മലപ്പുറം: ആരോഗ്യമേഖലയിൽ പ്രാദേശികമായി ഓരോ സ്ഥലവും എന്താണ് ആവശ്യപ്പെടുന്നതെന്ന് പ്രദേശവാസികളുമായി സംസാരിച്ച് മികച്ച പദ്ധതികൾ തയ്യാറാക്കേണ്ടത് അനിവാര്യമാണെന്ന് മലപ്പുറം ഡി.എം.ഒ ഡോ.വി.വിനോദ്. കേരളകൗമുദിയുടെ നേതൃത്വത്തിൽ മലപ്പുറം സൂര്യ റീജ്യൻസിയിൽ സംഘടിപ്പിച്ച 'മെഡിബീറ്റ്' ഹെൽത്ത് കോൺക്ലേവിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചർച്ചയിൽ നിന്ന് ഉരുത്തിരിഞ്ഞ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്ക് അനുസരിച്ച് വികസിപ്പിക്കണം. ജില്ലയുടെ ജനസംഖ്യയ്ക്കനുസരിച്ച് ആരോഗ്യ പ്രവർത്തകർ ലഭ്യമാകേണ്ടത് പ്രധാനമാണ്. യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെല്ലാം കൃത്യസമയത്ത് ചികിത്സ ലഭ്യമാകാത്ത സാഹചര്യമാണെങ്കിൽ ഇക്കാര്യത്തിൽ കേരളം മുന്നിലാണ്. ജനസംഖ്യാ ആനുപാതികമായി ആരോഗ്യപ്രവർത്തകരുടെ എണ്ണം ക്രമീകരിച്ചെങ്കിൽ മാത്രമേ ഗുണനിലവാരമുള്ള ചികിത്സ എല്ലാവരിലും എത്തൂ. ജനസാന്ദ്രതയേറിയ ഇടങ്ങളിൽ ആവശ്യത്തിന് ജീവനക്കാരില്ലെങ്കിൽ ജീവനക്കാരുടെ ജോലിഭാരം വർദ്ധിക്കും.
രാത്രികാലങ്ങളിൽ അടിയന്തര ചികിത്സ ആവശ്യമില്ലാത്ത സാധാരണ രോഗങ്ങളുമായി ആളുകൾ കാഷ്വാലിറ്റിയിൽ എത്തുമ്പോൾ യഥാർത്ഥത്തിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ജീവന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം ഗുരുതരമായ അപകടങ്ങൾ എന്നിവ നേരിട്ടവർക്ക് ആദ്യത്തെ കുറച്ച് സമയം കൃത്യമായ ചികിത്സ ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അനാവശ്യമായ തിരക്ക് കാരണം അടിയന്തര പരിചരണം ലഭിക്കേണ്ട രോഗികൾക്ക് ചികിത്സ വൈകാൻ ഇത് കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |