
കാളികാവ്: മൺസൂൺ കേരളത്തിൽ ജൂൺ ആദ്യവാരം തന്നെ എത്തിയെങ്കിലും മഴ ലഭ്യതയിൽ വൻകുറവുണ്ടായതിനാൽ റബർ നടീലും റീ പ്ലാന്റിംഗും മന്ദഗതിയിലായി.
ജൂൺ രണ്ടാം വാരം മുതൽ ജൂലായ് അവസാനം വരെയാണ് റബർ നടീലിന്റെ പ്രധാന സമയം.
മഴക്കുറവ് കർഷകരെ മാത്രമല്ല, റബ്ബർ നഴ്സറിക്കാർക്കും പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്.
റബർ തൈകൾ വേഗത്തിൽ വേരുപിടിക്കാനും നല്ല വളർച്ച നേടാനും മഴക്കാലം സഹായിക്കും. തൊട്ടടുത്ത വേനലിനെ അതിജീവിക്കാനും ഇത് തൈകളെ പ്രാപ്തമാക്കും.
ഈ വർഷം ഇടവപ്പാതിക്കു ശേഷം ജൂൺ 28വരെ ലഭിച്ച മഴയിൽ 33 ശതമാനത്തിന്റെ കുറവാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം കണക്കാക്കിയിട്ടുള്ളത്. പ്രതീക്ഷിച്ച മഴ 532.5 മില്ലീമീറ്ററാണെങ്കിൽ ഇതുവരെ ലഭിച്ചത് 355.6 മില്ലിമീറ്ററാണ് .
റബർ റീപ്ലാന്റിംഗ് നടത്തുന്ന തോട്ടങ്ങൾ നേരത്തെ പഴയ മരങ്ങൾ മുറിച്ചു മാറ്റി തൈകൾക്ക് നിലമൊരുക്കുന്നതും നടുന്നതും ജൂൺ, ജൂലായ് മാസങ്ങളിലാണ്. ഈ മാസങ്ങളിൽ മഴയിൽ വൻ കുറവു വന്നാൽ ആ വർഷത്തെ റീപ്ലാന്റിംഗ് മുടങ്ങും. ആഗസ്റ്റിൽ മഴ ലഭിച്ചാലും തൈ നടാൻ കർഷകർ മുന്നോട്ടുവരില്ല.
ഓരോ വർഷത്തെയും പ്ലാന്റിംഗ് ലക്ഷ്യമാക്കി വൻകിട നഴ്സറികൾ ലക്ഷക്കണക്കിന് തൈകളാണ് തയ്യാറാക്കുന്നത്.
റബർ ബോർഡിന്റെ അംഗീകാരമുള്ള നഴ്സറികളിൽ മുന്തിയ ഇനം തൈകൾക്ക് 100 മുതൽ 150 രൂപ വരെ വരും.തടമൊരുക്കി വളം ചേർത്ത് നട്ട തൈകൾ മഴക്കുറവ് മൂലം ഉണങ്ങിപ്പോയാൽ വൻ നഷ്ടമുണ്ടാവും.മഴക്കുറവ് മൂലം തൈകൾ വിറ്റു പോകാതിരുന്നാൽ നഴ്സറികൾക്കും വലിയ ബാധ്യതയാണ് വരുത്തുക.
തിരിച്ചടിയാവും
ജൂൺ മുതൽ ആഗസ്റ്റ് വരെ മതിയായ അളവിൽ മഴ ലഭിച്ചില്ലെങ്കിൽ മലയോരത്തിന്റെ സാമ്പത്തിക മേഖലയും തകർച്ച നേരിടും.
നേരത്തെ കുറവു വന്ന മഴയിൽ അൽപ്പമെങ്കിലും ആശ്വാസം കണ്ടെത്തുന്നത് സെപ്തംബർ, ഒക്‌ടോബർ മാസങ്ങളിലെത്തുന്ന തുലാവർഷമാണ്.
ഇത് വലിയ കുറവില്ലാതെ ലഭിച്ചില്ലെങ്കിൽ കൃഷിക്ക് മാത്രമല്ല കുടിവെള്ളത്തിനും മലയോരം കടുത്ത പ്രതിബന്ധി നേരിടും.കഴിഞ്ഞ കുറെ വർഷങ്ങളായി തുലാ വർഷത്തിലും വലിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട എൽനിനോ പ്രതിഭാസമാണ് ഇത്തവണത്തെ മഴുക്കുറവിന് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |