SignIn
Kerala Kaumudi Online
Thursday, 18 June 2026 4.45 AM IST

തിരൂർ റെയിൽവേ സ്റ്റേഷൻ: വരുമാനത്തിൽ മുന്നിൽ, അവഗണയിലും

തിരൂർ:വരുമാനത്തിൽ മുന്നിലെങ്കിലും പ്രധാന ട്രെയിനുകളിൽ പലതിനും സ്റ്റോപ്പില്ലാത്ത സ്റ്റേഷനാണ് തിരൂർ. രാജധാനി എക്സ്പ്രസ്, ഒന്നാം വന്ദേഭാരതും ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തത് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇരുപതിലേറെ ട്രെയിനുകളാണ് തിരൂരിനെ അവഗണിച്ച് സ്റ്റോപ്പില്ലാതെ കടന്നുപോകുന്നത്.

ഡൽഹിയിലേക്കുള്ള മംഗള ലക്ഷദ്വീപ് എക്സ്പ്രസിന് സ്റ്റോപ്പില്ലാത്തതിനാൽ യാത്രക്കാർ കോഴിക്കോട്, ഷൊർണൂർ തുടങ്ങിയ സ്റ്റേഷനുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. ഒന്നാം വന്ദേഭാരതിന് (20633) തിരൂരിൽ സ്റ്റോപ്പില്ലെങ്കിലും രണ്ടാം വന്ദേഭാരത് (20631) ഇവിടെ നിറുത്തുന്നുണ്ട്. യാത്രക്കാരുടെ കുറവോ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയോ തിരൂർ സ്റ്റേഷനിലില്ല. വിഷയത്തിൽ ജനപ്രതിനിധികളുടെ ശക്തമായ ഇടപെടൽ വേണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.

അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി തിരൂർ റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കുന്ന 18 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. 2023 ആഗസ്റ്റിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി പ്ലാറ്റ്ഫോം ഉയർത്തൽ, പുതിയ ഷെൽട്ടറുകൾ, ലിഫ്റ്റ്, എസ്കലേറ്റർ, വിശാലമായ വാഹന പാർക്കിംഗ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. പാർക്കിങ് സൗകര്യത്തിൽ നിന്നു തന്നെ റെയിൽവേക്ക് ഗണ്യമായ വരുമാനം ലഭിക്കുന്നുണ്ട്.

വൈകിട്ടത്തെ യാത്രപ്രശ്ത്തിന് പരിഹാരമാകുമോ പുതിയ സർവീസ്

വൈകുന്നേരങ്ങളിൽ കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രാക്ലേശം രൂക്ഷമാണ്. കൊവിഡ് കാലത്ത് കോറിഡോർ മെയിന്റനൻസിന്റെ പേരിൽ നിറുത്തലാക്കിയ തൃശൂർ–കോഴിക്കോട്, ഷൊർണൂർ–കോഴിക്കോട് പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കാത്തതാണ് പ്രധാന കാരണം. നിലവിൽ വൈകിട്ട് 4.15ന് പുറപ്പെടുന്ന കണ്ണൂർ എക്സ്പ്രസ് കഴിഞ്ഞാൽ പിന്നീട് രാത്രി എട്ടിന് ഷൊർണൂരിൽ നിന്നുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസാണ് ആശ്രയം. വന്ദേഭാരതിന് വഴി നൽകാനായി ഈ ട്രെയിൻ വൈകുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. വൈകിട്ട് അഞ്ചിന് മുമ്പായി ഷൊർണൂരിൽ നിന്ന് സർവീസ് ആരംഭിക്കും വിധം പുതിയ ട്രെയിൻ ഉടൻ അനുവദിച്ചേക്കുമെന്നാണ് സൂചന.

മലബാർ മേഖലയിലാകെ നിലവിൽ ഒരു മെമു സർവീസ് മാത്രമാണുള്ളത്. രാവിലെ അഞ്ചിന് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ കണ്ണൂരിലെത്തി വൈകിട്ട് 5.20ന് തിരിച്ചോടി രാത്രി 10.55ന് ഷൊർണൂരിലെത്തും. ഈ ട്രെയിൻ പകൽ സമയത്ത് കൂടുതൽ സർവീസുകൾ നടത്തി മറ്റൊരു മെമു കൂടി അനുവദിച്ച് ഷട്ടിൽ സർവീസ് നടത്തണമെന്നാണ് ആവശ്യം.

39.03 കോടി രൂപയുടെ വരുമാനമാണ് കഴിഞ്ഞ സാമ്പത്തിക വർഷം തിരൂർസ്റ്റേഷനുണ്ടായത്.

. 85.29 ലക്ഷം യാത്രക്കാരാണ് തിരൂർ സ്റ്റേഷനെ ആസ്രയിച്ചത്.

ഒറ്റ വർഷം കൊണ്ട് 7.12 കോടി രൂപയുടെ വരുമാന വർദ്ധനവുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL