഴാറ്റൂർ, പാണ്ടിക്കാട്, കോഡൂർ എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രികളിലടക്കം ചികിത്സ തേടുന്നവർ ഏറെയുണ്ട്. സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാവാൻ സാദ്ധ്യതയുള്ളതിനാൽ

രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടുന്നതിലൂടെ രോഗം മാരകമാകുന്നത് തടയാം.

അതിസാരം ബാധിക്കുന്നവരുടെ എണ്ണവും വലിയതോതിൽ വർദ്ധിച്ചിട്ടുണ്ട്. ഒരാഴ്ചക്കിടെ 3,604 പേരാണ് സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയത്. ദിനംപ്രതി ശരാശരി 550 പേർ. മഴക്കാലത്തിന് മുൻപ് ദിനംപ്രതി 100നും 150നും ഇടയിൽ പേർ മാത്രമാണ് ചികിത്സ തേടിയിരുന്നത്.

വേഗം ചികിത്സ തേടണം
ശക്തമായ പനി, വയറുവേദന, വയറിളക്കം, രക്തക്കറയയുള്ള മലം എന്നിവയാണ് ഷിഗെല്ലയുടെ പ്രധാന ലക്ഷണങ്ങൾ. ഷിഗെല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നതിനാലാണ് രക്തക്കലർപ്പ് ഉണ്ടാകുന്നത്. അസുഖം മൂർച്ഛിച്ചാൽ തലച്ചോറിനെ ബാധിക്കുകയും രക്തസമ്മർദം താഴുകയും ചെയ്യും. ഇത് അപസ്മാരത്തിലേക്കും ബോധക്ഷയത്തിനും കാരണമാകാം. കുട്ടികളിൽ രോഗം കൂടുതൽ ഗുരുതരമാവാം.

ഇങ്ങനെ പ്രതിരോധിക്കാം

  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വൃത്തിയുള്ള ഭക്ഷണം മാത്രം കഴിക്കുക. പാകം ചെയ്ത ഭക്ഷണം ഉടനെ കഴിക്കുക.
  • ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളിൽ ഈച്ച ശല്യമുണ്ടാവരുത്. ഭക്ഷണം കൃത്യമായി മൂടി വയ്ക്കണം.
  • ഭക്ഷണം ഫ്രിഡ്ജിൽ വച്ചും പുറത്തെടുത്തും പലതവണ ചൂടാക്കി കഴിക്കരുത്
  • ടോയ്‌ലെറ്റ് ഉപയോഗിച്ചശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. കുട്ടികളുടെ മലം ശുചിമുറിയിൽ മാത്രം കളയുക.
  • ശുചിമുറി മാലിന്യങ്ങൾ കുടിവെള്ള സ്രോതസ്സുമായി കലരാതെ ശ്രദ്ധിക്കണം.
  • കിണറുകളിലെ വെള്ളം പരിശോധിച്ച് അണുവിമുക്തമാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL