
വടക്കഞ്ചേരി: സപ്ലൈകോ നെല്ല് സംഭരിക്കാത്തതിനാൽ കർഷകർ നഷ്ടംസഹിച്ച് സ്വകാര്യമില്ലുകാർക്ക് നെല്ല് വിൽക്കുന്നു. സപ്ലൈകോയ്ക്ക് നെല്ല് നൽകുമ്പോൾ ലഭിക്കുന്നതിനെക്കാൾ അഞ്ച് രൂപയിലേറെ കുറഞ്ഞ വിലയ്ക്കാണ് സ്വകാര്യ മില്ലുകാർ നെല്ല് വാങ്ങുന്നത്. ഇത്തരത്തിൽ നെല്ല് വിൽക്കുമ്പോൾ പതിനായിരക്കണക്കിനു രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടാകുന്നത്. കണ്ണമ്പ്ര കാരപ്പൊറ്റ പാടശേഖരത്തിൽ കൊയ്ത്തു കഴിഞ്ഞ് ഒരുമാസമായിട്ടും സപ്ലൈകോ നെല്ലുസംഭരിക്കാത്തതിനാലാണ് കർഷകർ സ്വകാര്യ മില്ലുകാർക്ക് നെല്ല് വിൽക്കുന്നത്. കാരപ്പൊറ്റ പാടശേഖരത്തിൽ 109 നെൽ കർഷകരാണുള്ളത്. ഇതിൽ 10 പേർ നെല്ല് സ്വകാര്യ മില്ലുകാർക്ക് വിറ്റു. കിലോഗ്രാമിന് 28.20 രൂപയാണ് സർക്കാരിന്റെ താങ്ങുവില. സ്വകാര്യ മില്ലുകാർക്ക് വിൽക്കുമ്പോൾ കർഷകർക്ക് പരമാവധി ലഭിക്കുന്നത് 23 രൂപയാണ്. നെല്ല് സൂക്ഷിച്ചുവെക്കുന്നതിൽ പ്രായോഗിക പ്രയാസമുള്ളതിനാൽ മറ്റുകർഷകർക്കും അധികനാൾ കാത്തിരിക്കാനാവാത്ത സ്ഥിതിയാണ്. കനാൽവെള്ളം കിട്ടാത്തതിനാൽ നേരത്തേ കൃഷിതുടങ്ങുന്ന പ്രദേശമാണ് കാരപ്പൊറ്റ പാടശേഖരം.
ജനുവരി ആദ്യ ആഴ്ചയോടെ കാരപ്പൊറ്റയിൽ ഭൂരിഭാഗം കർഷകരുടെയും കൊയ്ത്ത് കഴിഞ്ഞിരുന്നു. കൃഷിഭവൻ പരിശോധിച്ച് 50 ശതമാനം കൊയ്ത്തു കഴിഞ്ഞതായി സ്ഥിരീകരിക്കുമ്പോഴാണ് സപ്ലൈകോ നെല്ലുസംഭരണത്തിനുള്ള നടപടികൾ തുടങ്ങുക. ജനുവരി ആദ്യ ആഴ്ചയിൽ ഭൂരിഭാഗം കൊയ്ത്ത് കഴിഞ്ഞെങ്കിലും 50 ശതമാനം കൊയ്ത്ത് കഴിഞ്ഞെന്ന് കണ്ണമ്പ്ര കൃഷിഭവനിൽനിന്ന് സ്ഥിരീകരിച്ചത് ജനുവരി 23നാണ്. ഇതിനു ശേഷവും സംഭരണം നടക്കാതായതോടെ കർഷകർ പ്രതിഷേധവുമായി കണ്ണമ്പ്ര കൃഷിഭവനിലെത്തി. ഇതേത്തുടർന്ന് കൊയ്ത്ത് കഴിഞ്ഞതായി കാണിച്ച് ജനുവരി 27ന് കൃഷിഭവനിൽനിന്ന് സപ്ലൈകോയ്ക്ക് വീണ്ടും കത്തുനൽകി. എന്നിട്ട് ഇതുവരെയും നെല്ല് സംഭരിക്കാൻ നടപടിയായിട്ടില്ല. കാരപ്പൊറ്റയിൽ നിന്ന് നെല്ല്സംഭരിക്കുന്നതിനായി മില്ല് അലോട്ട് ചെയ്തിട്ടുണ്ടെന്നും അടുത്തദിവസം തന്നെ ഫീൽഡ് ഓഫീസറെ ഇവിടേക്ക് അയയ്ക്കുമെന്നും സപ്ലൈകോ അധികൃതർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |