മലപ്പുറം: അഞ്ച് വർഷത്തിനുള്ളിൽ മഞ്ചേരി, പാലക്കാട് മെഡിക്കൽ കോളേജുകളെ ജനങ്ങൾക്ക് പൂർണ്ണ സൗകര്യം ലഭിക്കുന്ന രീതിയിൽ മാറ്റിയെടുക്കുമെന്ന് റവന്യൂ മന്ത്രി എ.പി.അനിൽകുമാർ. കേരളകൗമുദിയുടെ നേതൃത്വത്തിൽ മലപ്പുറം സൂര്യ റീജ്യൻസിയിൽ സംഘടിപ്പിച്ച 'മെഡിബീറ്റ്' ഹെൽത്ത് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിൽ മലപ്പുറം ജില്ലയിലുള്ളവർ പലപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. വാക്സിനേഷൻ സ്വീകരിക്കാൻ വിമുഖത കാണിക്കുന്ന ജില്ലയുടെ സ്ഥിതി മാറണം. ജില്ലയിൽ ആവശ്യത്തിന് ആരോഗ്യ വകുപ്പ് ജീവനക്കാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവമുണ്ട്. ഒരു സർക്കാർ അധികാരത്തിലെത്തിയാൽ അഞ്ച് വർഷം കൊണ്ട് പ്രശ്നം പരിഹരിക്കാമെന്ന ധാരണ തെറ്റാണ്. വികസനം അനുസൃത വളർച്ചയാണ്.
ആരോഗ്യമേഖലയിൽ സംസ്ഥാനത്തിന് പരിമിതികളുണ്ടെങ്കിലും പല വികസിത രാജ്യങ്ങളിലും ഡോക്ടറെ കാണാൻ മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ വരുമ്പോൾ കേരളം അത്തരം പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ട സാഹചര്യമില്ല. ആരോഗ്യത്തിന് അത്രയേറെ പ്രാധാന്യം നൽകുന്ന കേരളത്തിലെ ജനങ്ങൾ മികച്ച ചികിത്സാ സൗകര്യങ്ങളാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണ് ചെറിയ വീഴ്ചകൾ ഉണ്ടായാലും വലിയ ചർച്ചകൾക്ക് വഴിതുറക്കുന്നത്. കേരളത്തിൽ ഉള്ളത് പോലെ ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും ലഭ്യമായ മറ്റൊരു സംസ്ഥാനം രാജ്യത്തില്ല. കേരളത്തിലെ ഇന്നത്തെ സാമൂഹ്യ മുന്നേറ്റങ്ങളിൽ കേരളകൗമുദി വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളകൗമുദി യൂണിറ്റ് ചീഫ് സുമോദ് കാരാട്ടുതൊടി അദ്ധ്യക്ഷനായി. മലപ്പുറം ഡി.എം.ഒ വി.വിനോദ് മുഖ്യാതിഥിയായി. മലപ്പുറം ആരോഗ്യകേരളം ഡി.പി.എം ഡോ.കെ.എം.ജാനിഫ് മുഖ്യ പ്രഭാഷണം നടത്തി. ലേക്‌ഷോർ ഹോസ്പിറ്റൽ സീനിയർ കൺസൽട്ടന്റ് (ലിവർ ട്രാൻസ്‌പ്ളാന്റേഷൻ) ഡോ.ഫദ്ൽ എച്ച്.വീരാൻകുട്ടി, സർജൻ ഡോ.അജേഷ് രാജൻ, ഏബിൾ ക്യൂർ മാനേജിംഗ് ഡയറക്ടർ ഹക്കീം പൂക്കാട്ടിരി, കെ.പി.യു ചെയർമാൻ മുഹമ്മദലി പുത്തൻപീടിക, മാനേജിംഗ് ഡയറക്ടർ മണികണ്ഠൻ കോലോതൊടി എന്നിവർക്ക് ആരോഗ്യമേഖലയിലെ മികവിനുള്ള കേരളകൗമുദിയുടെ പുരസ്‌കാരവും ഇൽമ് മാനേജിംഗ് ഡയറക്ടർ കെ.എം.ഷാഫി, ഡയറക്ടർ ടി.പി.അബ്ദുൽ ലത്തീഫ്, എഡ്ജ് ടെക് മാനേജിംഗ് പാർട്ണർ പ്രദീഷ് ഗോകുലം, ആൽഫ ജീനിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ഫൗണ്ടർ ചെയർമാൻ ഡോ.റോജസ് ജോസ് എന്നിവർക്ക് ടോപ്പ് ബ്രാൻഡ് പുരസ്‌ക്കാരവും മന്ത്രി സമ്മാനിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ഷിബുലാൽ, ഐ.എം.എ മലപ്പുറം പ്രസിഡന്റ് ഡോ. കെ.ടി.അബ്ദുൾ റഷീദ്, ഐ.എം.എ മലപ്പുറം സെക്രട്ടറിയും ഫാമിലി ഫിസിഷ്യനുമായ ഡോ.കെ.മുബാറക് , ഐ.എം.എ മലപ്പുറം ട്രഷററും ഓർത്തോപീഡിക് സർജനുമായ ഡോ.കെ.ഷാജിൽ, ഐ.എം.എ കമ്മിറ്റി ടു പ്രമോട്ട് ഹെൽത്തി ഏജിംഗ് സംസ്ഥാന ചെയർപേഴ്സൺ ഡോ.കെ.എ.പരീത്, ഫിസിഷ്യൻമാരായ ഡോ.കെ.വിജയൻ, ഡോ.മുഹമ്മദ് ഹസ്സൻ, ഇ.എൻ.ടി സർജൻ ഡോ.ഹമീദ് ഇബ്രാഹീം എന്നിവർ സംസാരിച്ചു. കേരളകൗമുദി ബ്യൂറോചീഫ് ഷാബിൽ ബഷീർ സ്വാഗതവും മലപ്പുറം ഗവ.വിമൺസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് അംഗം അശ്വതി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |