പെരിന്തൽമണ്ണ: വിദ്യാർത്ഥി വേട്ട യു.ഡി.എഫിന്റെ കൂടെപ്പിറപ്പാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ജയരാജൻ. ആക്രമണത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് എൻ.ആദിൽ, പ്രസിഡന്റ് എം.സുജിൻ എന്നിവരെ സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ ക്രൂരമായി വിദ്യാർത്ഥികളെ വേട്ടയാടിയത് എം.എസ്.എഫിന്റെയും ലീഗിന്റെയും ഗുണ്ടകളാണ്. തിരഞ്ഞെടുപ്പിന് മാത്രമായി അഡ്മിഷൻ നേടുക, എസ്.എഫ്.ഐക്കാരെ ആക്രമിക്കുക, തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പഠനം നിറുത്തുക... ഇതാണ് രണ്ടു മൂന്നുവർഷമായി എം.എസ്.എഫുകാർ തുടർന്നുകൊണ്ടിരിക്കുന്നത്. എം.എസ്.എഫുകാർ ക്യാമ്പസിൽ വരുന്നത് പഠിക്കാനല്ല, മർദ്ദിക്കാനായാണ്. വിദ്യാർത്ഥികളാണ് എസ്.എഫ്.ഐയുടെ കരുത്ത്. ആയുധമാണ് എം.എസ്.എഫിന്റെയും ലീഗിന്റെയും കരുത്ത്. അക്രമണദൃശ്യങ്ങൾ കണ്ടാൽ എസ്.എഫ്.ഐയുടെ ഭാഗത്ത് തെറ്റില്ലെന്ന് ബോധ്യമാകും. ക്യാമ്പസ് യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും എസ്.എഫ്.ഐ വിജയിച്ചു. ഇതിനുശേഷം അർദ്ധരാത്രിയിലാണ് ആശുപത്രിയിൽ കയറി എസ്.എഫ്.ഐ നേതാക്കളെ മർദ്ദിച്ചത്. മനുഷ്യരാണെങ്കിൽ ആശുപത്രയിൽ കയറി ആരെയും മർദ്ദിക്കില്ലെന്നും എം.വി.ജയരാജൻ പറഞ്ഞു. സി.പി.എം പെരിന്തൽമണ്ണ ഏരിയാ സെക്രട്ടറി ഇ.രാജേഷും ഒപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |