മുതലമട: കീടബാധകളും കാലാവസ്ഥ വ്യതിയാനവും മൂലം കഴിഞ്ഞ വർഷങ്ങളിൽ കോടികളുടെ നഷ്ടം നേരിട്ട മുതലമടയിലെ മാങ്ങ കർഷകർക്ക് പുതിയ മാർഗ നിർദ്ദേശങ്ങളുമായി കൃഷിവകുപ്പ്. പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രം, പട്ടാമ്പി പ്രാദേശിക ഗവേഷണ കേന്ദ്രം, മുതലമട കൃഷിഭവൻ എന്നിവിടങ്ങളിലെ കൃഷി വിദഗ്ധരായ ഡോ. കെ.വി.സുമിയ, ഡോ. ജെ.രശ്മി, ഡോ. മാലിനി നിലാമുദ്ദീൻ, കൃഷി ഓഫീസർ സി.അശ്വതി തുടങ്ങിയവർ ചേർന്ന് തയ്യാറാക്കിയ പദ്ധതിയിൽ സംയോജിത കീട നിയന്ത്രണവും പരിസ്ഥിതി സൗഹൃദ കൃഷി രീതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. തുള്ളൻ, ഇലപ്പേൻ, ഇലതീനി പുഴുക്കൾ തുടങ്ങിയ കീടങ്ങളുടെ ആക്രമണവും കൊമ്പുണക്കം ആന്ധ്രക്ക് നോസ് തുടങ്ങിയ രോഗങ്ങളുമാണ് മാവിന് കൂടുതലായി കണ്ടുവരുന്നത്.
കീടങ്ങളും നിയന്ത്രണ മാർഗങ്ങളും
1. തുള്ളൻ(ഹോപ്പർ): ഇളം തവിട്ടും കറുപ്പും നിറത്തോടുകൂടിയ ചെറുപ്രാണികൾ കൂട്ടമായി മാവിന്റെ തടിയിലും പൂങ്കുലകളിലും ഇളം തണ്ടുകളിലും കാണുന്നു. ഏക്കറിന് 5 എന്ന തോതിൽ മഞ്ഞ പശക്കെണികൾ ഇല ചാർത്തിനിടയിൽ തൂക്കിയിടുക. തുള്ളനെ കണ്ടു തുടങ്ങുമ്പോൾ തന്നെ അസാഡിറാക്സിൻ 10000 പി.പി.എം ഒരു ലിറ്ററിന് രണ്ട് മില്ലി എന്ന അളവിൽ തളിച്ചു കൊടുക്കുക. മെറ്റാറൈസിയം ആനൈസോപ്ലിയ എന്ന മിത്ര കൃമികൾ കുഴമ്പ് പരുവത്തിൽ രണ്ടാഴ്ച ഇടവിട്ട് തടിയിൽ തേച്ചു കൊടുക്കുക.
2. ഇലപ്പേൻ (ത്രിപ്പ്സ്): തളിരുകളുടെയും പൂങ്കുലകളുടെയും ഉള്ളിൽ മുറിവുണ്ടാക്കി നീര് ഊറ്റി കുടിക്കുകയാണ് ഈ ചെറുപ്രാണികളുടെ രീതി. നീല പശ കെണികൾ ഏക്കറിന് 5 എന്ന തോതിൽ ഇല ചാർത്തിനിടയിൽ തൂക്കിയിടുക. ബ്യുവേറിയ ബാസിയാന അല്ലെങ്കിൽ ലക്കാനിസിനിയം ലെക്കാനി മിത്രക്കുമിൾ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചു കൊടുക്കുക.
3. ഇലതീനി പുഴുക്കൾ: ഇവയുടെ ആക്രമണം കണ്ടു തുടങ്ങുമ്പോൾ തന്നെ ബ്യൂവേറിയ ബിസിയാന 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി രണ്ടാഴ്ചയിലൊരിക്കൽ തളിച്ചു കൊടുക്കുക.
കൊമ്പുണക്കം
അന്തരീക്ഷത്തിൽ ഈർപ്പം നിലനിൽക്കുന്ന കാലാവസ്ഥയിൽ മാവിനെ ബാധിക്കുന്ന രോഗമാണ് കൊമ്പുണക്കം. കൊമ്പുകൾ തലപ്പിൽ നിന്ന് താഴേക്ക് ഉണങ്ങി വരുന്നതാണ് രോഗലക്ഷണം. ഉണങ്ങിയതിന്റെ തൊട്ടു താഴെ വച്ച് മുറിച്ചുമാറ്റി ബോർഡോ കുഴമ്പ്(10% വീര്യത്തിൽ തയ്യാറാക്കിയ തുരിശ് ചുണ്ണാമ്പു മിശ്രിതം) തേച്ച് പിടുപ്പിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |