SignIn
Kerala Kaumudi Online
Saturday, 24 October 2026 6.56 AM IST

ചന്ദന മരങ്ങളുടെ സംരക്ഷണത്തിന് സാൻഡൽ ടാസ്‌ക് ഫോഴ്സ്

  • അട്ടപ്പാടിയിൽ 13 ചന്ദനമരസംരക്ഷിത മേഖലകൾ

മണ്ണാർക്കാട്: മറയൂർ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചന്ദനക്കാടുകളുള്ള മണ്ണാർക്കാട്, അട്ടപ്പാടി മേഖലയിൽ ചന്ദനമരങ്ങളുടെ സംരക്ഷണത്തിന് പ്രത്യേകസംഘത്തെ രൂപവത്കരിച്ച് വനംവകുപ്പ്. സാൻഡൽ ടാസ്‌ക് ഫോഴ്സ് എന്നുപേരുള്ള പ്രത്യേക സംഘത്തിന്റെ ലക്ഷ്യം ചന്ദനക്കൊള്ള തടയുകയാണ്. ഒരു കാലത്ത് ചന്ദനക്കടത്തിന് പേരുകേട്ട സ്ഥലമായിരുന്നു മണ്ണാർക്കാടും അട്ടപ്പാടിയും. അട്ടപ്പാടിയിലെ വനമേഖലകളിൽ ചന്ദനമരങ്ങൾ സുലഭമാണ്. 13 ചന്ദനമര സംരക്ഷിത മേഖലകളാണ് ഇവിടെയുള്ളത്. അതേസമയം വനപാലകരുടെ കണ്ണുവെട്ടിച്ച് പ്രാദേശികരായ ചിലരുടെ സഹായത്തോടെ ചന്ദനക്കടത്ത് ഇടയ്ക്കിടെ സംഭവിക്കുന്നുമുണ്ട്. ഇവിടം കേന്ദ്രീകരിച്ച് ചന്ദനക്കടത്ത് സംഘം പ്രവർത്തിക്കുന്നതായാണ് വിവരം. ഇതിനുതടയിടുകയാണ് സംഘത്തിന്റെ ലക്ഷ്യം. മറയൂർ പോലെ ഒരു നിശ്ചിത ഏരിയയിൽ സംരക്ഷിക്കപ്പെടുന്ന ചന്ദനമരക്കാടുകളല്ല അട്ടപ്പാടിയിലും മണ്ണാർക്കാടുമുള്ളത്. വനത്തിനുള്ളിൽ പലയിടങ്ങളിലായി കൂട്ടത്തോടെയാണ് ചന്ദനമരങ്ങളുള്ളത്. ഇതിനിടയിൽ ഗോത്രജനതയുടെ ആവാസകേന്ദ്രങ്ങളുമുള്ളതിനാൽ നിരീക്ഷണം എപ്പോഴും സാധ്യവുമല്ല. തമിഴ്നാട് അതിർത്തി പങ്കിടുന്നതിനാൽ മുറിച്ചുമാറ്റിയ ചന്ദനത്തടികൾ ഊടുവഴികളിലൂടെ കടത്താനും കൊള്ളസംഘത്തിന് എളുപ്പമാണ്.

കഴിഞ്ഞ ഒരുമാസത്തോളമായി സാൻഡിൽ ടാക്സ് ഫോഴ്സ് മേഖലയിൽ സജീവമായി പ്രർത്തിച്ചുവരികയാണ്. ഇതിന്റെ ഫലമായി ഒരാഴ്ചമുൻപ് മണ്ണാർക്കാട് അരകുറുശ്ശി ഭാഗത്ത് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഒമ്പത് കിലോ ചന്ദനവുമായി മൂന്നുപേരെ അറസ്റ്റുചെയ്തു. സാൻഡൽ ടാക്സ് ഫോഴ്സിന്റെ നേതൃത്വത്തിൽ പിടികൂടുന്ന ആദ്യ കേസുകൂടിയാണിത്. ആനതള്ളിയിടുന്നതും ഉണങ്ങിനിൽക്കുന്നതും വീണുനശിക്കുന്നതുമായ ചന്ദനമരങ്ങളാണ് അധികൃതർ മറയൂർ ചന്ദന ഡിപ്പോയിലേക്ക് കയറ്റിവിടുന്നത്.

10 അംഗ പ്രത്യേക സംഘം

മണ്ണാർക്കാട് വനംഡിവിഷനിലെ ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ മണ്ണാർക്കാട്, അഗളി, അട്ടപ്പാടി എന്നീ മൂന്ന് വനംറേഞ്ചുകളേയും കൂട്ടിയിണക്കിയാണ് ചന്ദനമരങ്ങളുടെ സംരക്ഷണത്തിന് സംഘത്തെ രൂപവത്കരിച്ചിട്ടുള്ളത്.

മൂന്ന് റേഞ്ചുകളിലേയും റേഞ്ച് ഓഫീസർമാരായ എൻ.സുബൈർ, എൻ.സഫീർ, സുഭാഷ് എന്നിവരെ ഉൾപ്പെടുത്തിയുള്ള 10അംഗ പ്രത്യേക സംഘത്തെ ഡി.എഫ്.ഒ സി.അബ്ദുൾ ലത്തീഫിന്റെ നേതൃത്വത്തിൽ നിയമിച്ചത്. വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന സ്‌പെഷ്യൽ സ്‌ക്വാഡിനെ പരിഷ്‌കരിച്ചാണ് ടാസ്‌ക് ഫോഴ്സിന് രൂപം നൽകിയിട്ടുള്ളത്. ചന്ദനക്കടത്ത് കേസുകൾ കണ്ടെത്തുകയും ഇതുസംബന്ധിച്ച വിശദമായ അന്വേഷണവും തെളിയിക്കപ്പെടാതെ കിടക്കുന്ന ചന്ദനക്കേസുകളിലെ പുനരന്വേഷണവും സംഘം നടത്തും. ചന്ദനക്കടത്ത് സംബന്ധിച്ച വിവരങ്ങൾ അപ്പപ്പോൾ ലഭ്യമാക്കാനുള്ള സംവിധാനമാണ് ഇതിൽ ഏറ്റവും പ്രധാനമെന്നും ഡി.എഫ്.ഒ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SANDALWOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL