മലപ്പുറം: റോഡിലെ ഒരുനിമിഷത്തെ അശ്രദ്ധ എങ്ങനെ ജീവിതകാലം മുഴുവൻ നീളുന്ന ദുരന്തമായി മാറുമെന്ന് മലപ്പുറം എം.എസ്.പി എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾക്ക് മുന്നിൽ തുറന്നുകാട്ടി കേരളകൗമുദി സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ്. വാഹനാപകടങ്ങളുടെ നേർക്കാഴ്ചകളും അപകടങ്ങളുടെ ഭീകരതയും വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെ പ്രദർശിപ്പിച്ചായിരുന്നു അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഷൂജ മാട്ടട കുട്ടികൾക്ക് ക്ലാസെടുത്തത്. അപകടങ്ങൾക്ക് കാരണമാകുന്ന അശ്രദ്ധകൾ, റോഡ് നിയമലംഘനങ്ങളുടെ നിയമപരമായ പ്രത്യാഘാതങ്ങൾ, കുട്ടികൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ എന്നിവയും വിശദീകരിച്ചു. വാഹനാപകടങ്ങൾ സൃഷ്ടിക്കുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ ആഘാതങ്ങൾ സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം വിശദീകരിച്ചു. റോഡിൽ സംഭവിക്കുന്ന ചെറിയ പിഴവുകൾ പോലും ചിലപ്പോൾ വിലപ്പെട്ട ജീവനുകൾ കവർന്നെടുക്കുമെന്ന് അപകട ദൃശ്യങ്ങളിലൂടെ വിദ്യാർത്ഥികളെ ബോദ്ധ്യപ്പെടുത്തി. പ്രായപൂർത്തിയാകുന്നതിന് മുമ്പ് വാഹനമോടിക്കുന്നതിന്റെ അപകടങ്ങളും അതിനുള്ള നിയമനടപടികളും പ്രത്യേകം വിശദീകരിച്ചു. അപകടങ്ങളിൽപ്പെടുന്നതോടെ കുട്ടികളുടെ ഭാവിയും കുടുംബത്തിന്റെ പ്രതീക്ഷകളും തകരുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവയുടെ ഉപയോഗം, റോഡ് മുറിച്ചുകടക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ, കാൽനടയാത്രക്കാരുടെ ഉത്തരവാദിത്വങ്ങൾ, വാഹനമോടിക്കുമ്പോഴുള്ള ജാഗ്രത തുടങ്ങിയ വിഷയങ്ങളും ക്ലാസിൽ വിശദീകരിച്ചു. റോഡ് നിയമങ്ങൾ ഭയന്ന് പാലിക്കേണ്ടവയല്ലെന്നും സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമാണെന്നും ഷൂജ മാട്ടട പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |