സ്വന്തം ലേഖകൻ
മലപ്പുറം: ജില്ലയിൽ എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ആഗസ്റ്റ് 21 മുതൽ 31 വരെയുള്ള കാലയളവിൽ മാത്രം ജില്ലയിൽ ഒമ്പത് പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. വെട്ടത്തൂർ, പാങ്ങ്, തിരുവാലി, എടക്കര, പോരൂർ, പൊന്നാനി എന്നീ പ്രദേശങ്ങളിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 26ന് ചേരിയം സ്വദേശിയായ 22 വയസ്സുള്ള യുവാവ് എലിപ്പനി ബാധിച്ച് മരണപ്പെട്ടിരുന്നു.
ജില്ലയിൽ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 133 പേർ ചികിത്സ തേടിയപ്പോൾ 24 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൂട്ടിലങ്ങാടി, തൂവൂർ, വണ്ടൂർ, പെരിന്തൽമണ്ണ, കൊണ്ടോട്ടി, കാളികാവ്, താഴെക്കോട്, മഞ്ചേരി, മക്കരപ്പറമ്പ്, പൂക്കോട്ടൂർ, അരീക്കോട് എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. മഴക്കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ കൊതുക് നശീകരണത്തിനും ശുചിത്വ പാലനത്തിനും മുൻഗണന നൽകണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവരും ശുചീകരണ തൊഴിലാളികളും പ്രതിരോധ മരുന്നായ 'ഡോക്സിസൈക്ലിൻ' നിർബന്ധമായും കഴിക്കണമെന്നും പനിയോ കഠിനമായ ശരീരവേദനയോ കണ്ണിന് ചുവപ്പോ അനുഭവപ്പെട്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ വൈദ്യസഹായം തേടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മഞ്ഞപ്പിത്തം വർദ്ധിക്കുന്നു
കഴിഞ്ഞ 10 ദിവസത്തിനിടെ ജില്ലയിൽ 35 മഞ്ഞപ്പിത്ത കേസുകളും 2,056 വയറിളക്ക രോഗ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
15,307 പേരാണ് വിവിധ സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് ഒ.പി വിഭാഗത്തിൽ ചികിത്സ തേടിയത്.
ഇതിനുപുറമേ 78 പേരെ ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്കായും പ്രവേശിപ്പിച്ചു.
പനി ബാധിതർക്കിടയിൽ രക്തത്തിൽ കൗണ്ട് കുറയുന്ന കേസുകളും കൂടിയിട്ടുണ്ട്.
ദിവസങ്ങൾ നീളുന്ന ചുമയും കഫക്കെട്ടും വൈറൽ പനിക്കൊപ്പം പിടികൂടുന്നുണ്ട്.
15,307 - പനിക്ക് ചികിത്സ തേടിയവർ
2,056 - അതിസാര രോഗികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |