SignIn
Kerala Kaumudi Online
Tuesday, 15 September 2026 4.11 PM IST

തിരഞ്ഞെടുപ്പ് പ്രചാരണം മുതൽ വോട്ടെടുപ്പ് വരെ പ്ലാസ്റ്റിക്കിന് വിലക്ക്

election

മലപ്പുറം: പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പിനായി പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക്കുൾപ്പടെ പ്രചാരണ സാമഗ്രികൾക്ക് വിലക്കേർപ്പെടുത്തി തിരെഞ്ഞെടുപ്പ് കമ്മീഷൻ. ഇത് പ്രകാരം സ്ഥാനാർത്ഥികൾ രാഷ്ട്രീയ പാർട്ടികൾ എന്നിവർക്ക് പ്രചാരണ പ്രവർത്തനങ്ങൾക്കായി പി.വി.സികൾ, ബാനറുകൾ, ബോർഡുകൾ, പ്ലാസ്റ്റിക് കൊടി തോരണങ്ങൾ എന്നിവ ഉപയോഗിക്കാനാവില്ല. പി.വി.സി പ്ലാസ്റ്റിക് കലർന്ന കൊറിയൻ ക്ലോത്ത്, നൈലോൺ, പോളിസ്റ്റർ, പോളിസ്റ്റർ കൊണ്ടുള്ള തുണി തുടങ്ങി പ്ലാസ്റ്റിക് അംശമുള്ള പുനഃചംക്രമണ സാധ്യമല്ലാത്തവ ഉപയോഗിച്ച് നിർമ്മിച്ച ബാനർ, ബോർഡുകൾ തുടങ്ങിയവയും ഉപയോഗിക്കാനാവില്ല. രാഷ്ട്രീയ പാർട്ടികളുടെ ഇലക്ഷൻ ഓഫീസുകൾ അലങ്കരിക്കുന്നതിനും പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കാനാണ് കമ്മീഷൻ നിർദേശം.

ഇതിന് പകരമായി മുഴുവനായും കോട്ടണിൽ നിർമിച്ച തുണി, പേപ്പർ, പോളി എത്തിലീൻ തുടങ്ങി പുനരുപയോഗിക്കാവുന്നതോ പുനഃചംക്രമണ സാദ്ധ്യമായതോ ആയ വസ്തുക്കൾ ഉപയോഗിച്ചുള്ള ബാനറുകൾ, ബോർഡുകൾ എന്നിവ മാത്രമേ പ്രചാരണ പരിപാടികൾക്കായി ഉപയോഗിക്കുവാൻ പാടുള്ളൂ. ഇത്തരം മെറ്റീരിയൽ ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്ന സാമഗ്രികളിൽ റീസൈക്ലബിൾ, പി.വി.സി ഫ്രീ എന്ന ലോഗോയും ഉപയോഗം അവസാനിക്കുന്ന തീയതിയും പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും പ്രിന്റിങ് നമ്പറും നിർബന്ധമായും ഉൾപ്പെടുത്തണം.

നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാൽ ആവശ്യമായ നിയമ നടപടികൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ സ്വീകരിക്കും. പുനരുപയോഗ യോഗ്യമായ പ്രചാരണ സാമഗ്രികൾ ഉപയോഗ ശേഷം അതത് രാഷ്ട്രീയ പാർട്ടികൾ തന്നെ ശേഖരിക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകർമ്മ സേന മുഖേന സർക്കാർ കമ്പനിയായ ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയും വേണം. പോളിംഗ് ബൂത്തുകൾ സജ്ജമാക്കുമ്പോൾ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പൂർണമായും ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദ്ദേശമുണ്ട്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികളിൽ ഗ്രീൻ പ്രോട്ടോക്കോൾ സംബന്ധിച്ച് ബോധവൽക്കരണം നടത്താനും ബയോ മെഡിക്കൽ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് സംബന്ധിച്ച ഉത്തരവ് പ്രകാരം നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. ശുചിത്വ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടറാണ് ഹരിതചട്ടം പാലിക്കുന്നത് സംബന്ധിച്ച നോഡൽ ഓഫീസർ. വിവിധ വകുപ്പുകൾ, ശുചിത്വമിഷൻ എന്നിവയെ ഏകോപ്പിച്ച് തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹാർദ്ദമാക്കുന്നതിനുള്ള ചുമതല ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്കാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL