SignIn
Kerala Kaumudi Online
Saturday, 24 October 2026 6.56 AM IST

യൂറിയ ക്ഷാമം രൂക്ഷം; കൃഷിച്ചെലവ് താങ്ങാനാവാതെ കർഷകർ

പാലക്കാട്: നെൽകർഷകരെ പ്രതിസന്ധിയിലാക്കി യൂറിയ വളത്തിന് കടുത്ത ക്ഷാമം. രണ്ടാംവിള നെൽകൃഷിക്ക് വളപ്രയോഗം നടത്തേണ്ട സമയത്താണ് കൃഷി വകുപ്പിന്റെ വിതരണ സംവിധാനങ്ങളിൽ കുറവ് വന്നത്. തമിഴ്നാട്ടിൽ നിന്നെത്തിക്കുന്ന യൂറിയ കരിഞ്ചന്തയിൽ വാങ്ങേണ്ട സ്ഥിതിയിലാണ് പാലക്കാട്ടെ നെൽ കർഷകർ. മണ്ണിന്റെ സംപുഷ്ടി നിലനിറുത്താനും കീടങ്ങളെ അകറ്റാനും അനിവാര്യമാണ് യൂറിയ ഉൾപ്പെടെയുള്ള വളങ്ങൾ. നെൽ കർഷകർക്ക് ഇത് അടിസ്ഥാന ആവശ്യങ്ങളുടെ പട്ടികയിലാണ്. രണ്ടാംവിള നെൽകൃഷിയിൽ കതിരണിഞ്ഞിട്ടും യൂറിയ വേണ്ടത്ര അളവിൽ പ്രയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. നെല്ല് സംഭരണത്തിലെ മെല്ലെപ്പോക്ക് വളം വിതരണത്തിലും തുടരുന്നുവെന്ന് കർഷകർ. സഹകരണ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ നേരത്തെ സംഭരിച്ചിരുന്ന യൂറിയ വിലയിൽ വ്യത്യാസം വരുത്താതെ കർഷകർക്ക് വിതരണം ചെയ്യുന്നുണ്ടെങ്കിലും ക്ഷാമത്തിന് പൂർണ പരിഹാരമില്ല. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന നെൽ കർഷകർക്ക് വളത്തിന് അധിക വില നൽകേണ്ടി വരുന്ന സാഹചര്യം അതിജീവിക്കുക ശ്രമകരമായിരിക്കും. പ്രതിസന്ധി താൽക്കാലികമാണെന്നും കൂടുതൽ വളമെത്തിക്കാനുള്ള ശ്രമം തുടരുന്നതായും കൃഷിവകുപ്പിന്റെ വിശദീകരണം.

 ഫാക്ടംഫോസിന് വിലവർദ്ധിച്ചു

രണ്ടാംവിളയിറക്കിയ പാടശേഖരങ്ങളിൽ വളമിടൽ ഉൾപ്പെടെയുള്ള ജോലികൾ ഊർജിതമാവുന്നതിനിടെ ഫാക്ടംഫോസ് വളത്തിന്റെ വില വർദ്ധിച്ചു. 50 കിലോ ചാക്കിന് 1,225 രൂപയിൽ നിന്ന് 1,300 രൂപയായി ചില്ലറ വില്പനശാലകളിൽ വില ഉയർന്നു. പൊതുമേഖലാ സ്ഥാപനമായ എഫ്.എ.സി.ടി. വിപണിയിലിറക്കുന്ന 20:20:0:13 വളത്തിനാണ് വിലക്കയറ്റം. ഇതോടൊപ്പം സ്പിക്, മാംഗളൂർ കെമിക്കൽസ്, ഇഫ്‌കോ, ആർ.സി.എഫ്. തുടങ്ങിയ മറ്റുകമ്പനികളുടെ ഇതേ ചേരുവയുള്ള 20:20 വളങ്ങൾക്കും വിലകൂടി. രണ്ടാംവിള നെൽക്കൃഷി ആരംഭിക്കുന്ന സമയത്തുണ്ടായ വിലക്കയറ്റം കൃഷിച്ചെലവിനത്തിൽ കർഷകർക്ക് അധികബാദ്ധ്യതയായി. വളത്തിന്റെ മുഖ്യ ചേരുവയായ ഫോസ്‌ഫോറിക് ആസിഡിന്റെ ഇറക്കുമതിച്ചെലവിലുണ്ടായ വർധനയാണ് വളംവില കൂട്ടാനുള്ള കാരണമായി കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്. സ്വകാര്യ വളംവില്പനശാലകൾക്ക് പുറമേ സഹകരണബാങ്കുകളുടെ വളംഡിപ്പോകളിൽനിന്നാണ് കർഷകർ രാസവളം വാങ്ങുന്നത്. കേന്ദ്രസർക്കാർ നെല്ലുസംഭരണവില കിലോയ്ക്ക് ഒരു രൂപ 17 പൈസ വർദ്ധിപ്പിച്ചത് അടുത്തിടെയാണ്. ഇത് കർഷകർക്ക് ആശ്വാസമായെങ്കിലും തൊട്ടുപിന്നാലെ രാസവളത്തിന്റെ വില കിലോയ്ക്ക് ഒന്നരരൂപ വർധിപ്പിച്ചത് ഇരുട്ടടിയായി. വിലക്കയറ്റം നെൽക്കൃഷിയെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് കർഷകർ പറയുന്നു. ട്രാക്ടർ, നടീൽയന്ത്രം എന്നിവയുടെ വാടക, ഇന്ധനച്ചെലവ്, സ്‌പെയർപാർട്സ് വില എന്നിവയും ആനുപാതികമായി കൂടി. മണിക്കൂറിന് 2,400 രൂപയുണ്ടായിരുന്ന കൊയ്ത്തുവണ്ടിവാടക കഴിഞ്ഞ ഒന്നാംവിള സീസണിൽ പലയിടത്തും 2,700 രൂപവരെ കൂട്ടിയിരുന്നു. ചെളിനിറഞ്ഞ പാടത്തിൽ കൊയ്ത്തിനുള്ള വണ്ടികളുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് യാതൊരു മാനദണ്ഡവുമില്ലാതെ കൊയ്ത്തുവണ്ടി ഇടനിലക്കാർ തുകയീടാക്കിയതെന്ന് കർഷകർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FARMERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL