
ബ്രെന്റ് ക്രൂഡിന് 108 ഡോളർ കടന്നു
കൊച്ചി: ആഗോള വിപണികളെ മുൾമുനയിലാക്കി ക്രൂഡോയിൽ വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നു. ഇന്നലെ ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 3.5 ഡോളർ വർദ്ധിച്ച് 108.3 ഡോളറിലെത്തി. അമേരിക്കയിലെ വെസ്‌റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡിന്റെ വില 3.12 ഡോളർ നേട്ടത്തോടെ 103.24 ഡോളറായി. ഡ്രോൺ ആക്രമണത്തെ തുടർന്ന് സൗദി അറേബ്യയിലെ പൈപ്പ്‌ലൈൻ അടച്ചതോടെ ആഗോള എണ്ണവിതരണത്തിന്റെ ഏകദേശം നാല് ശതമാനം വരെ തടസപ്പെടുമെന്ന ആശങ്കയാണ് വിപണിയിൽ.
നയതന്ത്ര ചർച്ചകളിൽ കാര്യമായ പുരോഗതി ദൃശ്യമല്ലാത്തതും എണ്ണ വിപണിയെ ചൂടുപിടിപ്പിച്ചു. എണ്ണവിലയിലെ അനിയന്ത്രിത കുതിപ്പ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാകുകയാണ്. രാജ്യത്തെ ക്രൂഡ് ആവശ്യത്തിന്റെ 88.7 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ഇതോടെ ഇന്ത്യയുടെ വ്യാപാര കമ്മി കുതിച്ചുയരാനും രൂപയുടെ മൂല്യത്തകർച്ച ശക്തമാകുവാനും സാദ്ധ്യതയേറി.
പൊതുമേഖല എണ്ണക്കമ്പനികൾ വിയർക്കുന്നു
ക്രൂഡോയിൽ വിലക്കുതിപ്പ് ശക്തമായതോടെ രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികൾ കടുത്ത വെല്ലുവിളി നേരിടുകയാണ്. കേന്ദ്ര സർക്കാർ വിൽപ്പന വിലയിൽ മാറ്റം വരുത്താത്തതിനാൽ പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയിലെ അണ്ടർ റിക്കവറി കൂടുകയാണെന്ന് കമ്പനികൾ പറയുന്നു. നിലവിൽ പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് ലിറ്ററിന് 23 രൂപയും വിൽപ്പന നഷ്‌ടമുണ്ടെന്നാണ് ഐ.സി.ആർ.എയുടെ വിലയിരുത്തൽ. ക്രൂഡോയിൽ വിലയിൽ പത്ത് ശതമാനം വർദ്ധനയുണ്ടായാൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മിയിലും നാണയപ്പെരുപ്പത്തിലും രൂപയുടെ മൂല്യത്തിലും കനത്ത സമ്മർദ്ദമുണ്ടാക്കും
കെ. റിജാസ്
ധനകാര്യ വിദഗ്ദ്ധൻ
ദുബായ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |