SignIn
Kerala Kaumudi Online
Monday, 09 November 2026 4.30 AM IST

ഷിഗല്ല വ്യാപിക്കുന്നു; പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്

മലപ്പുറം: ജില്ലയിൽ ഷിഗല്ല വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ് അധികൃതർ. രോഗബാധിത പ്രദേശങ്ങളിലെ വീടുകളിലും കിണറുകളിലും സൂപ്പർ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഏലംകുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പ്രത്യേക സ്‌ക്വാഡ് പ്രവർത്തനങ്ങളും വീടുവീടാന്തരമുള്ള രോഗനിരീക്ഷണവും ആരംഭിച്ചു.

നിലവിൽ ഒൻപത് പേർക്കാണ് ജില്ലയിൽ ഷിഗല്ല സ്ഥിരീകരിച്ചിട്ടുള്ളത്. പെരിന്തൽമണ്ണ ഏലംകുളത്ത് ഒക്ടോബർ 31ന് നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്ത 114 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ വിപുലമായ പരിശോധനയിലാണ് കൂടുതൽ പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലായത്. അമരമ്പലം അഞ്ചാംമൈൽ മേഖലയിൽ നാല് വയസുകാരിക്ക് ഷിഗല്ല സ്ഥിരീകരിച്ചതോടെ പ്രദേശത്തെ വൈകുന്നേരം പ്രവർത്തിക്കുന്ന ചായക്കടകൾക്കും തട്ടുകടകൾക്കും ആരോഗ്യവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അമരമ്പലം പഞ്ചായത്തിലെ മുഴുവൻ ഭക്ഷ്യവിതരണ സ്ഥാപനങ്ങളിലും പരിശോധന വ്യാപിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
വിവാഹച്ചടങ്ങിൽ പങ്കെടുത്തവർക്ക് പുറമെ നിലമ്പൂർ അമരമ്പലത്തെ കടയിൽ നിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസ്സുകാരിക്കും പാലുണ്ടയിലെ കടയിൽ നിന്ന് മന്തി കഴിച്ച രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധയ്ക്ക് കാരണമായെന്ന് സംശയിക്കുന്ന ഭക്ഷണശാലകൾ അധികൃതർ താൽക്കാലികമായി അടപ്പിച്ചു. രോഗം ബാധിച്ചവരിൽ നിലവിൽ രണ്ട് പേരാണ് പെരിന്തൽമണ്ണ, നിലമ്പൂർ താലൂക്ക് ആശുപത്രികളിലായി അഡ്മിറ്റായിട്ടുള്ളത്.

വേണ്ട സ്വയംചികിത്സ

വയറിളക്കമോ മറ്റ് അസ്വസ്ഥതകളോ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ തന്നെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

നിർജലീകരണം തടയുന്നതിനായി ഒ.ആർ.എസ് ലായനി, തിളപ്പിച്ചാറ്റിയ കഞ്ഞിവെള്ളം എന്നിവ ധാരാളമായി കുടിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

പ്രധാന ലക്ഷണങ്ങൾ

കടുത്ത വയറിളക്കം, ശക്തമായ വയറുവേദന, പനി, ഛർദ്ദി, ഓക്കാനം, മലത്തിൽ രക്തത്തിന്റെ അംശം.

ആകെ രോഗബാധിതർ- ഒൻപത്

നിലവിൽ ഷിഗല്ല സ്ഥിരീകരിച്ച ആരുടേയും നില ഗുരുതരമല്ല. രോഗവ്യാപനം തടയാനുള്ള മുൻകരുതൽ നടപടികൾ തുടരുന്നുണ്ട്.

ഡോ.സി.ഷുബിൻ, ഡെപ്യൂട്ടി ഡി.എം.ഒ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL