
പട്ടാമ്പി: ആനക്കര ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വഴിനീളെ വിളക്കുതൂണുകളുണ്ടെങ്കിലും അവയിൽ പലതും കത്തുന്നില്ലെന്ന് പരാതി. നേരമിരുട്ടിയാൽ പലയിടത്തും വാഹനങ്ങളിലെ വെളിച്ചം മാത്രമാണ് ആകെയുള്ള ആശ്രയം. അല്ലെങ്കിൽ വഴികാണാൻ മൊബൈൽ വെളിച്ചമോ ടോർച്ചോ കൈയിൽ കരുതണം. കാലങ്ങളായി മേഖലയിലെ കാൽനടയാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. പറഞ്ഞിട്ടും പ്രതിഷേധിച്ചിട്ടും കാര്യമില്ലെന്നായതോടെ നാട്ടുകാരും മടുത്ത മട്ടാണ്. ആനക്കര പഞ്ചായത്തിൽ ഉൾപ്പെടുന്ന പലപ്രദേശങ്ങളിലെയും ഭൂരിഭാഗം വഴിവിളക്കുകളും പ്രവർത്തനരഹിതമായിട്ട് കാലങ്ങളായി. സന്ധ്യയായാൽ തെരുവുനായ്ക്കളും ഇഴജന്തുക്കളും റോഡ് കൈയടക്കും. കാട്ടുപന്നികൾ കൂട്ടത്തോടെ റോഡ് മുറിച്ചുകടക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. തെരുവ് വിളക്കുകൾ പലതും കണ്ണടച്ചതോടെ സാമൂഹിക വിരുദ്ധരുടെ ശല്യവും ഏറെ കൂടിയിട്ടുണ്ട്. പെരുമ്പലം, പന്നിയൂർ, നയ്യൂർ, കൂടല്ലൂർ, മണ്ണിയംപെരുമ്പലം, പട്ടിപ്പാറ, മേലെഴിയം, ഉമ്മത്തൂർ, ആനക്കര, മലമൽക്കാവ്, വരട്ടിപ്പള്ളിയാൽ എന്നീ പ്രദേശങ്ങളിലെ പല ഗ്രാമീണപാതകളും അങ്ങാടികളും സന്ധ്യമയങ്ങിയാൽ കൂരിരുട്ടിലാണ്. പേരിന് ഒന്നോ രണ്ടോ വിളക്കുകൾ കത്തുന്നതൊഴിച്ചാൽ ഈ ഭാഗത്ത് മറ്റുവിളക്കുകളൊന്നും തെളിയുന്നില്ല. ആനക്കര പഞ്ചായത്തിലെ 16 വാർഡുകളിലായി 1,000ത്തോളം തെരുവുവിളക്കുകളുണ്ട്. ഇതിൽ 50 ശതമാനവും കത്താറില്ല. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഹൈമാസ്റ്റ്, ലോമാസ്റ്റ് വിളക്കുകളുടെയും സ്ഥിതി ഇതുതന്നെ.
തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണിയും പരിപാലനവും സ്വകാര്യ കരാറുകമ്പനികളെയാണ് ഏൽപ്പിച്ചിരിക്കുന്നത്. എന്നാൽ കരാറിൽ വ്യക്തമായ വ്യവസ്ഥകളുണ്ടെങ്കിലും ഒന്നും പാലിക്കപ്പെടുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. എത്രയും വേഗം തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇപ്പോഴത്തെ ആനക്കര ഗ്രാമ പഞ്ചായത്ത് ഭരണസമിതി നിലവിൽ വന്നതിൽ എതിർപ്പുളള ചില സാമൂഹ്യ വിരുദ്ധർ പലയിടത്തും തെരുവ് വിളക്കുകൾ പ്രവർത്തന രഹിതമാക്കിയ കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അവിടെങ്ങളിലെല്ലാം സി.സി.ടി.വി കാമറകൾ ഉൾപ്പെടെയുള്ള ലൈറ്റ് സിസ്റ്റം സ്ഥാപിക്കാനുള്ള ആലോചനയിലാണ് ഗ്രാമ പഞ്ചായത്ത് ഭരണസമിതി.
കെ.പി.മുഹമ്മദ്, പഞ്ചായത്ത് അംഗം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |