ജീവിതത്തിരക്കിൽ വിട്ടു പോയ വോളിബാൾ കോർട്ടിലേക്ക് മടങ്ങിയെത്തി വീട്ടമ്മമാർ.
വടക്കഞ്ചേരി: അവർ മടങ്ങിയെത്തി, അടുക്കളയിൽ നിന്ന് കളിക്കളത്തിലേക്ക്. പ്രായമോ ജീവിത പ്രാരാബ്ധങ്ങളോ തങ്ങളുടെ വോളിബാൾ കളിയാവേശത്തിന് ഒട്ടും മങ്ങലേൽപ്പിച്ചിട്ടില്ലെന്ന് തെളിയിച്ചു കഴിഞ്ഞു ഈ വീട്ടമ്മമാർ. കിഴക്കഞ്ചേരി മമ്പാട്ടിലേയും പരിസരപ്രദേശങ്ങളിലെയും വീട്ടമ്മമാരാണ് പിന്നെയും കിടിലൻ സ്മാഷുമായി കളത്തിൽ നിറഞ്ഞത്. ഒരുകാലത്ത് ദേശീയ-സംസ്ഥാന മത്സരങ്ങളിൽവരെ പങ്കെടുത്തവർ ഉൾപ്പെടെ 15 പേരാണ് വീണ്ടും പരിശീലനം നടത്തുന്നത്. ഭർത്താക്കന്മാരും മക്കളുമൊക്കെ പിന്തുണയുമായി ഒപ്പമുണ്ട്. മമ്പാട് സി.എ.യു.പി സ്‌കൂൾ അദ്ധ്യാപകൻ എം.എസ്.പ്രസാദാണ് പരിശീലകൻ.
ജീവിതത്തിരക്കിൽ വിട്ടുപോയ വോളിബാൾ കോർട്ടിലേക്ക് മടങ്ങിയെത്തിയ വീട്ടമ്മമാർ പന്തിനായി
ഉയർന്നുചാടുമ്പോൾ അവർക്കുള്ളിൽ പഴയ അതേ ആവേശം നിറയുന്നുണ്ടെന്ന് പ്രസാദ് പറയുന്നു. സി.എ.യു.പി സ്‌കൂൾ ഗ്രൗണ്ട്, വോളിക്ലബ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് കോർട്ടുകൾ. ശനി, ഞായർ ദിവസങ്ങളിൽ രാവിലെയും മറ്റുള്ള ദിവസങ്ങളിൽ വൈകിട്ടുമാണ് പരിശീലനം. 30 മുതൽ 40 വരെ പ്രായമുള്ളവരാണ് വീട്ടമ്മമാർ. മാസ്റ്റേഴ്സ്, കേരളോത്സവം പോലുള്ള മത്സരങ്ങൾക്കുള്ള ടീമിനെ വാർത്തെടുക്കലാണ് ലക്ഷ്യം. വോളിബാൾ കോർട്ടിലെ മുൻതാരങ്ങൾ തിരിച്ചുവരുമ്പോൾ നാട്ടുകാർക്കും കൗതുകം. വീട്ടമ്മമാരുടെ വോളിബാൾ പരിശീലനം കിഴക്കഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ വി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം അംബുജം പ്രകാശൻ അദ്ധ്യക്ഷയായി. വോളിബാൾ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം സി.സുദേവൻ, ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.ഇ.ബൈജു, സി.എ.യു.പി സ്‌കൂൾ മാനേജർ എം.സി.രാജഗോപാൽ, പ്രധാനാദ്ധ്യാപിക വി.കെ.ബിന്ദു, രമണി രാജൻ, ലക്ഷ്മി, ഇന്ദ്രജ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |