മലപ്പുറം: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണക്കടത്തും കടത്തിക്കൊണ്ടുവരുന്ന സ്വർണം തട്ടിയെടുക്കുന്ന 'പൊട്ടിക്കൽ' സംഘങ്ങളും വീണ്ടും സജീവമാകുന്നു. നാലുദിവസത്തിനിടെ രണ്ടുസംഭവങ്ങളിലായി രണ്ടു സ്ത്രീകളടക്കം ഒമ്പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു കേസുകളിലും വിദേശത്തുനിന്ന് സ്വർണം കടത്തിക്കൊണ്ടുവന്നത് സ്ത്രീകളായിരുന്നു. ഒരുകോടിയിലേറെ രൂപയുടെ സ്വർണം തട്ടിയെടുക്കാനുള്ള ശ്രമവും യുവതിയെ തട്ടിക്കൊണ്ടുപോയെന്ന പ്രതീതിയുണ്ടാക്കി സ്വർണം കവരാനുള്ള നീക്കവുമാണ് പൊലീസ് തകർത്തത്. നവംബർ രണ്ടിന് ബഹ്‌റൈനിൽ നിന്നെത്തിയ ഇടുക്കി വണ്ടൻമേട് സ്വദേശിനി അഭിരാമി ഭാഗ്യരാജിന്റെ (27) കൈവശമുണ്ടായിരുന്ന 817 ഗ്രാം സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിലായി. ഏകദേശം 1.10 കോടി രൂപ വിലവരുന്ന സ്വർണമായിരുന്നു ലക്ഷ്യം.
ദുബായിൽ നിന്ന് 18 പവൻ സ്വർണവുമായി എത്തിയ തലശ്ശേരി തിരുവങ്ങാട് സ്വദേശിനി പ്രിയങ്കയെ (34) കേന്ദ്രീകരിച്ചായിരുന്നു രണ്ടാമത്തെ നീക്കം. യുവതിയെ തട്ടിക്കൊണ്ടുപോയെന്ന പ്രതീതിയുണ്ടാക്കി സ്വർണം കവരാനായിരുന്നു പദ്ധതി. ഭർത്താവാണ് പിന്നിലെന്നായിരുന്നു ആദ്യ വിവരം. എന്നാൽ, പദ്ധതി ആസൂത്രണം ചെയ്തത് പ്രിയങ്ക തന്നെയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രിയങ്കയുൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ 12 കിലോമീറ്ററോളം പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്. നാലുവർഷത്തിനിടെ 22 സ്വർണം പൊട്ടിക്കൽ സംഭവങ്ങളാണ് കരിപ്പൂരിൽ പൊലീസ് പിടികൂടിയത്.
സ്ത്രീകൾ കാരിയർമാർ
സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരെയും വിദേശയാത്രയ്ക്ക് താത്പര്യമുള്ളവരെയും പണം വാഗ്ദാനം ചെയ്താണ് കടത്തുസംഘങ്ങൾ കാരിയർമാരാക്കുന്നത്. ഒരുകിലോ സ്വർണം കടത്തുമ്പോൾ 60,000 മുതൽ 75,000 രൂപ വരെ പ്രതിഫലമായി ലഭിക്കും. രണ്ടുവർഷം മുമ്പുവരെ ഇത് 20,000-30,000 രൂപയായിരുന്നു. സ്വർണത്തിന്റെ വില കുത്തനെ ഉയർന്നതോടെ കടത്തുപ്രതിഫലവും വർദ്ധിച്ചു. പുറമെ യാത്രയ്ക്കുള്ള സൗകര്യങ്ങളും സ്വർണം കൈമാറേണ്ടവരുടെ വിവരങ്ങളും കടത്തുസംഘങ്ങൾ നൽകും. ചിലർ ലക്ഷ്യമറിയാതെയും മറ്റുചിലർ പ്രതിഫലം പ്രതീക്ഷിച്ച് അറിഞ്ഞുകൊണ്ടും ഇതിന് തയ്യാറാകുന്നു.
സ്ത്രീകളെ കാരിയർമാരാക്കുന്നത് പരിശോധനകളിൽ സംശയം കുറയ്ക്കുമെന്ന കണക്കുകൂട്ടലിലാണ് സംഘങ്ങൾ. ആഭരണങ്ങളായും വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ചും പ്രത്യേകമായി തയ്യാറാക്കിയ വസ്തുക്കളിലാക്കിയുമാണ് സ്വർണം കടത്തുന്നത്. പേസ്റ്റ് രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിക്കുന്ന രീതിയുമുണ്ട്. സ്ത്രീകളെ കാരിയർമാരാക്കുന്ന സംഘങ്ങൾക്കെതിരെ കസ്റ്റംസും ഡി.ആർ.ഐയും പൊലീസും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
വിദേശത്ത് നിന്ന് സ്വർണം കൈമാറുന്നവർ, കാരിയർമാരെ കണ്ടെത്തുന്നവർ, വിമാനത്താവളത്തിന് പുറത്ത് സ്വർണം ഏറ്റുവാങ്ങുന്നവർ, ഇവരെ പിന്തുടർന്ന് സ്വർണം തട്ടിയെടുക്കുന്നവർ എന്നിങ്ങനെ വിവിധ കണ്ണികളുള്ളതാണ് സംഘങ്ങളുടെ പ്രവർത്തനം. കാരിയർമാരെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തിയാണ് പൊട്ടിക്കൽ സംഘങ്ങൾ കവർച്ച ആസൂത്രണം ചെയ്യുന്നത്. കാരിയർമാർ പിടിയിലാകുമ്പോഴും പിന്നിലെ ആസൂത്രകരിലേക്കെത്തുന്നത് പൊലീസിന് വെല്ലുവിളിയാണ്. കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കൽ സംഘങ്ങളുടെ പ്രവർത്തനം രാമനാട്ടുകര വാഹനാപകടത്തോടെയാണ് വലിയ ചർച്ചയായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |